ഇപ്പോള്‍ തന്നെ 20 കി.മീ മൈലേജ്, ഇനി ഹൈബ്രിഡ് കൂടി ആയാലോ; ജനപ്രിയന് വമ്പന്‍ അപഡേറ്റിന് കിയ
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപിക്കുന്ന സമീപനമായിരുന്നു ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോര്‍സ് സ്വീകരിച്ച് വന്നിരുന്നത്. കഴിഞ്ഞ വര്‍ഷം സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന വേളയില്‍ ഹൈബ്രിഡ് കാറുകളെ കുറിച്ച് ഉയര്‍ന്നുവന്ന ചോദ്യത്തിന് കിയ നല്‍കിയ മറുപടിയില്‍ നിന്ന് അത് ക്ലയറായിരുന്നു.
വ്യക്തമായ ഇവി പ്ലാനുകളില്ലാത്ത കമ്പനികള്‍ക്കുള്ളതാണ് ഹൈബ്രിഡുകള്‍ എന്ന് പറഞ്ഞ കിയ ഇന്ത്യ 2025 മുതല്‍ ഇവി തന്ത്രത്തിന് മുന്‍തൂക്കം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവി വില്‍പ്പന മന്ദഗതിയിലായ സാഹചര്യത്തില്‍ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ കൊണ്ടുവന്ന് മോഡല്‍ ലൈനപ്പ് വിപുലീകരിക്കാനുള്ള പ്ലാനിലാണ് കിയ. കിയ മോട്ടോര്‍സ് അതിന്റെ അടുത്ത തലമുറ ലൈനപ്പിന്റെ ഭാഗമായി ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സെല്‍റ്റോസ് ഹൈബ്രിഡ് അധികം വൈകാതെ 2025-ല്‍ തന്നെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ, ജെനസിസ്, ഹ്യുണ്ടായി എന്നീ വന്‍ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ ആക്രമണാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും ഇവി വില്‍പ്പനയിലെ മാന്ദ്യം കാരണം ഇപ്പോള്‍ ഹൈബ്രിഡ് മോഡല്‍ ശ്രേണി വിപുലീകരിക്കുകയാണെന്ന് കൊറിയ എക്കണോമിക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
വിപണി ഗവേഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കിയ ഇന്ത്യയുടെ ഈ ഒരു തീരുമാനം. ഇന്ത്യയിലെ മാസ്സ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ഹൈബ്രിഡ് വാഹനങ്ങളുടെ സ്വീകാര്യത 2.5 ശതമാനത്തില്‍ എത്തിയതായി കാണിക്കുന്നു. ഇന്ത്യയിലെ എമിഷന്‍ മാനദണ്ഡങ്ങളില്‍ വരാന്‍ പോകുന്ന സാധ്യമായ മാറ്റങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് മോഡലുകളുടെ വളര്‍ച്ചക്ക് അവസരമുള്ളതായും കമ്പനി നോക്കിക്കാണുന്നു.

ഒരു ഹൈബ്രിഡ് സെല്‍റ്റോസ് അവതരിപ്പിക്കാനുള്ള തീരുമാനം വ്യത്യസ്ത ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിപണി ആവശ്യങ്ങളും നിറവേറ്റുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നല്‍കാനുള്ള കിയയുടെ പ്രതിബദ്ധതയുമായി യോജിച്ച് പോകുകയും ചെയ്യുന്നു. ഹൈബ്രിഡുകളോട് ഹ്യുണ്ടായിയും കിയയും പ്രിയം കാണിക്കാന്‍ മറ്റ് കാരണങ്ങളുമുണ്ട്. അമേരിക്കയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയുമായി ഇത് കൂട്ടിവായിക്കണം.
അമേരിക്കയിലടക്കം ഇവി വില്‍പ്പന കുറയുമ്പോള്‍ തന്നെ ഹൈബ്രിഡ് വാഹനങ്ങള്‍ വന്‍ വളര്‍ച്ച കൈവരിക്കുകയാണ്. 2024 ജനുവരി മാസത്തെ കണക്കെടുക്കുമ്പോള്‍ യുഎസിലെ ഹൈബ്രിഡ് കാര്‍ വില്‍പ്പനയില്‍ കിയ 51 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഒപ്പം തന്നെ മാതൃസ്ഥാപനമായ ഹ്യുണ്ടായിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാര്‍ വില്‍പ്പന 41 ശതമാനം കൂടിയിട്ടുണ്ട്. വരാനിരിക്കുന്ന സെല്‍റ്റോസ് ഹൈബ്രിഡ് 'മൂന്നാം തലമുറ' മോഡലായിരിക്കും.

കിയ നീറോയിലും ഹ്യുണ്ടായി കോന ഹൈബ്രിഡിലും കാണപ്പെടുന്ന 1.6 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും വരാന്‍ പോകുന്ന മോഡലിന് തുടിപ്പേകുക. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ചെറുകാറുകള്‍ക്കായുള്ള പ്ലാറ്റ്‌ഫോമുകളാണ് ഈ മോഡലുകള്‍ക്ക് അടിവരയിടുന്നത്. കാര്യക്ഷമതയ്ക്കും പെര്‍ഫോമന്‍സിനും പേരുകേട്ട മോഡലുകളാണ് കിയ നീറോയും ഹ്യുണ്ടായി കോനയും.
സെല്‍റ്റോസിനെ കുറിച്ച് പറയുമ്പോള്‍ 2019-ല്‍ സെല്‍റ്റോസിന്റെ കൈപിടിച്ചാണ് കിയ ഇന്ത്യന്‍ തീരത്ത് കാലുകുത്തിയത്. പിന്‍കാലത്ത് ബ്രാന്‍ഡിന്റെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാറായി മാറിയ സെല്‍റ്റോസ് കമ്പനിയുടെ വില്‍പ്പനയുടെ 50 ശതമാനത്തിലധികമാണ് സംഭാവന ചെയ്യുന്നത്. മിഡ്സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരം കടുത്തതോടെ തങ്ങളുടെ മോഡലിനെ പ്രസക്തമായി നിലനിര്‍ത്താന്‍ കൊറിയന്‍ കമ്പനി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സെല്‍റ്റോസിന് വമ്പന്‍ അപ്‌ഡേറ്റ് സമ്മാനിച്ചിരുന്നു.

അടുത്തിടെയാണ് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടി പുതിയ നാഴികക്കല്ല് താണ്ടിയത്. 2023 ജൂലൈ മുതല്‍ എല്ലാ മാസവും പുതിയ കിയ സെല്‍റ്റോസിന് ഏകദേശം 13,500 ബുക്കിംഗുകള്‍ ലഭിക്കുന്നതായി കമ്പനി വ്യക്തമാക്കി. 2019 ഓഗസ്റ്റില്‍ ആദ്യമായി അവതരിപ്പിച്ചതുമുതല്‍ സെല്‍റ്റോസ് എസ്‌യുവിയുടെ 6 ലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍ക്കാന്‍ സാധിച്ചതായും കിയ ഇന്ത്യ അറിയിച്ചു.
10.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി വില്‍ക്കുന്നത്. നിലവില്‍ 17 മുതല്‍ 20.7 കിലോമീറ്റര്‍ വരെയാണ് സെല്‍റ്റോസിന്റെ മൈലേജ്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൂടി വരുന്നതോടെ സെല്‍റ്റോസിന്റെ റേഞ്ച് തന്നെ മാറും. സെഗ്‌മെന്റില്‍ ഇതിനോടകം ഹൈബ്രിഡ് ഹൃദയവുമായി എത്തുന്ന രണ്ട് മോഡലുകളുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും. ഈ രണ്ട് മോഡലുകള്‍ക്കും വലിയ വെല്ലുവിളിയായിരിക്കും സെല്‍റ്റോസ് ഹൈബ്രിഡ്.


Click it and Unblock the Notifications








