കുറഞ്ഞ വിലയുള്ള സെൽറ്റോസ് വേരിയന്റ് വാങ്ങാന്‍ ഇനി ആള് കൂടും! ഇക്കാര്യത്തില്‍ ക്രെറ്റ വരെ പിന്നില്‍
സെല്‍റ്റോസ് (Kia Seltos) മിഡ്സൈസ് എസ്‌യുവിയിലൂടെയാണ് കിയ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ചത്. സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായി മാറി സെല്‍റ്റോസ് ബ്രാന്‍ഡിന്റെ വിശ്വാസം കാത്തു. വില്‍പ്പന ഗ്രാഫ് ഉയര്‍ത്തുന്നതിനായി ദക്ഷിണ കൊറിയന്‍ കമ്പനി 2023-ല്‍ എസ്‌യുവിക്ക് ഒരു ഫെയ്സ്ലിഫ്റ്റ് സമ്മാനിച്ചു.
ടണ്‍ കണക്കിന് അപ്‌ഡേറ്റുകളും മത്സരാധിഷ്ഠിത വിലയും നല്‍കിയാണ് ബ്രാന്‍ഡ് ജനപ്രിയന്റെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറക്കിയത്. അക്കാലത്ത് എസ്‌യുവിയുടെ ഏറ്റവും താങ്ങാനാവുന്ന അടിസ്ഥാന വേരിയന്റ് രണ്ട് കളര്‍ ഓപ്ഷനുകളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സെല്‍റ്റോസ് എസ്‌യുവിയുടെ ബേസ് HTE വേരിയന്റിന്റെ കളര്‍ പാലറ്റ് വിപുലീകരിച്ചിരിക്കുകയാണ് കിയ.

10.90 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന HTE വേരിയന്റില്‍ കൂടുതല്‍ നിറങ്ങള്‍ ചേര്‍ക്കുക വഴി ഉപഭോക്താക്കള്‍ക്കിടയില്‍ സെല്‍റ്റോസിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കളര്‍ പാലറ്റ് അപ്‌ഡേറ്റ് ചെയ്തതല്ലാതെ സെല്‍റ്റോസിന്റെ ഫീച്ചര്‍ ലിസ്റ്റിലോ സവിശേഷതകളിലോ വിലകളിലോ മാറ്റങ്ങളൊന്നും കിയ വരുത്തിയിട്ടില്ല. നേരത്തെ സെല്‍റ്റോസ് HTE വേരിയന്റ് സ്പാര്‍ക്ക്ലിംഗ് സില്‍വര്‍, ക്ലിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ മാത്രമായിരുന്നു വാങ്ങാന്‍ സാധിച്ചിരുന്നത്.
എന്‍ട്രി ലെവല്‍ വേരിയന്റില്‍ കുറച്ച് കളര്‍ ഓപ്ഷനുകള്‍ മാത്രമായിരുന്നു ഉള്ളുവെന്നതിനാല്‍ ഉപഭോക്താക്കള്‍ സെല്‍റ്റോസിന്റെ തന്നെ ഉയര്‍ന്ന വേരിയന്റുകളോ അല്ലെങ്കില്‍ മറ്റ് മോഡലുകളിലേക്കോ തിരിയാന്‍ സാധ്യതയുണ്ടായിരുന്നു. ഇതേസമയം സെല്‍റ്റോസിന്റെ പ്രധാന എതിരാളികളായ ഹ്യുണ്ടായി ക്രെറ്റയും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും തങ്ങളുടെ ബേസ് വേരിയന്റുകള്‍ക്ക് യഥാക്രമം അഞ്ച്, നാല് നിറങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇംപീരിയല്‍ ബ്ലൂ, പ്യൂറ്റര്‍ ഒലിവ്, ഇന്റെന്‍സ് റെഡ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ പുതുതായി അഞ്ച് നിറങ്ങളാണ് സെല്‍റ്റോസിന്റെ ബേസ് വേരിയന്റില്‍ അവതരിപ്പിച്ചത്. ഇതോടെ HTE വേരിയന്റില്‍ തെരഞ്ഞെടുക്കാവുന്ന നിറങ്ങളുടെ എണ്ണം ഏഴായി വര്‍ധിച്ചു. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കിയ ബേസ് വേരിയന്റിന് ഈ അപ്ഡേറ്റ് നല്‍കിയതെന്ന് തോന്നുന്നു. ഏതായാലും ഈ ഒരു നീക്കത്തോടെ സെഗ്മെന്റില്‍ സെല്‍റ്റോസിന്റെ സ്ഥാനം അടിയുറപ്പിക്കാനുമായി.
സെല്‍റ്റോസ് HTK, HTK+ വേരിയന്റുകളില്‍ നേരത്തെയുണ്ടായിരുന്ന ആറ് കളറുകള്‍ക്കൊപ്പം പുതിയ അറോറ ബ്ലാക്ക് പേള്‍ നിറം കൂടി ചേര്‍ത്തിരിക്കുകയാണ്. അതേസമയം, HTX+ വേരിയന്റില്‍ നിന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍ ഒഴിവാക്കി. ചുരുക്കിപ്പറഞ്ഞാല്‍ സെല്‍റ്റോസ് ഡ്യുവല്‍-ടോണില്‍ വേണ്ടവര്‍ക്ക് എസ്യുവിയുടെ ജിടി ലൈന്‍ വേരിയന്റുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന് സാരം. ബേസ് വേരിയന്റില്‍ കൂടുതല്‍ നിറങ്ങള്‍ ചേര്‍ത്തത് കോംപാക്ട് എസ്‌യുവി വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള കിയയുടെ തന്ത്രപരമായ നീക്കമാണ്.

അടിസ്ഥാന വേരിയന്റില്‍ നിന്ന് തന്നെ വൈവിധ്യമാര്‍ന്ന ചോയ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ വിശാലമായ പ്രേക്ഷകരെ ആകര്‍ഷിക്കാനും നിലവിലുള്ളതും വരാനിരിക്കുന്നതുമായ എതിരാളികള്‍ക്കെതിരെ അതിന്റെ മത്സരശേഷി നിലനിര്‍ത്താനും കിയ ലക്ഷ്യമിടുന്നു. ഈ വര്‍ഷം ഉത്സവകാല വിപണി ലക്ഷ്യമിട്ട് ടാറ്റ കര്‍വ്, സിട്രണ്‍ ബസാള്‍ട്ട് എന്നീ എസ്യുവികള്‍ അരങ്ങേറാനിരിക്കുകയാണ്. കൂപ്പെ സ്റ്റൈലില്‍ വരുന്ന ഈ എസ്‌യുവികള്‍ സെഗ്മെന്റ് വാഴുന്ന സെല്‍റ്റോസ് അടക്കമുള്ള എതിരാളികള്‍ക്ക് വെല്ലുവിളിയായേക്കും.
2024 ഏപ്രില്‍ വരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്യുവികളുടെ പട്ടികയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്കും മാരുതി ഗ്രാന്‍ഡ് വിറ്റാരയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു സെല്‍റ്റോസ്. 6,734 യൂണിറ്റുകള്‍ വിറ്റഴിച്ച് സെല്‍റ്റോസ് 17.34% വിപണി വിഹിതം നേടി. 2023 ഏപ്രില്‍ മാസവുമായി തട്ട് നോക്കുമ്പോള്‍ വില്‍പ്പനയില്‍ 6.64 ശതമാനം ഇടിവുണ്ടായി. എന്നാല്‍ ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്‌വാഗണ്‍ ടൈഗൂണ്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ് എന്നിവയെ വില്‍പ്പനയില്‍ സെല്‍റ്റോസ് പിന്നിലാക്കി.

സെല്‍റ്റോസ് HTE, HTK, HTX, GTX+, HTK+, HTX+, X-ലൈന്‍ എന്നിങ്ങനെ ഏഴ് ട്രിമ്മുകളില്‍ ലഭ്യമാണ്. കിയ സെല്‍റ്റോസ് നിലവില്‍ 10.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. കൂടാതെ ഏറ്റവും ചെലവേറിയ X-ലൈന്‍ വേരിയന്റിന് 20.35 ലക്ഷം രൂപയാണ് മുടക്കേണ്ടത്. വിലകള്‍ എക്സ്ഷോറൂം ആണ്.


Click it and Unblock the Notifications








