സെല്‍റ്റോസ് ഇനി പഴയ വിലയില്‍ കിട്ടില്ലെന്ന് കിയ! ക്രെറ്റക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായല്ലോ...
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ജനപ്രിയ മിഡ്സൈസസ് എസ്‌യുവിയാണ് സെല്‍റ്റോസ്. കിയ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യത്തെ മോഡലാണ് സെല്‍റ്റോസ്. ദീര്‍ഘകാലം സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു സെല്‍റ്റോസ്. എന്നാല്‍ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്ന് തുടങ്ങി നിരവധി പുതുമുഖങ്ങള്‍ സെഗ്മെന്റില്‍ വരവറിയിച്ചതോടെ സെല്‍റ്റോസിന്റെ പ്രകടനം നിറം മങ്ങിത്തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെയ്സ്ലിഫ്റ്റ് പതിപ്പ് കൊണ്ടുവന്ന വേളയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി വില്‍പ്പനയില്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയുള്ള സോനെറ്റ് വരെ സെല്‍റ്റോസിന്റെ വില്‍പ്പന നമ്പറുകള്‍ മറികടന്നു.
വില്‍പ്പന മാന്ദ്യം മറികടക്കുന്നതിനായി ഇടക്കിടെ എസ്‌യുവിയില്‍ അപ്ഡേറ്റ് നല്‍കുകയും വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിക്കുകയും ചെയ്യുന്ന കിയ കഴിഞ്ഞ ദിവസം എസ്‌യുവിക്ക് പുതിയ മിഡ്സ്പെക്ക് വേരിയന്റ് സമ്മാനിച്ചിരുന്നു. ഒപ്പം ടോപ്സ്പെക് X-ലൈന്‍ വേരിയന്റില്‍ പുതിയ കളര്‍ ഓപ്ഷനും സമ്മാനിച്ചു. എന്നാല്‍ ഇതൊക്കെ കണ്ട് സെല്‍റ്റോസ് എടുക്കാമെന്ന് വിചാരിച്ചവര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കിയ സെല്‍റ്റോസിന്റെ പുതിയ GTX വേരിയന്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ കോംപാക്റ്റ് എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചു. അതിന്റെ ചില വേരിയന്റുകളെയും ഈ വില പരിഷ്‌കരണം ബാധിക്കില്ല. കിയ സെല്‍റ്റോസിന്റെ വില 19,000 രൂപ വരെയാണ് വര്‍ധിപപിച്ചിരിക്കുന്നത്. മിഡ്-സ്പെക്ക് HTX ഡീസല്‍-iMT വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വില കൂടിയിരിക്കുന്നത്.
ബേസ്-സ്പെക്ക് പെട്രോള്‍ ഉള്‍പ്പെടെയുള്ള ചില വേരിയന്റുകളെ വില വര്‍ധനവ് ബാധിച്ചിട്ടില്ല. അതേസമയം ഏറ്റവും കുറഞ്ഞ വില വര്‍ധനവ് 2,000 രൂപയാണ്.കിയ സെല്‍റ്റോസിന് അടുത്തിടെ ഒരു പുതിയ GTX വേരിയന്റ് ലഭിച്ചിരുന്നു. ഇപ്പോള്‍ HTE, HTK, HTK+, HTX, HTX+, GTX, GTX+ (S), GTX+, X-Line (S), X-Line എന്നിങ്ങനെ 10 വേരിയന്റുകളില്‍ സെല്‍റ്റോസ് ലഭ്യമാണ്. 10.90 ലക്ഷം രൂപ മുതലാണ് ഇപ്പോള്‍ കിയ സെല്‍റ്റോസിന്റെ വില ആരംഭിക്കുന്നത്.
പുതിയ വില വര്‍ധനവിന് ശേഷം ഡീസല്‍ ഓട്ടോമാറ്റിക് രൂപത്തിലുള്ള ടോപ്പ്-സ്പെക്ക് X-ലൈന്‍ വേരിയന്റ് 20.37 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ലഭ്യമാകുക. കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ മാസം സോനെറ്റ് എസ്‌യുവിയുടെ വിലയും 27,000 രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്. സെല്‍റ്റോസിന്റെ പുതിയ മിഡ്-സ്‌പെക്ക് GTX വേരിയന്റിന് 19 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം. ഈ പുതിയ വേരിയന്റ് HTX+ വേരിയന്റിന് മുകളിലും GTX+ (S) വേരിയന്റിന് താഴെയുമാണ് സ്ഥാപിച്ചിരിക്കുന്നത്.
പുതിയ GTX വേരിയന്റ് ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും. പുത്തന്‍ വേരിയന്റിന്റെ വരവോടെ ADAS കൂടുതല്‍ പേര്‍ക്ക് ആക്സസിബിള്‍ ആകും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡിജിറ്റല്‍ ഡിസ്പ്ലേയ്ക്കും വേണ്ടിയുള്ള ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, പനോരമിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്, ക്രൂയിസ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് GTX വേരിയന്റില്‍ ലഭ്യമായ പ്രധാന സവിശേഷതകള്‍.

8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഈ വേരിയന്റ് നഷ്ടപ്പെടുത്തുന്നു. ലെവല്‍ 2 ADAS ഫീച്ചറിന് പുറമേ 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് സെല്‍റ്റോസ് വേരിയന്റില്‍ സുരക്ഷയൊരുക്കുന്നത്.
ഇതിന് പുറമെ സെല്‍റ്റോസ് X-ലൈന്‍ വേരിയന്റ് ഇപ്പോള്‍ അറോറ ബ്ലാക്ക് നിറത്തിലും വാങ്ങാം. മുമ്പ് എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് കളര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. എന്നാല്‍ ഇന്റീരിയര്‍ തീമിന് മാറ്റമൊന്നുമില്ല. എക്‌സ്‌ക്ലൂസീവ് സേജ് ഗ്രീന്‍ നിറത്തിലായിരിക്കും ഇന്റീരിയര്‍ തുടര്‍ന്നും വരിക.


Click it and Unblock the Notifications








