പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
സെഗ്‌മെൻ്റിലെ ജനപ്രിയ എംപിവികളിൽ ഒന്നാണ് കിയ കാരെൻസ്. ബജറ്റ് വിലയിൽ വലിയ സ്പെയ്സും സെവൻ സീറ്റർ കപ്പാസിറ്റിയും മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഒരു ടോട്ടൽ പായ്ക്കേജ് തന്നെയാണ് കാരെൻസ് എന്ന് പറയാം. ഈ എംപിവി അടുത്തിടെ ഗ്ലോബൽ NCAP പുതിയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ കിയ പരീക്ഷിച്ചു. വാഹനത്തിന് ത്രീ-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചു.
ഇതാദ്യമായല്ല കിയ കാരെൻസ് ഗ്ലോബൽ NCAP പരീക്ഷിക്കുന്നത്. സ്റ്റാർ റേറ്റിംഗിൽ ഈ ഫലം മുമ്പത്തേതിന് സമാനമായി തോന്നുമെങ്കിലും, സ്‌കോറിൻ്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് കാണാനാണ് പുതിയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ എംപിവി പരീക്ഷിക്കാൻ കിയ തയ്യാറായത്. 2022 -ലാണ് പുതിയ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയത്.

എന്നാൽ ആദ്യം നടത്തിയ ക്രാഷ് ടെസ്റ്റിൽ, ഡ്രൈവറുടെ കഴുത്തിന് എംപിവി നൽകുന്ന സംരക്ഷണം മോശമാണെന്ന് ശ്രദ്ധിക്കപ്പെട്ടു. ഡ്രൈവറുടെ നെഞ്ചിനും കാൽമുട്ടിനുമുള്ള സംരക്ഷണവും നാമമാത്രമായിരുന്നു. ഇത് 2023 മെയ് 2 -നും 2023 ഡിസംബർ 11 -നും ഇടയിൽ നിർമ്മിച്ച കിയ കാരെൻസിന് അഡൾട്ട് ഒക്യുപ്പൻസി പ്രൊട്ടക്ഷന് (AOP) സീറോ സ്റ്റാർ റേറ്റിംഗ് ലഭിക്കുന്നതിൽ കലാശിച്ചു.
ഇത് കഴുത്തിനുള്ള പ്രൊട്ടക്ഷൻ മെച്ചപ്പെടുത്തുന്നതിനും റെസിസ്റ്റൻസ് സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനും കിയയിൽ നിന്ന് ഉടനടി ഒരു പ്രതികരണത്തിന് കാരണമായി എന്ന് ഗ്ലോബൽ NCAP പുറത്തുവിട്ട ഒരു കുറിപ്പിൽ വ്യക്തമാക്കുന്നു. 2023 ഡിസംബർ 11 -ന് ശേഷം നിർമ്മിച്ച കിയ കാരെൻസ് എംപിവികൾ മുതിർന്ന യാത്രക്കാരുടെ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്തിയതായി ക്രാഷ് ടെസ്റ്റ് ഏജൻസി പരാമർശിച്ചു.

ഇത് കാറിൻ്റെ മൊത്തത്തിലുള്ള സ്‌കോർ മെച്ചപ്പെടുത്തുകയും സീറോയിൽ നിന്ന് ത്രീ സ്റ്റാറിലേക്ക് റേറ്റിംഗ് ഉയർത്തുകയും ചെയ്തു. ആകെ മൊത്തം 34 പോയിന്റുകളിൽ നിന്ന് എംപിവി 22.07 സ്കോർ ചെയ്തു. കിയ കാരെൻസിൽ നിന്ന് മികച്ച പ്രകടനമാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ക്രാഷ് ടെസ്റ്റ് ഏജൻസി അറിയിച്ചു. എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി എംപിവി വാഗ്ദാനം ചെയ്യുന്നത് ഒരു പ്ലസ് പോയിന്റാണ്.
രണ്ട് ടെസ്റ്റുകളിലും, കിയ കാരെൻസിൻ്റെ ബോഡി ഷെല്ലിൻ്റെ ഇന്റഗ്രറ്റി അൺ സ്റ്റേബിളായി കണക്കാക്കുകയും കൂടുതൽ ലോഡിംഗുകൾ നേരിടാൻ കഴിവുള്ളതല്ല എന്ന് വിലയിരുത്തുകയും ചെയ്തു. ഗ്ലോബൽ NCAP -ൻ്റെ ത്രീ സ്റ്റാർ റേറ്റിംഗ് കാരണം കിയ കാരെൻസിൽ സൈഡ് പോൾ ടെസ്റ്റ് ഇതുവരെ നടത്തിയില്ല. ഒന്നും രണ്ടും വരികൾക്കുള്ള സീറ്റ് ബെൽറ്റ് റിമൈൻഡറുകളും വാഹനത്തിന്റെ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്.
അഡൾട്ട് ഒക്യുപൻസി പ്രൊട്ടക്ഷൻ റേറ്റിംഗുകൾ പോലെ, രണ്ട് റൗണ്ടുകളും പരിഗണിക്കുമ്പോൾ കുട്ടികളുടെ സുരക്ഷയും ഇപ്പോൾ മെച്ചപ്പെട്ടു. ആദ്യ റൗണ്ടിൽ, എംപിവിക്ക് 49 -ൽ 40.92 സ്‌കോറോടെ ഫോർ സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിരുന്നത്. എന്നാൽ, മെച്ചപ്പെട്ട നിയന്ത്രണ സംവിധാനത്തോടെ രണ്ടാം റൗണ്ടിലെ പ്രകടനം കൂടുതൽ മികച്ചതായി കാണപ്പെട്ടു. ഫൈവ് സ്റ്റാർ ചൈൽഡ് ഒക്യുപൻസി പ്രൊട്ടക്ഷൻ റേറ്റിംഗ് നേടി, കാരെൻസ് മൊത്തം 49 -ൽ 41 പോയിന്റ് സ്കോർ ചെയ്തു എന്നത് ശ്രദ്ധേയമാണ്.
സെൽറ്റോസിൻ്റെ അതേ പ്ലാറ്റ്‌ഫോമിലാണ് കിയ കാരെൻസ് നിർമ്മിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വിശാലമായ ക്യാബിനും ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും വാഗ്ദാനം ചെയ്യുന്ന ഒരു ത്രീ റോ എംപിവിയാണിത്. ആറ് എയർബാഗുകൾ, ESC, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, എല്ലാ സീറ്റുകൾക്കും ത്രീ പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ആങ്കറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ കിയ ഇതിൽ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ, 2023 മെയ് മുതൽ 2023 ഡിസംബറിനുള്ളിൽ നിർമ്മിച്ച കാരെൻസിനെ കുറിച്ച് കിയയിൽ നിന്ന് സേഫ്റ്റിയുടെ റേറ്റിംഗിൽ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും ഉണ്ടായിട്ടില്ല. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളിലും കിയ കാരെൻസ് എംപിവി ലഭ്യമാണ്. 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ iMT, DCT ഗിയർബോക്‌സ് ഓപ്ഷനുകളോട് കൂടിയാണ് വരുന്നത്.
1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാനുവൽ, iMT, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിൽ ലഭ്യമാണ്. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനൊപ്പം മാത്രമേ ലഭ്യമാകൂ. കിയ കാരെൻസിൻ്റെ എക്‌സ് ഷോറൂം വില 11.52 ലക്ഷം രൂപയിൽ തുടങ്ങി 19.67 ലക്ഷം രൂപ വരെ ഉയരുന്നു. മഹീന്ദ്ര ബൊലേറോ നിയോ, ഹോണ്ട അമേസ് എന്നിവയും അടുത്തിടെ ഗ്ലോബൽ NCAP പരീക്ഷിച്ചിരുന്നു. അവയുടെ റിസൾട്ടുകളും പുറത്തു വന്നിട്ടുണ്ട്.


Click it and Unblock the Notifications








