ആയിരം കോഴിയ്ക്ക് അര കാട എന്ന പോലെ 8 ബ്രാൻഡുകളുടെ മൊത്ത വിൽപ്പന ഒറ്റയ്ക്ക് പിന്നിലാക്കി ഈ കൊറിയൻ സുന്ദരി
ഇന്ത്യൻ കാർ വിപണിയിലുടനീളമുള്ള വിൽപ്പന എന്നത് വളരെ അസമമായി വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. രാജ്യത്തെ ടോപ്പ് ഫൈവ് വാഹന നിർമാതാക്കൾ ഇന്ത്യൻ വാഹന വിപണിയുടെ 87.98 ശതമാനവും നിയന്ത്രിക്കുന്നു എന്നതാണ് വാസ്തവം. അതേസമയം, രാജ്യത്തെ 14 കാർ നിർമാതാക്കളിൽ പിന്നിലുള്ള എട്ട് എണ്ണത്തിൻ്റെയും വിപണി വിഹിതം എന്നത് 1.5 ശതമാനത്തിൽ താഴെയാണ് എന്ന് ശ്രദ്ധിക്കേണ്ടതാണ്. കിയ കാരെൻസ് പ്രീമിയം എംപിവി എന്ന ഒരൊറ്റ കൊറിയൻ കാർ മോഡലിന് ഈ എട്ട് വാഹന നിർമ്മാതാക്കളേക്കാളും ഉയർന്ന പ്രതിമാസ വിൽപ്പനയുണ്ട് എന്നതാണ് അതിലും രസകരമായ കാര്യം.
മുകളിൽ സൂചിപ്പിച്ചതുപോലെ, രാജ്യത്തെ എട്ട് വാഹന നിർമ്മാതാക്കളുടെ മുഴുവൻ വിൽപനയെ കിയ കാരെൻസ് ഒറ്റയ്ക്ക് മറികടന്നിരിക്കുകയാണ്. ഈ വർഷം മെയ് മാസത്തിൽ വാഹനത്തിൻ്റെ വിൽപ്പന 5,316 യൂണിറ്റായിരുന്നു. എന്നാൽ, ഈ ശ്രദ്ധേയമായ വിൽപ്പന ഉണ്ടായിരുന്നിട്ടും, പ്രതിമാസ വിൽപ്പനയിൽ 0.2 ശതമാനമാനം ഇടിവും, വാർഷിക വിൽപ്പനയിൽ 16.5 ശതമാനം ഇടിവും വാഹനം രേഖപ്പെടുത്തി.

2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള കഴിഞ്ഞ അഞ്ച് മാസത്തെ വിൽപ്പന കണക്കുകൾ പ്രകാരം, കിയ കാരെൻസിന്റെ വിൽപ്പന എന്നത് യഥാക്രമം 2,563 യൂണിറ്റ്, 5,848 യൂണിറ്റ്, 4,832 യൂണിറ്റ്, 4,737 യൂണിറ്റ്, 5,328 യൂണിറ്റ് എന്നിങ്ങനെയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്നുള്ള ഈ എംപിവിയുടെ ശരാശരി വിൽപ്പന ഏറെകുറെ 4,770 യൂണിറ്റാണ്.
കിയ കാരെൻസ് vs മറ്റ് ബ്രാൻഡുക്കൾ: സാധാരണയായി, വിൽപ്പനയുടെ കാര്യത്തിൽ ഒരേ സെഗ്മെന്റിൽ വരുന്ന രണ്ട് കാറുകളുടെയോ അല്ലെങ്കിൽ അടുത്തടുത്ത സെഗ്മെന്റുകളിലെ കാറുകളുടേയോ വിൽപ്പനയാണ് ഞങ്ങൾ സാധാരണയായി താരതമ്യം ചെയ്യാറുള്ളത്. എന്നിരുന്നാലും, ഈ സ്പെഷ്യൽ കംപാരിസണിൽ, കിയ കാരെൻസ് എംപിവിയുടെ വിൽപ്പനയെ ഇന്ത്യയിൽ 2.0 ശതമാനത്തിൽ താഴെ വിപണി വിഹിതമുള്ള രാജ്യത്തെ എട്ട് വാഹന നിർമ്മാതാക്കളുടെ മൊത്തം വിൽപ്പനയുമായി ഞങ്ങൾ താരതമ്യം ചെയ്യുകയാണ്, കണക്കുകൾ അറിയണം എങ്കിൽ തുർന്ന് വായിക്കാം.
ജീപ്പ്: നമ്മുടെ ഈ പ്രത്യേക പട്ടികയിലെ ആദ്യത്തെ കാർ ബ്രാൻഡ് എന്നത് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പന കുത്തനെ ഇടിഞ്ഞു എന്നത് നമുക്ക് ഏവർക്കും അറിയാം. ഇക്കഴിഞ്ഞ മെയ് മാസത്തിൽ രാജ്യത്തുടനീളം 344 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത്.
ആശ്ചര്യപ്പെടേണ്ട വെറു 344 തന്നെ. ഈ 344 യൂണിറ്റുകളിൽ കോമ്പസ്, മെറിഡിയൻ, റാംഗ്ലർ എന്നിവയുൾപ്പെടെ ബ്രാൻഡിൻ്റെ ഇന്ത്യൻ പോർട്ടഫോളിയോയിലെ എല്ലാ മോഡലുകളും ഉൾപ്പെടുന്നു. മുകളിൽ പറഞ്ഞതുപോലെ, കാരെൻസ് എംപിവിയുടെ വിൽപ്പന 5,316 യൂണിറ്റായിരുന്നു. ഇതിനർത്ഥം ജീപ്പിൻ്റെ മൊത്തം വിൽപ്പനയുടെ 15 മടങ്ങ് കൂടുതലാണ് കൊറിയൻ എംപിവിയുടെ വിൽപ്പന എന്നാണ്.

സിട്രൺ: ജീപ്പിൻ്റെ ഉടമസ്ഥാവകാശമുള്ള അതേ സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പിൻ്റെ കീഴിൽ വരുന്ന മറ്റൊരു ബ്രാൻഡാണ് സിട്രൺ, ഈ ലിസ്റ്റിലെ രണ്ടാമത്തെ ഇര ഈ ഫ്രഞ്ച് വാഹന നിർമ്മാതാക്കളാണ്. 2024 മെയ് മാസത്തിൽ സിട്രൺ ബ്രാൻഡിൻ്റെ മൊത്തം വിൽപ്പന എന്നത് 515 യൂണിറ്റായിരുന്നു, ഇത് കിയ കാരൻസിൻ്റെ 5,316 യൂണിറ്റുകളേക്കാൾ വളരെ കുറവാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്.
C3, C3 എയർക്രോസ്, e-C3 തുടങ്ങിയ മോഡലുകൾക്കായുള്ള ബ്രാൻഡിൻ്റെ സംയോജിത വിൽപ്പന കണക്കുകളാണ് ഈ 550 യൂണിറ്റുകൾ എന്നത് അല്പം പരിതാപകരമാണ്. ഇന്ത്യയിൽ ഈ ഫ്രഞ്ച് വാഹന നിർമാതാക്കളെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതലായിരുന്നു കിയ കാരെൻസിന്റെ വിൽപ്പന എന്ന കാര്യം വളരെ വ്യക്തമാണ്.
നിസാൻ: നിലവിൽ, ജാപ്പനീസ് ഓട്ടോമോട്ടീവ് ഭീമനായ നിസാൻ ഇന്ത്യയിൽ ഒരു മോഡൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്, ബജറ്റ് സബ് കോംപാക്റ്റ് എസ്‌യുവി മോഡലാണ് മാഗ്നൈറ്റാണിത്. 2024 മെയ് മാസത്തിൽ ഈ മോഡലിന് 2,211 യൂണിറ്റുകളുടെ വിൽപ്പന കൈവരിക്കാൻ കഴിഞ്ഞു. നിസാൻ, ഇന്ത്യയിൽ അതിൻ്റെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്, അതിനായി കുറച്ച് പുതിയ മോഡലുകൾ ഉടൻ രാജ്യത്ത് കമ്പനി അവതരിപ്പിക്കും.
സ്കോഡ: കിയ കാരൻസ് തോൽപ്പിച്ച വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ അടുത്തത് ചെക്ക് കാർ നിർമ്മാതാക്കളായ സ്കോഡയാണ്. ഈ വർഷം മെയ് മാസത്തിൽ, കൊഡിയാക്, കുഷാഖ്, സ്ലാവിയ, സൂപ്പർബ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടെ ബ്രാൻഡിൻ്റെ മൊത്തം വിൽപ്പന 2,884 യൂണിറ്റുകളാണ്. കിയ കാരെൻസിനേക്കാൾ 1.8 മടങ്ങ് കുറവാണിത്.

ഫോക്‌സ്‌വാഗൺ: സ്‌കോഡയുടെ കസിൻ, ജനപ്രിയ ജർമ്മൻ ബ്രാൻഡുമായ ഫോക്‌സ്‌വാഗണിന്, അതിൻ്റെ ടൈഗൂൺ, ടിഗുവാൻ, വിർട്ടസ് മോഡലുകൾക്കൊപ്പം, 2024 മെയ് മാസത്തിൽ ഏകദേശം 3,273 യൂണിറ്റുകൾ അല്പം കൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കാൻ കഴിഞ്ഞു. എന്നിരുന്നാലും കാരെൻസുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആയിരക്കണക്കിന് യൂണിറ്റുകൾക്ക് പിന്നിലാണ്.
റെനോ: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ കൈഗർ, ക്വിഡ്, ട്രൈബർ എന്നിവയുടെ മൊത്തം വിൽപ്പന 2024 മെയ് മാസത്തിൽ ഏകദേശം 3,709 യൂണിറ്റായിരുന്നു. ഇപ്പോൾ, മുകളിൽ സൂചിപ്പിച്ച മറ്റ് വാഹന നിർമ്മാതാക്കളേക്കാൾ ഇത് ഒരല്പ്പം മികച്ചതായിരിക്കാം, പക്ഷേ വിൽപ്പനയിൽ കാരെൻസിനു മുന്നിൽ ഇത് ഇപ്പോഴും പിന്നിൽ തന്നെയാണ്.
എംജി: ബ്രിട്ടീഷ് മോട്ടോറിംഗ് ബ്രാൻഡായ എംജിയുടെ മൊത്തം വിൽപ്പനയും അത്ര ശ്രദ്ധേയമല്ല എന്നതാണ് വാസ്തവം. ആസ്റ്റർ, കോമറ്റ്, ഗ്ലോസ്റ്റർ, ഹെക്ടർ, ZS ഇവി എന്നിവയുൾപ്പെടെയുള്ളവയുടെ മൊത്തം വിൽപ്പന 2024 മെയ് മാസത്തിൽ ഏകദേശം 4,769 യൂണിറ്റിൽ ഒതുങ്ങി. മിക്കവാറും, ഇന്ത്യൻ കാർ ഉപഭോക്താക്കളുമായി വലിയ തോതിൽ കമ്പനിയ്ക്ക് ഇടപഴകാനാവാത്തതാവും ഇതിന് കാരണം എന്ന് കരുതപ്പെടുന്നു.
ഹോണ്ട: ലിസ്റ്റിൽ ഏറ്റവും അവസാനമായി, ജാപ്പനീസ് ഓട്ടോമോട്ടീവ് ഭീമനായ ഹോണ്ടയാണ്. വിൽപ്പയിൽ കിയ കാരൻസിന് ഏറ്റവും അടുത്തുള്ളത് ഹോണ്ടയാണ്. എന്നിരുന്നാലും, ബ്രാൻഡിന് 4,822 യൂണിറ്റ് വിൽപ്പന ഉണ്ടായിരുന്നിട്ടും, അതിന് കൊറിയൻ എംപിവിയെ പിന്നിലാക്കാൻ കഴിഞ്ഞില്ല. നിലവിൽ നാല് മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നത്. സിറ്റി, സിറ്റി ഹൈബ്രിഡ്, അമേസ്, പുതിയ കോംപാക്ട് എസ്‌യുവി എലവേറ്റ് എന്നിവ ഈ മോഡൽ നിരയിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








