ഏഴ് പേരുമായി യാത്ര പോവാൻ ഇനി പെട്രോൾ ചെലവ് പേടിക്കേണ്ട; പാട്ടും പാടി പോവാൻ കിയയുടെ ഇവി ഉടൻ
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മിക്ക വാഹന നിർമ്മാതാക്കളും. നിലവിലുള്ള മോഡൽ നിര എക്സ്പാൻഡ് ചെയ്യാനും പലരും ശ്രമിക്കുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയും തങ്ങളുടെ ഇവി ലൈനപ്പ് രാജ്യത്ത് വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.
2024 ഇൻവെസ്റ്റേഴ്സ് മീറ്റിൽ കിയ പ്രസിഡൻ്റും സിഇഒയുമായ ഹോ സുങ് സോംഗ്, വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ പോലുള്ള വളർന്നു വരുന്ന വിപണികളിൽ കാരെൻസ് ഇവി ഉൾപ്പെടെ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. ഇവി പ്ലേ മെച്ചപ്പെടുത്തുന്നതിനായി 2024 -ൽ കമ്പനി EV9 ഇന്ത്യയിൽ അവതരിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

മെച്ചപ്പെട്ട കസ്റ്റമർ ആക്സസിബിലിറ്റിയ്ക്കായി മാസ് ഇവി മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ മുൻനിര ഇവി മോഡലുകൾ കൂടെ അവതരിപ്പിക്കാനുള്ള പ്ലാൻ, കമ്പനിയുടെ ഇവി ലൈനപ്പ് തന്ത്രത്തിൽ ഉൾപ്പെടുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി . AY-EV എന്ന കോഡ് നെയിമത്തിൽ കമ്പനി ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാൻ സാധ്യതയുണ്ട് എന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.
2025 -ൻ്റെ രണ്ടാം പകുതിയിൽ ഇത് ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ എത്തുമ്പോൾ കിയ ക്ലാവിസ് എന്ന് നെയിംപ്ലേറ്റ് ഇതിന് ലഭിച്ചേക്കാം. അതേ സമയം തന്നെ, KY-EV എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന കാരെൻസിന്റെ ഇലക്ട്രിക് പതിപ്പും കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്.
രസകരമെന്നു പറയട്ടെ, പെട്രോൾ പവർട്രെയിനോടുകൂടിയ കിയ AY എസ്‌യുവി 2025 -ൻ്റെ ആദ്യ പകുതിയിൽ നിരത്തിൽ എത്താൻ സാധ്യതയുണ്ട്, കൂടാതെ 2026 ഓടെ രണ്ട് ഇവി മോഡലുകളും ചേർന്ന് 50,000 മുതൽ 60,000 യൂണിറ്റുകൾ വരെ കൊണ്ടുവരാൻ സാധ്യതയുണ്ട് എന്ന് കിയ കണക്കാക്കുന്നു.
2026 -ലെ ലക്ഷ്യം 5,87,000 യൂണിറ്റ് മാസ് ഇവി മോഡലുകളുടെ വിൽപ്പന കൈവരിക്കുക എന്നതാണ്, ഇത് മൊത്തം ഇവി വിൽപ്പനയുടെ 66 ശതമാനം വരും എന്നും സോംഗ് കൂട്ടിച്ചേർത്തു. മാർക്കറ്റ്-നിർദ്ദിഷ്ട വിൽപ്പന തന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം, പ്രധാന വിപണികളിൽ, പർപ്പസ് ബിൽറ്റ് വെഹിക്കിൾസ് (PBV -കൾ) ഉപയോഗിച്ച് പുതിയ ഡിമാൻഡ് സൃഷ്ടിച്ച് ഒരു സമ്പൂർണ്ണ ഇവി ലൈനപ്പ് നിർമ്മിച്ചുകൊണ്ട് കിയ തങ്ങളുടെ വളർച്ച തുടരും.

വളർന്നു വരുന്ന വിപണികളിൽ, ഉയർന്ന നിലവാരമുള്ള കസ്റ്റമർ എക്സ്പീരിയൻസ് ഉപയോഗിച്ച് തങ്ങൾ ബ്രാൻഡിനെ വ്യത്യസ്തമാക്കുകയും ഉൽപ്പാദന അടിത്തറകൾ വൈവിധ്യവത്കരിക്കുന്നതിലൂടെ വർധിച്ചുവരുന്ന ഡിമാൻഡിനോട് പ്രതികരിക്കുകയും ചെയ്യും എന്ന് അദ്ദേഹം വിശദീകരിച്ചു. ഫ്ലെക്സിബിൾ മാനുഫാക്ചറിംഗ് ലൈനും ICE -മോഡലുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഇവികളിലുമാണ് നിർമ്മാതാക്കൾ ഫോക്കസ് ചെയ്യുന്നത്.
രാജ്യത്ത് ഇവികളുടെ വിൽപ്പന ക്ലച്ച് പിടിച്ചില്ലെങ്കിൽ സ്വയം അപകടസാധ്യത ഒഴിവാക്കാനുള്ള കിയയുടെ പദ്ധതിയുടെ ഭാഗം. ഇവി ഡിമാൻഡ് മാന്ദ്യത്തെക്കുറിച്ചുള്ള ഹ്രസ്വകാല ആശങ്കകൾ നിലനിൽക്കും എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, ആഗോള CO2 റിഡക്ഷൻ റെഗുലേഷനുകളും ഇവികളുടെ വിലകൾ താഴേക്ക് പോവുന്ന പ്രവണതയും കണക്കിലെടുത്ത് ഇവി ഡിമാൻഡ് വർധിക്കുന്നത് തുടരും എന്ന് പ്രതീക്ഷിക്കുന്നതായി സോംഗ് പറഞ്ഞു.
മൊത്തത്തിൽ, 2027 -ഓടെ മൊത്തം 15 ഓളം ഇവി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം EV3 ലോഞ്ച് ചെയ്യുന്നതോടെ, EV2, EV4, EV5 എന്നിങ്ങനെയുള്ള അഡീഷണൽ മോഡലുകൾ പ്രധാന വിപണികളിൽ അവതരിപ്പിക്കും. ഇതോടെ മാസ് മാർക്കറ്റ് മോഡലുകളുടെ എണ്ണം ആറാവും.


Click it and Unblock the Notifications








