എസ്‌യുവി ഓണര്‍ഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് വെറും 75 പൈസ! കസ്റ്റമേഴ്‌സിനോടുള്ള കിയയുടെ സ്‌നേഹം കണ്ടോ...
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ. നിലവില്‍ ഒരു ഇലക്ട്രിക് കാര്‍ ഉള്‍പ്പെടെ നാല് മോഡലുകളാണ് കിയ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഉടമസ്ഥാവകാശ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കിയ കൊണ്ടുവന്ന പ്രീപെയിഡ് മെയിന്റനന്‍സ് പാക്കേജ് വളരെ ജനപ്രിയമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസില്‍ 'മൈ കണ്‍വീനിയന്‍സ് പ്ലസ്' പാക്കേജ് അവതരിപ്പിച്ചിരുന്നു.
ഇപ്പോള്‍ സബ് കോംപാക്ട് എസ്‌യുവിയായ സോനെറ്റിന്റെ കസ്റ്റമേഴ്‌സിനും ഈ ആഫ്റ്റര്‍ സെയില്‍സ് പ്രോഗ്രാം ലഭ്യമാക്കിയതായി കിയ ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തിയ സമഗ്രമായ ആഫ്റ്റര്‍സെയില്‍സ് ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാം ഇപ്പോള്‍ സോനെറ്റ് ഉടമകള്‍ക്ക് ആക്സസ് ചെയ്യാവുന്നതാണ്. ഉപഭോക്തൃ സംതൃപ്തിയോടുള്ള കിയയുടെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കി സോനെറ്റ് ഉടമകള്‍ക്ക് സമാനതകളില്ലാത്ത പിന്തുണയും സേവനവും നല്‍കാന്‍ ഈ നീക്കം ലക്ഷ്യമിടുന്നു.

കിയ കാര്‍ ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള അവശ്യ സര്‍വീസുകളുടെ സമഗ്രമായ പാക്കേജ് ആണിത്. പ്രീപെയ്ഡ് മെയിന്റനന്‍സ് (PPM), എക്‌സ്റ്റെന്‍ഡഡ് വാറണ്ടി (EW), റോഡ്‌സൈഡ് അസിസ്റ്റന്‍സ് (RSA) എന്നീ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ കൂടാതെ, ഈ പ്രോഗ്രാം പണപ്പെരുപ്പ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. സ്‌പെയര്‍ പാര്‍ട്‌സുകളുടെയും ലേബര്‍ ചാര്‍ജിന്റെയും വര്‍ധനവില്‍ നിന്ന് സോനെറ്റ് ഉടമകള്‍ക്ക് രക്ഷനേടാന്‍ സാധിക്കും.
കിയ മൈ കണ്‍വീനിയന്‍സ് പാക്കേജ് എടുക്കുന്ന കസ്റ്റമേഴ്‌സിന് മനസമാധാനപൂര്‍ണവും തടസരഹിതമായ ഡ്രൈവിംഗ് അനുഭവവും ഉറപ്പാക്കുന്നതായാണ് കിയ അവകാശപ്പെടുന്നത്. ഇപ്പോള്‍ തന്നെ സെഗ്‌മെന്റില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന കാര്‍ എന്ന് പേരെടുത്തിരിക്കുന്ന മോഡലാണ് സോനെറ്റ്. മൈ കണ്‍വീനിയന്‍സ് പാക്കേജ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് കിലോമീറ്ററിന് 75 പൈസ വരെ മാത്രമേ ഓണര്‍ഷിപ്പ് കോസ്റ്റ് വരികയുള്ളൂവെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ സോനെറ്റിന്റെ മൂല്യം വീണ്ടും ഉയരുന്നുവെന്ന് പറയാം.

ഷെഡ്യൂള്‍ഡ് മെയിന്റനന്‍സിന് പുറമോ ആഡ് ഓണ്‍ സര്‍വീസുകളായ വീല്‍ അലൈന്‍മെന്റ്, ബാലന്‍സിങ്, ടയര്‍ റൊട്ടേഷന്‍, തിരഞ്ഞെടുത്ത പ്ലാന്‍ അനുസരിച്ച് 4 അല്ലെങ്കില്‍ 5 വര്‍ഷം വരെ വാറണ്ടി കവറേജ് എന്നിവയാണ് കിയ മൈ കണ്‍വീനിയന്‍സ് പ്ലസ് പാക്കേജിന്റെ പ്രധാന സവിശേഷതകള്‍. റോഡ് സൈഡ് അസിസ്റ്റന്‍സ് പാക്കേജില്‍ തുടക്കത്തില്‍ ഒരു വര്‍ഷത്തെ ടയര്‍ അലോയ് പ്രൊട്ടക്ഷന്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ഇത് നാലോ അഞ്ചോ വര്‍ഷത്തേക്ക് നീട്ടാന്‍ പറ്റും.
പ്രീമിയം, ലക്ഷ്വറി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ മൈ കണ്‍വീനിയന്‍സ് പ്ലസ് പ്രോഗ്രാം ലഭ്യമാണ്. പ്രീമിയം നാലുവര്‍ഷത്തേക്കും ലക്ഷ്വറി അഞ്ചുവര്‍ഷത്തേക്കുമുള്ള പ്ലാനുകളാണ്. സോനെറ്റ് പെട്രോള്‍ ഉടമകള്‍ക്ക് മൈ കണ്‍വീനിയന്‍സ് പ്ലാ് പ്രീമിയം പാക്കേജിനായി 29,996 രൂപയാണ് മുടക്ക് വരുന്നത്. അതേസമയം ലക്ഷ്വറി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 39995 രൂപയാണ് നിരക്ക് വരിക. അതേസമയം സോനെറ്റ് ഡീസലിന്റെ പ്രീമിയം പാക്കേജിന് 33,596 രൂപയും ലക്ഷ്വറിക്ക് 45995 രൂപയുമാണ് നിരക്ക്.
ഈ പ്രോഗ്രാം വഴി സോനെറ്റ് ഉടമകള്‍ക്ക് 7000 രൂപ വരെ ലാഭിക്കാം. മാത്രമല്ല പാന്‍ ഇന്ത്യ കവറേജും വാലിഡിറ്റിയും പ്ലസാണ്. ഉടമസ്ഥാവകാശ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, പുതിയ സോനെറ്റ് ഉടമകള്‍ക്കായി കൊറിയന്‍ വാഹന ഭീമന്‍മാര്‍ ഒരു സ്‌ക്രാച്ച് കെയര്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. വില്‍പ്പന തീയതി മുതല്‍ ആദ്യത്തെ 12 മാസത്തിനുള്ളില്‍ ഒരു സൗജന്യ സ്‌ക്രാച്ച് റിപ്പയര്‍ അനുവദിക്കുന്നു. ഡെന്റ് ഇല്ലാതെയാണ് ഈ സേവനമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
മൈകിയ ആപ്പ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത കിയ ഡീലര്‍ഷിപ്പില്‍ നിന്ന് ഓഫ്ലൈനായോ ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഡെലിവറി കഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ ഈ പ്രോഗ്രാം വാങ്ങണം. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഇതിനകം തന്നെ മെയിന്റനന്‍സ് വളരെ കുറവുള്ള ഒരു മോഡലാണ് കിയ സോനെറ്റ്.
പൈസ വസൂലാകുന്ന ഒരു കാര്‍ എന്നതിനൊപ്പം മൈ കണ്‍വീനിയന്‍സ് പ്ലസ് പാക്കേജ് കൂടി ഈ മോഡലില്‍ അവതരിപ്പിച്ചതോടെ ഇത് കൂടുതല്‍ ആകര്‍ഷകമായ ഒരു ഓപ്ഷനായി മാറിയിരിക്കുകയാണ്. സെല്‍റ്റോസ് ഉടമകള്‍ അടക്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ പ്രോഗ്രാം സോനെറ്റ് ഉടമകളും പരമാവധി പ്രയോജനപ്പെടുത്തുമെന്നാണ് കിയയുടെ പ്രതീക്ഷ.


Click it and Unblock the Notifications








