കിയയുടെ വഴികാട്ടി ആയി ഇനി മാപ്പ് മൈ ഇന്ത്യ, പുതിയ കസ്റ്റമേഴ്സിന് പുത്തൻ അനുഭവം
യാത്ര പോകുമ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു കാര്യമാണല്ലോ മാപ്പ്. പുതിയ സ്ഥലമാണെങ്കിൽ പ്രത്യേകിച്ച്. ഇപ്പോഴത്തെ എല്ലാ വാഹനങ്ങളിലും മാപ്പ് സംവിധാനം ലഭ്യമാണ്. കിയ മോട്ടോർസിൻ്റെ വാഹനങ്ങളുടെ മുഖമുദ്ര തന്നെ നിറഞ്ഞു കവിഞ്ഞ ഫീച്ചറുകളാണ്. ഇപ്പോഴിതാ കിയ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. കിയ ഇന്ത്യ മാപ്പ് മൈ ഇന്ത്യയുമായി കൈകോർത്തിരിക്കുകയാണ്.
450-ലധികം വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്ലാറ്റ്‌ഫോമിൻ്റെ ഫോർ വീലർ-നിർദ്ദിഷ്ട പോയിൻ്റുകൾ, ഡീലർഷിപ്പുകൾ, സർവീസ് സെൻ്ററുകൾ, പമ്പുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയെല്ലാം ഇനി മുതൽ ലഭിക്കും. അതോടൊപ്പം തന്നെ ഡ്രൈവർമാർക്ക് സ്പീഡ് ലിമിറ്റ് അലേർട്ടുകൾ, തത്സമയ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് സമയത്ത് വോയ്‌സ്-ഗൈഡഡ് നാവിഗേഷൻ എന്നിവയും ഇതിനോടൊപ്പം തന്നെ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

മാപ്പ് മൈ ഇന്ത്യയുമായുള്ള ബ്രാൻഡിൻ്റെ സഹകരണം കമ്പനിയുടെ പുതിയ കാലത്തെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി സാധിക്കുമെന്നാണ് കിയ ഇന്ത്യ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൻ പറയുന്നത്. ഗൂഗിൾ മാപ്പിനൊരു മികച്ച എതിരാളി തന്നെയാണ് മാപ്പ് മൈ ഇന്ത്യ. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയിട്ടുളളതും ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും റാങ്കിംഗിൽ ഗൂഗിൾ മാപ്‌സിനെ പോലും മറികടന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആപ്പിന് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആത്മനിർഭർ ആപ്പ് അവാർഡ് അംഗീകാരം ലഭിക്കുകയും ഔദ്യോഗിക ട്രാഫിക്കിൻ്റെയും റോഡ് സുരക്ഷാ ഉപദേശങ്ങളുടെയും സംയോജനം കാരണം ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്ന ട്രാഫിക് പോലീസ് അധികാരികളുടെ പിന്തുണ നേടുകയും ചെയ്തിട്ടുളളതാണ്. ഇന്ത്യൻ മാപ്പിംഗ് ആൻഡ് നാവിഗേഷൻ കമ്പനിയുടെ തലവനായ മാപ്പ്മൈഇന്ത്യ സിഇഒ രോഹൻ വർമ തൻ്റെ ട്വീറ്റിൽ ഗൂഗിൾ മാപ്‌സിൽ നാവിഗേഷൻ വെല്ലുവിളികൾ നേരിടുന്നതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യാറുണ്ട്.
1995-ൽ സ്ഥാപിതമായ ഈ കമ്പനിയുടെ ആസ്ഥാനം ന്യൂഡൽഹിയിലും മുംബൈയിലും ബെംഗളൂരുവിലും പ്രാദേശിക ഓഫീസുകളും ഇന്ത്യയിലുടനീളമുള്ള ചെറിയ ഓഫീസുകളുമുണ്ട്.ഇതിനെല്ലാം പുറമേ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലും ടോക്കിയോയിലും ഇതിന് അന്താരാഷ്ട്ര ഓഫീസുകളുമുണ്ട്. കമ്പനി വിപുലമായ GPS ട്രാക്കിംഗ് ഉപകരണങ്ങൾ , കാർ ഇൻ-ഡാഷ് ഇൻഫോടെയ്ൻമെൻ്റ്, പ്ലഗ് & പ്ലേ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് കാർ ട്രാക്കർ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നിവയുൾപ്പെടെ ഇന്ത്യയിൽ സംസാരിക്കുന്ന വിവിധ ഭാഷകളെ പിന്തുണയ്ക്കുന്ന നാവി മാപ്പ്സ് എന്ന പേരിൽ 2014-ൽ മാപ്പ് മൈ ഇന്ത്യ ഒരു വോയ്‌സ്-നാവിഗേഷൻ ആപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. കിയയുടെ മാത്രമല്ല പല വാഹനങ്ങളുലും മാപ്പ് മൈ ഇന്ത്യയുടെ സംവിദാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
കിയ ഇന്ത്യയുടെ പുതിയ അപ്ഡേറ്റ്സുകളിലേക്ക് നോക്കിയാൽ നാല് കൊല്ലത്തിന് താഴെ സമയം കൊണ്ട് സോനെറ്റ് 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികളായ നെക്സോണിനോടും ബ്രെസയോടും പോരാടി സോനെറ്റ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. 44 മാസത്തിനുള്ളിലാണ് കിയ സോനെറ്റ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കമാണ് സോനെറ്റിന്റെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് കവിഞ്ഞത്.
3,17,754 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 85,814 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. മൊത്തത്തില്‍ കിയയുടെ വില്‍പ്പനയുടെ 33.3 ശതമാനം സംഭാവന ചെയ്യുന്നത് സോനെറ്റ് ആണ്. കിയ വാങ്ങുന്ന ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്. സോനെറ്റ് വാങ്ങാനെത്തുന്ന 63 ശതമാനം ഉപഭോക്താക്കളും സണ്‍റൂഫുള്ള വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നതെന്ന് കമ്പനി വ്യക്തമാക്കി.


Click it and Unblock the Notifications








