വണ്ടിയും കൊണ്ട് ഡീലര്‍ഷിപ്പില്‍ പോവണ്ട, വീട്ടിലിരുന്ന് പഴയ കാര്‍ വില്‍ക്കാം! കിയയുടെ പുതിയ സര്‍വീസ്
ഇന്ത്യന്‍ വിപണിയില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞ് വരുന്നതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കാറുകള്‍ യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ വില്‍പ്പന (Car Sales) ഉയര്‍ത്താനായി ബ്രാന്‍ഡുകള്‍ പല അടവുകളും പയറ്റുന്നുണ്ട്. ജൂലൈ മാസം കാറുകള്‍ക്ക് നല്‍കുന്ന വമ്പന്‍ ഓഫറുകള്‍ അതിന് ഉദാഹരണമാണ്. ഇപ്പോള്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കിയ ഇന്ത്യ (Kia India) വെള്ളിയാഴ്ച ഒരു ഓണ്‍ലൈനായി എക്‌സ്‌ചേഞ്ച് നിരക്ക് കണക്കാക്കുന്ന സര്‍വീസ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
കിയ ഇന്ത്യ തങ്ങളുടെ സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് (CPO) പ്രോഗ്രാമിന് കീഴിലാണ് 'എക്‌സ്‌ചേഞ്ച് യുവര്‍ കാര്‍' എന്ന പേരില്‍ ഒരു പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ അവരുടെ നിലവിലെ വാഹനത്തിന്റെ മൂല്യം എളുപ്പത്തില്‍ വിലയിരുത്താന്‍ പ്രാപ്തമാക്കുന്ന ഒരു ഓണ്‍ലൈന്‍ സെല്‍ഫ് ഇവാല്യുവേഷന്‍ മൊഡ്യൂള്‍ ഈ സര്‍വീസ് വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടില്‍ ഇരുന്ന് അവരുടെ വാഹനത്തിന് എക്‌സ്‌ചേഞ്ച് മൂല്യം എളുപ്പത്തില്‍ ലഭ്യമാക്കുന്നു.

കാര്‍ എക്‌സ്‌ചേഞ്ച് പ്രക്രിയയുടെ ആദ്യ ഘട്ടങ്ങള്‍ ലളിതമാക്കുന്നതിന് വേണ്ടിയാണ് ഈ സര്‍വീസ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങള്‍ കിയയുടെ ഏതെങ്കിലും കാര്‍ മോഡലുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള വ്യക്തിയാണെങ്കില്‍ 'എക്‌സ്‌ചേഞ്ച് യുവര്‍ കാര്‍' സര്‍വീസ് പ്രയോജനപ്പെടുത്താം. അതിനായി ആദ്യം കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ശേഷം 'ബൈ' (Buy) സെക്ഷന്‍ കീഴിലുള്ള 'എക്സ്ചേഞ്ച് യുവര്‍ കാര്‍' എന്ന ടാബ് തിരഞ്ഞെടുക്കാം.
മോഡല്‍, വേരിയന്റ്, ബ്രാന്‍ഡ്, നിര്‍മിച്ച വര്‍ഷം തുടങ്ങിയ നിലവിലുള്ള വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. ഇതിന് ശേഷം ഉപഭോക്താവിന് അവരുടെ വാഹനത്തിന് കണക്കാക്കിയ വില ലഭിക്കും. പുതിയ കിയ കാര്‍ വാങ്ങുന്ന സമയത്ത് ഈ വിലയായിരിക്കും പഴയ വണ്ടിക്ക് ലഭിക്കുക. ഒരു പുതിയ കിയ കാര്‍ മോഡലില്‍ താല്‍പ്പര്യമുള്ള ഒരാള്‍ക്ക് മുഴുവന്‍ കാര്‍-എക്‌സ്‌ചേഞ്ച് പ്രക്രിയയും വേഗത്തിലാക്കുമെന്നതാണ് ഓണ്‍ലൈന്‍ സര്‍വീസിന്റെ പ്രധാന നേട്ടമെന്ന് കിയ വ്യക്തമാക്കി.
പുതിയ വാഹനം വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കാനും സുതാര്യത ഉറപ്പ് വരുത്താനും പുതിയ ഓണ്‍ലൈന്‍ സര്‍വീസ് കൊണ്ട് സാധിക്കുമെന്ന് കിയ അവകാശപ്പെടുന്നു. മൂല്യത്തകര്‍ച്ച പുതിയ കാറുകളെ സാരമായി ബാധിക്കുമെന്നതിനാലും യൂസ്ഡ് കാറുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ കിട്ടുമെന്നതിനാലും ഇന്ത്യയില്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് വളര്‍ന്ന് പന്തലിക്കുകയാണ്.
വ്യത്യസ്ത വില നിലവാരത്തിലും ബോഡി സ്‌റ്റൈലിലും വൈവിധ്യമാര്‍ന്ന മോഡലുകള്‍ ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമാണ്. അമീപകാലത്തായി പുതിയ കാറുകളുടെ വില ഇടക്കിടെ വര്‍ധിക്കുന്നതും ജനപ്രിയ ഡീസല്‍ വേരിയന്റുകള്‍ അടുത്ത കാലത്തായി നിര്‍ത്തലാക്കിയതും ഇന്ത്യയില്‍ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയുടെ വളര്‍ച്ചക്ക് വളമായി എന്ന് വേണമെങ്കില്‍ പറയാം.
2019-ല്‍ സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവിയിലൂടെയാണ് കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്നും കിയയുടെ ഏറ്റവും ജനപ്രിയമായ കാറായി സെല്‍റ്റോസ് തുടരുന്നു. സെല്‍റ്റോസിനെ കൂടാതെ സോനെറ്റ് സബ്-കോംപാക്റ്റ് എസ്‌യുവി, കാരെന്‍സ് മൂന്ന്-വരി എംപിവി എന്നിവയും ഇന്ത്യയില്‍ ഹിറ്റടിച്ചവയാണ്. പ്രീമിയം എംപിവിയായ കാര്‍ണിവലിന് പക്ഷേ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ഈ വര്‍ഷം കാര്‍ണിവലിന്റെ പുതിയ തലമുറ മോഡല്‍ കമ്പനി ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. EV6 ഓള്‍-ഇലക്ട്രിക് മോഡലാണ് കിയ ഇന്ത്യയുടെ പോര്‍ട്‌ഫോളിയോയിലെ ശേഷിക്കുന്ന മോഡല്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








