ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള എസ്‌യുവിയുമായി കിയ! താങ്ങാവുന്ന വിലയും കൈനിറയെ ഫീച്ചറുകളും
2019-ല്‍ ഇന്ത്യന്‍ വിപണിയിലെത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് മുന്‍നിര ബ്രാന്‍ഡുകളിലൊന്നായി മാറിയവരാണ് കിയ. താങ്ങാവുന്ന വിലയില്‍ ഫീച്ചര്‍ റിച്ചായ കാറുകള്‍ ഓഫര്‍ ചെയ്ത് കൊണ്ടാണ് കൊറിയന്‍ കമ്പനി ഇന്ത്യക്കാരെ കൈയ്യിലെടുത്തത്. കിയയുടെ സെല്‍റ്റോസ്, സോനെറ്റ് എന്നീ എസ്‌യുവികള്‍ മികച്ച വില്‍പ്പനയാണ് ആസ്വദിക്കുന്നത്. ഇപ്പോള്‍ കിയ ഇന്ത്യ തങ്ങളുടെ 2.0 തന്ത്രത്തിന്റെ ഭാഗമായി വരാനിരിക്കുന്ന പുതിയ എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാറിന്റെ ഡിസൈന്‍ സ്‌കെച്ചുകളാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനകം രാജ്യത്തെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന സൈറോസ് കിയയുടെ 2.0 പദ്ധതിയുടെ ഭാഗമാണ്.
കിയയുടെ വാഹന നിരയില്‍ സെല്‍റ്റോസിനും സോനെറ്റിനും ഇടയിലാകും പുതിയ കാര്‍ സ്ഥാനം പിടിക്കുക. ഈ മോഡല്‍ സാധാരണ എസ്‌യുവി ഡിസൈനില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കമ്പനി പുറത്തുവിട്ട ടീസര്‍ ചിത്രത്തില്‍ കാറിന്റെ സൈഡ് പ്രൊഫൈലാണ് ദൃശ്യമാകുന്നത്. വരാന്‍ പോകുന്ന സൈറോസ് എസ്‌യുവി ബോക്‌സി ഡിസൈനില്‍ വരുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.കാര്‍ണിവല്‍ ലിമോസിന്‍, EV9 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ഡിസൈനാണ് വാഹനത്തിന് ലഭിക്കുകയെന്ന് കിയ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

'L' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വെര്‍ട്ടിക്കല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാറില്‍ വന്നേക്കാം. ഫ്രണ്ട് സെക്ഷനെ പിന്‍ഭാഗത്ത് നിന്ന് കട്ടിയുള്ള ബി പില്ലര്‍ കൊണ്ട് വേര്‍തിരിച്ചതിനാല്‍ ഇതിനെ ഒരു എംപിവിയെന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല. സി പില്ലറിലും റിയര്‍ ക്വാര്‍ട്ടര്‍ പാനലിലും ബ്ലാക്ക് ഡിസൈന്‍ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. മികച്ച ഫ്രണ്ട് ഡിസൈനോടുകൂടിയ ബോക്സി ടെയില്‍ സെക്ഷനാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഫങ്ഷണല്‍ റൂഫ് റെയിലുകളും ഈ കാറില്‍ കാണാം.
10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ സവിശേഷതകള്‍, ഡ്രൈവ് മോഡുകള്‍, ഉയര്‍ന്ന നിലവാരമുള്ള ബോസ് ഓഡിയോ എന്നിവ കാറില്‍ സജ്ജീകരിച്ചേക്കും. 6 എയര്‍ബാഗുകള്‍, ADAS, , 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഈ കോംപാക്റ്റ് എസ്യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരിക്കും വരാനിരിക്കുന്ന എസ്‌യുവിക്ക് തുടിപ്പേകുക. 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഐസി എഞ്ചിന്‍ പതിപ്പുകള്‍ പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഫുള്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും കമ്പനിക്ക് പ്ലാനുണ്ട്. ഇലക്ട്രിക് എസ്‌യുവിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫുള്‍ചാര്‍ജില്‍ 350 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് കാര്‍ ആയിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ അടുത്ത വര്‍ഷം ആരംഭത്തില്‍ ഈ കാര്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. 2019 ഓഗസ്റ്റില്‍ ഉത്പാദനം ആരംഭിച്ച കമ്പനിയുടെ അനന്തപൂര്‍ പ്ലാന്റിലായിരിക്കും ഈ കാര്‍ നിര്‍മിക്കുക. സെല്‍റ്റോസ്, കാര്‍ണിവല്‍, സോനെറ്റ്, കാരെന്‍സ്, EV6, EV9 എന്നിങ്ങനെ ആറ് വാഹനങ്ങളാണ് കിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.
കാര്‍ണിവല്‍, EV9 എന്നീ മോഡലുകള്‍ കഴിഞ്ഞ മാസമാണ് കമ്പനി പുറത്തിറക്കിയത്. സിബിയു യൂണിറ്റായി എത്തിക്കുന്ന കാര്‍ണിവലിന്റെ ഒരു കൊല്ലത്തേക്കുള്ള ഓര്‍ഡറുകള്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് ഏകദേശം 1.3 ദശലക്ഷം വാഹന കയറ്റുമതി ചെയ്തിട്ടുണ്ട്. 287 നഗരങ്ങളിലായി 640 ടച്ച് പോയിന്റുകളുടെ വിപുലമായ ശൃംഖലയാണ് കമ്പനിക്കുള്ളത്. പുത്തന്‍ എസ്‌യുവി കൂടി എത്തുന്നതോടെ വിപണി വിഹിതം 10 ശതമാനമാക്കി ഉയര്‍ത്താനാണ് കിയയുടെ ശ്രമം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








