റോഡിൽ നല്ല നടപ്പാണെങ്കിൽ മാത്രം ലൈസൻസ്! പുത്തൻ പ്രൊബേഷണറി സിസ്റ്റം അവതരിപ്പിക്കാൻ MVD
ലേണേർസ് ടെസ്റ്റ് പാസാവുക, ക്ലാസ് അറ്റൻഡ് ചെയ്യുക, എട്ടും എച്ചും എടുക്കുക പിന്നെ റോഡ് ടെസ്റ്റ് കൂടെ കടന്നു കിട്ടിയാൽ ലൈസൻസ്, ഇതായിരുന്നല്ലോ നമ്മുടെ നാട്ടിലെ ഒരു രീതി. എന്നാൽ ടെറ്റ് പാസായാൽ ഉടൻ ലൈസൻസ് പാസാക്കി നൽകുന്ന പരമ്പരാഗത സമ്പ്രദായത്തിന് അവസാനം കുറിക്കാൻ മോട്ടോര്‍വാഹന വകുപ്പ് പദ്ധതിയിടുന്നു. ആധുനികവും പരിഷ്കൃതവുമായ ഉന്നം മറന്ന് നടക്കുന്നതുമായി ഇന്നത്തെ പുതു തലമുറയ്ക്ക് അപ്പ്ഡേറ്റഡായ നിയമങ്ങളും അനിവാര്യമാണ് എന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു.
ഈ പുത്തൻ ആശയപ്രകാരം കുറഞ്ഞത് ആറു മാസം അല്ലെങ്കിൽ ഒരു വര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണ അടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് MVD -യും മറ്റ് ഉന്നത അധികാരികളും ആലോചിക്കുന്നത്. ഈ പദ്ധതി പ്രകാരം ടെസ്റ്റ് പാസാവുന്ന എല്ലാവർക്കും ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക.

ഈ പ്രൊബേഷൻ കാലയളവില്‍ അപകടരഹിത ഡ്രൈവിംഗ് ഉറപ്പാക്കിയാൽ മാത്രമേ ഒറിജിനൽ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കൂ. നിലവിൽ ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുക എന്ന ലക്ഷ്യത്തോടെയാണു ഈ പുത്തൻ പരിഷ്‌കാരം.
ലൈസന്‍സ് കിട്ടിയാലുടന്‍ പിള്ളേർ വാഹനവുമായി തെക്കും വടക്കും അന്തവും കുന്തവും ഇല്ലാതെ പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. നാടിനെ കണ്ണീരിലാഴ്ത്തിയ, ആലപ്പുഴയില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കാറോടിച്ചത് അഞ്ചുമാസം മുന്‍പ് ലൈസന്‍സ് കിട്ടിയ വിദ്യാര്‍ഥിയായിരുന്നു എന്നത് ശ്രദ്ധിക്കണം.

അമിത വേഗത്തിലായിരുന്നില്ല എങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിൽ ഒന്നായി കണ്ടെത്തിയിരുന്നു. വീട്ടിൽ അച്ഛന്റെയോ മാമന്റെയോ 100 സിസി ബൈക്കിൽ പയ്യെ പയ്യെ ക്ലച്ച് വിട്ട് ആദ്യപാഠം പടിച്ച്, അതിനു ശേഷം മുറ്റത്തും പറമ്പിലും ബാക്കി പഠിത്തം പൂർത്തിയാക്കി, നാട്ടുവഴികളിൽ അത്യാവശ്യം പരിചയവുമായി ലൈസൻസ് എടുത്ത ശേഷം 200 സിസിയ്ക്കു മുകളിലുള്ള കൈ കൊടുത്താൽ നീങ്ങുന്നതിനു പകരം പായുന്ന വാഹനങ്ങളിലേക്കാണ് ഇന്ന് നമുടെ യുവ തലമുറ ഡയറക്ടായി എത്തുന്നത്.
പ്രായത്തിന്റെ ഒരു ത്രില്ലും തിളപ്പും അതിനൊപ്പം പറപറക്കുന്ന മോഡേൺ ബൈക്കുകളും കാറുകളും അപകടങ്ങൾ വിളിച്ചു വരുത്തുന്ന ഒരു അസാധ്യ കോമ്പിനേഷൻ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പിന്നെ ഇന്ന് ഇൻസ്റ്റയിലും യുട്യൂബിലും വൈറലാവാൻ നടത്തുന്ന ഡ്രൈവിംഗ് അഭ്യാസങ്ങളും ചില്ലറ പൊല്ലാപ്പല്ല നമുക്ക് വരുത്തുന്നത്. നാട്ടിൽ പലയിടത്തും നടുറോഡിൽ റീൽസ് ഷൂട്ടിംഗ് ഒരു ശല്യമായി മാറിയിരിക്കുകയാണ് എന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

അപകടരഹിതമായ ഡ്രൈവിംഗും യാത്രയും ഉറപ്പാക്കി പുതിയതും മെച്ചപ്പെട്ടതുമായ ഡ്രൈവിംഗ് സംസ്‌കാരം രൂപപ്പെടുത്തുകയാണ് ഈ പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യം എന്നും ഇതിനുള്ള ചര്‍ച്ചകൾ വകുപ്പ് തലത്തിൽ പുരോഗമിക്കുകയാണ് എന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. ലേണേർസ്, ലൈസന്‍സ് ടെസ്റ്റുകളിലും കാതലായ മാറ്റവും പരിഷ്കരണവും വകുപ്പ് ലക്ഷ്യമിടുന്നു. ലേണേർസ് പരീക്ഷ വിപുലമായി പരിഷ്‌കരിക്കും.
ഡ്രൈവിംഗിലെ പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണവും കൂട്ടും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതോടൊപ്പം നെഗറ്റീവ് മാര്‍ക്കിംഗ് സിസ്റ്റവും വരും. ഇത് അടുത്ത മൂന്നു മാസത്തിനകം നടപ്പാക്കും. ട്രാക്ക്, റോഡ് ഡ്രൈവിംഗ് പരീക്ഷാ സംവിധാനം അക്രെഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നതോടെ മെച്ചപ്പെടും എന്നാണ് അധികൃതരുടെ പ്രതീക്ഷ. 'H', '8' എന്നിവ ഒഴിവാക്കി സംസ്ഥാനത്തെ യഥാര്‍ഥ റോഡ് സാഹചര്യങ്ങള്‍ നേരിടുന്ന രീതിയിലാകും ട്രാക്ക് ടെസ്റ്റ് നടത്തുക എന്ന് കമ്മിഷണര്‍ പറഞ്ഞു.


Click it and Unblock the Notifications








