വെറും നാല് കാറുകളെ വെച്ച് കിയ നേടുന്നത് എജ്ജാതി കച്ചോടം! ആ ക്ലാവിസ് കൂടിയിങ്ങ് വന്നോട്ടെ
2019-ല്‍ മാത്രം ഇന്ത്യന്‍ കാര്‍ മാര്‍ക്കറ്റില്‍ അഡ്മിഷന്‍ നേടിയ കമ്പനിയാണ് കിയ. കുറഞ്ഞ വിലയില്‍ ഫീച്ചര്‍ റിച്ചായ മോഡലുകള്‍ കൊണ്ടുവന്ന് ഭാരതീയരുടെ മനസ്സില്‍ ഇടം നേടിയ കൊറിയക്കാര്‍ പല മാസങ്ങളിലും വില്‍പ്പനയുടെ കാര്യത്തില്‍ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയെ വരെ പിന്തള്ളി ടോപ് 5 കമ്പനികളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു. കിയയുടെ 2024 മാര്‍ച്ച് മാസത്തെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന റിപ്പോര്‍ട്ട് ആണ് നമ്മള്‍ ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
2024 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആറാമത്തെ കാര്‍ നിര്‍മാതാവാണ് കിയ. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, ടൊയോട്ട എന്നീ കമ്പനികളാണ് കിയക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസം കൊറിയന്‍ കമ്പനി 21,400 യൂണിറ്റാണ് വില്‍പ്പന നേടിയത്. 2023 മാര്‍ച്ച് മാസത്തില്‍ നേടിയ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 101 യൂണിറ്റിന്റെ കുറവുണ്ട്. നേരിയ 0.47 ശതമാനം ഇടിവ്.

അതേസമയം 20,200 യൂണിറ്റ് വിറ്റ 2024 ഫെബ്രുവരിയുമായി തട്ടിച്ച് നോക്കുമ്പോള്‍ 5.94 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കിയ കാര്‍ സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റാണ്. 2024 മാര്‍ച്ചില്‍ കിയ 8750 സോനെറ്റ് കാറുകളാണ് വിതരണം ചെയ്തത്. 2023 മാര്‍ച്ചുമായി (8677 യൂണിറ്റ്) താരതമ്യം ചെയ്യുമ്പോള്‍ 73 യൂണിറ്റുകള്‍ അധികം വില്‍ക്കാനായി.
കിയയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 40.89 ശതമാനം സംഭാവന ചെയ്യുന്നത് സോനെറ്റ് ആണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയുള്ള ഏഴാമത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് സോനെറ്റ്. കിയ സെല്‍റ്റോസ് ആണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ കിയ കാര്‍. ഇത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണ്. 2023 മാര്‍ച്ചില്‍ 6,554 ആയിരുന്ന കിയ സെല്‍റ്റോസിന്റെ വില്‍പ്പന 2024 മാര്‍ച്ചില്‍ 7,912 യൂണിറ്റ് ആയി ഉയര്‍ന്നു.

21 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മുന്‍ വര്‍ഷത്തേക്കാള്‍ 1,358 യൂണിറ്റുകള്‍ അധികം വില്‍ക്കാനായി. ഹ്യുണ്ടായി ക്രെറ്റക്കും മാരുതി ഗ്രാന്‍ഡ് വിറ്റാരയ്ക്കും ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയാണ് സെല്‍റ്റോസ്. കിയയുടെ ആഭ്യന്തര വില്‍പ്പനയുടെ 37 ശതമാനമാണ് സെല്‍റ്റോസ് എസ്‌യുവിയുടെ സംഭാവന. കിയയുടെ ജനപ്രിയ എംപിവിയായ കാരെന്‍സ് ആണ് പട്ടികയില്‍ മൂന്നാമത്.
2023 മാര്‍ച്ചില്‍ 6,102 ആയിരുന്ന കിയ കാരെന്‍സ് എംപിവിയുടെ വില്‍പ്പന. അതേസമയം 2024 മാര്‍ച്ചില്‍ വില്‍പ്പന 22.37 ശതമാനം ഇടിഞ്ഞ് 4,737 യൂണിറ്റായി. കിയയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 22 ശതമാനമാണ് കാരെന്‍സ് സംഭാവന ചെയ്യുന്നത്. കാരെന്‍സിന്റെ ഡീസല്‍ മാനുവല്‍ വേരിയന്റ് കിയ ഉടന്‍ പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. മാത്രമല്ല കാരെന്‍സ് ഇലക്ട്രിക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

400 കി.മീ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് എംപിവി അടുത്ത വര്‍ഷം അരങ്ങേറുമെന്നാണ് പ്രതീക്ഷ. ഈ ലിസ്റ്റിലെ നാലാമത്തെയും അവസാനത്തെയും മോഡല്‍ കിയ EV6 ആണ്. ഒരു ഇലക്ട്രിക് കാര്‍ ആണിത്. 2023 ജൂലൈയിലാണ് ഇവി വിപണിയില്‍ എത്തിയത്. 2024 മാര്‍ച്ചില്‍ കിയ EV6 ഇലക്ട്രിക് കാറിന്റെ 1 യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. ഫെബ്രുവരിയിലും സമാനമായ രീതിയില്‍ 1 യൂണിറ്റ് മാത്രമാണ് വിതരണം ചെയ്യാനായത്.
നിലവില്‍ നാല് കാറുകള്‍ മാത്രം വെച്ചാണ് കിയ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇത്രയും ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. വൈകാതെ തന്നെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ് കമ്പനി. അതില്‍ പ്രധാനമാണ് സെല്‍റ്റോസിനും സോനെറ്റിനും ഇടയില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന കിയ ക്ലാവിസ്. രാജ്യത്ത് പുത്തന്‍ കാര്‍ സെഗ്‌മെന്റിന് തുടക്കം കുറിക്കാന്‍ പോകുന്ന ഈ മോഡലിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2025 ആരംഭത്തിലോ ഈ എസ്‌യുവി ലോഞ്ച് ചെയ്യും.

കിയ ക്ലാവിസ് ഇലക്ട്രിക് അവതാരത്തിലും എത്തിയേക്കും. കിയ സമീപഭാവിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു കാര്‍ പുതുതലമുറ കാര്‍ണിവല്‍ എംപിവിയാണ്. ഈ കാറിന്റെ വില്‍പ്പന ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കിയ അവസാനിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന പുതുതലമുറ മോഡല്‍ വൈകാതെ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്ത കമ്പനിയാണ് കിയ.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പുത്തന്‍ മോഡലുകള്‍ ലോഞ്ച് ചെയ്ത് ആ വിശ്വാസം വരും വര്‍ഷങ്ങളില്‍ കിയ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്കാര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് ക്ലാവിസ്. രാജ്യത്ത് ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമായതിനാല്‍ വില്‍പ്പന വാരാമെന്നാണ് കൊറിയക്കാരുടെ പ്രതീക്ഷ. ക്ലാവിസിനൊപ്പം പ്രീമിയം എംപിവി തേടുന്നവരെ കാര്‍ണിവലിന് കൂടി ആകര്‍ഷിക്കാനായാല്‍ കിയ വമ്പന്‍ കുതിപ്പ് കുതിക്കും.


Click it and Unblock the Notifications








