സാധാരണക്കാര്‍ക്കായി കിയയുടെ 500 കി.മീ റേഞ്ചുള്ള ഇവി വരുന്നു! 7 പേര്‍ക്ക് ഇതില്‍ പാട്ടുംപാടി പോകാം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിഭാഗം അതിവേഗം വളരുകയാണ്. നിലവില്‍ ടാറ്റ മോട്ടോര്‍സാണ് ഈ വിഭാഗത്തില്‍ ആധിപത്യം തുടരുന്നത്. ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് കാര്‍ സെഗ്‌മെന്റില്‍ ടാറ്റ മോട്ടോര്‍സിന്റെ വിപണി വിഹിതം ഏകദേശം 65 ശതമാനമാണ്. ഇപ്പോള്‍ രാജ്യത്തെ ഇവി സ്‌പെയ്‌സിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിടുകയാണ് കിയ ഇന്ത്യ. കഴിഞ്ഞ ആഴ്ച നാലാം തലമുറ കിയ കാര്‍ണിവലിനൊപ്പം EV9 ഇലക്ട്രിക് എസ്യുവി കിയ പുറത്തിറക്കിയിരുന്നു. സിബിഐ റൂട്ടിലൂടെ രാജ്യത്ത് വില്‍ക്കപ്പെടുന്ന ഈ കാറിന് 1 കോടിക്ക് മുകളിലാണ് വില.
കിയയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ശേഷിക്കുന്ന മറ്റൊരു മോഡല്‍ EV6 ആണ്. ഈ കാറിനും ലക്ഷങ്ങള്‍ വില വരുന്നു. അതുകൊണ്ട് സാധാരണക്കാര്‍ ആ വഴിക്ക് തിരിഞ്ഞ് നോക്കേണ്ട. 2030-ഓടെ ഇന്ത്യയില്‍ 4 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പന കൈവരിക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. അതിനായി ഇവി വില്‍പ്പനയും ഉയര്‍ത്തണം. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം കിയ ഒരു മാസ് മാര്‍ക്കറ്റ് ഇവി കൊണ്ടുവരാന്‍ പോകുകയാണ്. അത് ഏത് കാറാണെന്നും അതിന്റെ വിശേഷങ്ങളും വായിക്കാം.

കിയ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ജനപ്രിയ മോഡലുകളില്‍ ഒന്നാണ് കാരെന്‍സ്. ഇത് ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് (എംപിവി). അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, അതായത് 2025-ല്‍ കിയ കാരെന്‍സിനെ ഇലക്ട്രിക് അവതാരത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കൊറിയന്‍ കമ്പനി തയാറെടുക്കുകയാണ്. മാസ് മാര്‍ക്കറ്റ് ഇവി അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
EV9, EV6 എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന ബോണ്‍ ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് ആര്‍കിടെക്ചറില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ ഐസിഇ സഹോദങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും കാരെന്‍സ് ഇവി നിര്‍മിക്കുക. ബോഡി ഷെല്ലുകള്‍, പാനലുകള്‍, ഇന്റീരിയര്‍ ബിറ്റുകള്‍ എന്നിവയും കടംകൊള്ളും. പുതുമയുള്ളൊരു ഇലക്ട്രിക് വാഹനമായിരിക്കും കിയ കാരെന്‍സ് ഇവി. ഐസി എഞ്ചിന്‍ പതിപ്പില്‍ നിന്ന് വേര്‍തിരിച്ചറിയാനും സ്വന്തമായി ഐഡന്റിറ്റി രൂപപ്പെടുത്താനുമായി ഡിസൈനില്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

വൈദ്യുതീകരിച്ച പവര്‍ട്രെയിനിന് പുറമേ, സാധാരണ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും അധിക പ്രീമിയം സവിശേഷതകളും കാരെന്‍സ് ഇവിയില്‍ ഉള്‍പ്പെടുത്താം. വരാനിരിക്കുന്ന കിയ കാരെന്‍സ് ഇവിയുടെ സാങ്കേതിക സവിശേഷതകള്‍ ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും ഇവി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് നിരവധി മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷന്‍ എന്നിവയെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി മികച്ച ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും കിയ കാരെന്‍സ് ഇവി വരിക.

സുരക്ഷയ്ക്കായി, ഇവിയില്‍ 6-എയര്‍ബാഗുകള്‍, ലെവല്‍-2 ADAS പോലുള്ള സവിശേഷതകള്‍ നല്‍കും. പെട്രോള്‍ കാരെന്‍സിന്റെ വില 10.52 ലക്ഷം മുതല്‍ 19.67 ലക്ഷം രൂപ വരെയാണ്. അതേസമയം കാരെന്‍സ് ഇവിക്ക് 22 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കിയ കാറുകള്‍ മികച്ച സ്വീകാര്യത നേടിയത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ കിയ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 2024 സെപ്റ്റംബറില്‍ കിയ ഇന്ത്യന്‍ വിപണിയില്‍ 23,523 കാറുകള്‍ വിറ്റഴിച്ചു. 2023 സെപ്റ്റംബറില്‍ വില്‍പ്പന 20,022 യൂണിറ്റ് മാത്രമായിരുന്നു. 17 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കിയ കമ്പനിയുടെ ഈ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച മൂന്ന് കാറുകളില്‍ ഒന്ന് കൂടിയാണ് കാരെന്‍സ്. മറ്റ് രണ്ടെണ്ണം സോനെറ്റും സെല്‍റ്റോസുമാണ്. 2024 സെപ്റ്റംബര്‍ മാസത്തില്‍ കിയ 6,217 കാരെന്‍സ് എംപിവികള്‍ വിറ്റു. കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ കാറാണിത്. കിയ കാരെന്‍സ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 6-സീറ്റര്‍, 7-സീറ്റര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ഇലക്ട്രിക് പതിപ്പ് കൂടി വരുന്നതോടെ കാരെന്‍സിന്റെ വിപണി വിഹിതവും ഉയരും.


Click it and Unblock the Notifications








