കുറഞ്ഞ പൈസക്ക് കൂടുതല്‍ ഫീച്ചറുകളുമായി 3 കാറുകള്‍! 5-ാം വാര്‍ഷികത്തിന് ഇന്ത്യക്കാര്‍ക്ക് സമ്മാനവുമായി കിയ
ഉത്സവ സീസണിന് മുമ്പായി തങ്ങളുടെ വാഹന നിര നവീകരിക്കുകയാണ് വണ്ടിക്കമ്പനികള്‍. പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ അഞ്ചാമത്തെ വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. 59 മാസത്തിനുള്ളില്‍ ഒരു ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ഇന്ത്യയില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ബ്രാന്‍ഡ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള അഞ്ച് ബ്രാന്‍ഡുകളില്‍ ഒന്നായി മാറാന്‍ ചുരുങ്ങിയ സമയം മാത്രമാണ് കിയക്ക് വേണ്ടി വന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിയ സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ് മോഡലുകള്‍ക്കായി ഗ്രാവിറ്റി വേരിയന്റ് അവതരിപ്പിച്ചു. ഗ്രാവിറ്റി എഡിഷന്‍ ശ്രേണിയിലേക്ക് കുറച്ച് അപ്ഗ്രേഡുകളും കൂടുതല്‍ സവിശേഷതകളും പുതിയ നിറങ്ങളും ചേര്‍ക്കുന്നു.
കിയ സോനെറ്റ് ഗ്രാവിറ്റി: കിയയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാര്‍ മോഡലാണ് സോനെറ്റ്. അകത്തളത്തില്‍ നേവി സ്റ്റിച്ചിംഗ് ഉള്ള ഇന്‍ഡിഗോ പെറ സീറ്റുകള്‍, ഒരു TGS ലെതര്‍ നോബ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡാഷ് ക്യാം, ഫ്രണ്ട് ഡോര്‍ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് സീറ്റുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ ഹെഡ്റെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ സെന്റര്‍ ആംറെസ്റ്റ് എന്നിവ ഒരുക്കിയിരിക്കുന്നു.

റിയര്‍ സ്‌പോയിലര്‍, R16 അലോയി വീലുകള്‍, ഗ്രാവിറ്റി ബാഡ്ജ് എന്നിവ എക്‌സ്റ്റീരിയറില്‍ കാണാം.സോനെറ്റ് ഗ്രാവിറ്റി ട്രിം മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 6 സ്പീഡ് ഐഎംടിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയോടൊപ്പം സോനെറ്റ് ഗ്രാവിറ്റി എഡിഷന്‍ വാങ്ങാം.
ഇവയ്ക്ക് യഥാക്രമം 10.50 ലക്ഷം, 11.20 ലക്ഷം, 12 ലക്ഷം എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പേള്‍ വൈറ്റ്, അറോറ ബ്ലാക്ക് പേള്‍, മാറ്റ് ഗ്രാഫൈറ്റ് എന്നിവ കളര്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായാണ് സോനെറ്റില്‍ ഒരു ലോവര്‍ സ്‌പെക്ക് സ്‌പെഷ്യല്‍ എഡിഷന്‍ കൊണ്ടുവരുന്നത്. ഗ്രാവിറ്റി എഡിഷന്‍ കൂടി ചേരുന്നതോടെ ഉപഭോക്താക്കള്‍ക്ക് മൊത്തം 22 വേരിയന്റുകളില്‍ സോനെറ്റ് തെരഞ്ഞെടുക്കാം.

കിയ സെല്‍റ്റോസ് ഗ്രാവിറ്റി: ഡാഷ് ക്യാമറ, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ക്കും കോ-ഡ്രൈവറിനുമുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ബോസ് സ്പീക്കര്‍ സിസ്റ്റം, ഓട്ടോ ഹോള്‍ഡോടു കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (EPB) എന്നിവയാണ് സെല്‍റ്റോസ് ഗ്രാവിറ്റി എഡിഷനില്‍ വരുന്ന പ്രധാന സവിശേഷതകള്‍. 17 ഇഞ്ച് മെഷീന്‍ഡ് വീലുകള്‍, ഗ്ലോസി ബ്ലാക്ക് റിയര്‍ സ്പോയിലര്‍, ബോഡി-കളറിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, എക്സ്‌ക്ലൂസീവ് ഗ്രാവിറ്റി എംബ്ലം (പിഐഒ) എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
മിഡ്‌സൈസ് എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ഗ്രാവിറ്റി എഡിഷന്‍ ലഭ്യമാകും. HTX വേരിയന്റിന് മുകളിലാണ് സെല്‍റ്റോസ് ഗ്രാവിറ്റി ട്രിം സ്ഥാപിച്ചിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഐവിടിയുമായി ജോടിയാക്കിയ സ്മാര്‍ട്‌സ്ട്രീാ G1.5 പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ സവിശേഷത. ഇവയ്ക്ക് യഥാക്രമം 16.63 ലക്ഷം, 18.06 ലക്ഷം എന്നിങ്ങനെയാണ് വില.
കൂടാതെ, ഇത് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ D1.5 CRDi VGT ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു. സെല്‍റ്റോസ് ഗ്രാവിറ്റി എഡിഷന്റെ ഡീസല്‍ വേരിയന്റിന് 18.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഗ്ലേഷ്യല്‍ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, ഡാര്‍ക്ക് ഗണ്‍ മെറ്റല്‍ എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്.
കിയ കാരെന്‍സ് ഗ്രാവിറ്റി: മള്‍ട്ടി പര്‍പ്പസ് വാഹനമായ കാരെന്‍സിലും കിയ ഗ്രാവിറ്റി എഡിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. കാരെന്‍സ് ഗ്രാവിറ്റി പതിപ്പ് പ്രീമിയം (O) വേരിയന്റിന് മുകളിലാണ് സ്ഥാനം പിടിക്കുന്നത്. ഇതിന് കൂടുതല്‍ ഫീച്ചറുകളും മെച്ചപ്പെട്ട ഇന്റീരിയറും ലഭിക്കുന്നു. ഈ വേരിയന്റില്‍ ആര്‍ട്ടിഫിഷ്യല്‍ ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, ഡി-കട്ട് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ലെതറെറ്റ് ഡോര്‍ സെന്റര്‍ ട്രിംസ്, എല്‍ഇഡി മാപ്പ്, റൂം ലാമ്പുകള്‍ എന്നിവയ്ക്കൊപ്പം ആംറെസ്റ്റുകളും ഉള്‍പ്പെടുന്നു.

പ്രീമിയം (O) ട്രിമ്മിന് മുകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മറ്റ് ഫീച്ചറുകള്‍ക്കൊപ്പം ഒരു ഡാഷ് ക്യാമും സണ്‍റൂഫും ഇതില്‍ ഉള്‍പ്പെടുന്നു. കിയ കാരെന്‍സ് എംപിവി ഇപ്പോള്‍ അതിന്റെ വേരിയന്റുകളില്‍ നിന്ന് ലഗേജ് ഹുക്ക് ഒഴിവാക്കിയിരിക്കുന്നു. മൂന്ന് വ്യത്യസ്ത എഞ്ചിനുകളാണ് കാരെന്‍സ് ഗ്രാവിറ്റി വേരിയന്റിന് കരുത്തേകുന്നത്.
6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍, 6 സ്പീഡ് ഐഎംടിയുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം വരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. കാരെന്‍സ് ഗ്രാവിറ്റി വേരിയന്റിന്റെ പെട്രോള്‍ പതിപ്പിന് 12.10 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 14 ലക്ഷം രൂപയുമാണ് വില .
ജനപ്രിയ മോഡലുകളായ സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ് എന്നിവയില്‍ ഗ്രാവിറ്റി ബാഡ്ജിംഗിലൂടെ മെച്ചപ്പെടുത്തിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നത് വഴി കിയ ഇന്ത്യ അതിന്റെ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. ഉത്സവ സീസണില്‍ പുതുതലമുറ കിയ കാര്‍ണിവല്‍, EV9 എന്നിങ്ങനെ രണ്ട് പുത്തന്‍ മോഡലുകളും കൊറിയക്കാര്‍ ഇന്ത്യയിലെത്തിക്കും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ പുതിയ കാര്‍ണിവലിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








