ഇനി പഞ്ചും എക്‌സ്റ്ററും വാങ്ങണോയൊന്ന് രണ്ടുവട്ടം ചിന്തിക്കണം! കിയയുടെ കുറഞ്ഞ വിലയുള്ള എസ്‌യുവി വരുന്നു
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കളുടെ പരിഗണനകള്‍ ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് ചെറുകാറുകള്‍ക്കും സെഡാനുകള്‍ക്കും സ്വാധീനമുണ്ടായിരുന്ന ഇന്ത്യന്‍ വിപണി ഇപ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് പിറകെയാണ്. അതില്‍ തന്നെ കോംപാക്ട് എസ്‌യുവികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ അവസരം മുതലെടുക്കാനായ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയ ഒരു പുത്തന്‍ എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പോകുന്നുണ്ട്.
കിയ ക്ലാവിസ് എന്ന പേര് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് വരാന്‍ പോകുന്ന എസ്‌യുവിക്ക് ഈ പേര് ലഭിച്ചേക്കും. ഇതിനോടകം തന്നെ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച കാറുകളിലൊന്നാണ് കിയ ക്ലാവിസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിയ ഈ കാര്‍ ദക്ഷിണ കൊറിയയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടിരുന്നു. ഇപ്പോള്‍ കാര്‍ ഇന്ത്യന്‍ നിരത്തുകളിലും പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങളും ഇന്റര്‍നെറ്റിലെത്തിയരിക്കുകയാണ്.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വരുന്ന വാഹനമാണ് ക്ലാവിസ് എന്നതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇത് ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ മോഡലുകളുമായിട്ടാകും ഏറ്റുമുട്ടുകയെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികള്‍ കൂടിയാണ് ഇത്. പഞ്ച് ആണെങ്കില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാമതാണ്. മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ വരവാണ് വില്‍പ്പനയില്‍ ഊര്‍ജമായത്.
പഞ്ചിന്റെയും എക്സ്റ്ററിന്റെയും എതിരാളി ആയതിനാല്‍ തന്നെ കിയ ക്ലാവിസും താങ്ങാവുന്ന വിലയിലാകും വരികയെന്നായിരുന്നു വാര്‍ത്തകള്‍. 6 ലക്ഷം രൂപ ചുറ്റുവട്ടത്തിലാണ് എക്‌സ്റ്ററിന്റെയും പഞ്ചിന്റെയും പ്രാരംഭ എക്‌സ്‌ഷോറൂം വിലകള്‍ വരുന്നത്. അതുകൊണ്ട് തന്നെ കിയ ക്ലാവിസിന്റെ പ്രാരംഭ വിലയും 6 ലക്ഷം രൂപ മാത്രമാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയില്‍ കിയ കാര്‍ വരുന്നു എന്ന് കേട്ടത് മുതല്‍ ഈ മോഡല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളും സ്‌പൈ ചിത്രങ്ങളും മറ്റ് ചില സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊറിയന്‍ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന രണ്ട് ജനപ്രിയ മോഡലുകളാണ് സെല്‍റ്റോസ്, സോനെറ്റ് എസ്‌യുവികള്‍. സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലും സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലുമാണ് മാറ്റുരക്കുന്നത്. കിയ ക്ലാവിസിന്റെ സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഇതിന് പഞ്ച്, എക്‌സ്റ്റര്‍ എന്നീ മോഡലുകളേക്കാള്‍ വലിപ്പമുണ്ടെന്നാണ്.
അതുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ കിയ സോനെറ്റിനും കിയ സെല്‍റ്റോസിനും ഇടയിലാകും ക്ലാവിസ് സ്ഥാനം പിടിക്കുക. അങ്ങനെ വരുമ്പോള്‍ 6 ലക്ഷം രൂപ വിലയില്‍ ക്ലാവിസ് കിട്ടിയേക്കില്ല. ഏകദേശം 9 ലക്ഷം രൂപയായിരിക്കാം ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. കാരണം ഇന്ത്യന്‍ വിപണിയില്‍ കിയ സോനെറ്റിന്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയും കിയ സെല്‍റ്റോസിന്‍േറത് 10.90 ലക്ഷം രൂപയുമാണ്. ഇവയും എക്സ് ഷോറൂം വിലകളാണ്.

എന്നാല്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോട് കിയ ക്ലാവിസ് മത്സരിക്കുമോ അതോ കിയ സെല്‍റ്റോസിനും സോനെറ്റിനും ഇടയില്‍ സ്ഥാനം പിടിക്കുമോ എന്നറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കണം. കിയ ക്ലാവിസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വരാനാണ് സാധ്യത. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായിരിക്കും അത്.
5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT, 6 സ്പീഡ് IMT, 7 സ്പീഡ് DCT ഗിയര്‍ബോക്സ് ഓപ്ഷനുകളും ഓഫര്‍ ചെയ്‌തേക്കാം. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായതിനാല്‍ കിയ ക്ലാവിസിന് ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കുമോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ആഗോള തലത്തില്‍ ഇവികളുടെ ഡിമാന്‍ഡ് മന്ദഗതിയിലായ സാഹചര്യത്തില്‍ കിയ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കാനുള്ള പ്ലാനിലാണ്.

അടുത്ത വര്‍ഷം സെല്‍റ്റോസ് ഹൈബ്രിഡ് പുറത്തിറക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ ക്ലാവിസിനും കിയ ഹൈബ്രിഡ് ഹൃദയം നല്‍കിയേക്കും. മാത്രമല്ല ഭാവിയില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി കൊണ്ടുവരും. മറ്റ് കിയ കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായിരിക്കും ക്ലാവിസിന്റെ ക്യാബിന്‍.
ഇലക്ട്രിക് സണ്‍റൂഫ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിനകത്ത് കിയ ഉള്‍ക്കൊള്ളിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കിയ ക്ലാവിസ് എന്ന് വിപണിയില്‍ എത്തുമെന്ന് അറിയാനാകും ഏവര്‍ക്കും താല്‍പര്യം. ഏതായാലും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ എസ്‌യുവി വിപണിയിലെത്തിക്കാനാണ് കൊറിയന്‍ കമ്പനി പദ്ധതിയിടുന്നത്.
കൃത്യമായി പറഞ്ഞാല്‍ 2024 അവസാനമോ അല്ലെങ്കില്‍ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തിലോ എസ്‌യുവി വില്‍പ്പനക്കെത്താനാണ് സാധ്യത. കിയയുടെ മറ്റ് മോഡലുകളെ പോലെ താങ്ങാവുന്ന വിലയില്‍ ഫീച്ചര്‍ സമ്പന്നവും മികച്ച പെര്‍ഫോമന്‍സും പുറത്തെടുക്കുന്ന എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ കുറച്ച് കൂടി കാത്തിരിക്കുന്നത് നന്നാകും. ക്ലാവിസിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും.


Click it and Unblock the Notifications








