ഇത്രയും കുറഞ്ഞ വിലയില്‍ കിയ എസ്‌യുവിയോ? പഞ്ചും എക്‌സ്റ്ററും കണ്ണുംപൂട്ടി വാങ്ങാന്‍ വരട്ടെ...
വാഹനപ്രേമികള്‍ക്ക് ഇതിനകം സുപരിചിതമായ ഒരു നാമമാണ് കിയ ക്ലാവിസ്. കൊറിയന്‍ കമ്പനി പുതുതായി പുറത്തിറക്കാന്‍ പോകുന്ന കോംപാക്ട് എസ്‌യുവിക്ക് ഈ പേര് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനോടകം ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന കാറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഇതിനോടകം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച കാറുകളിലൊന്നാണ് കിയ ക്ലാവിസ്. കിയയുടെ ജനപ്രിയ മോഡലുകളായ സെല്‍റ്റോസ്, സോനെറ്റ് എന്നീ മോഡലുകള്‍ക്കിടയിലാണ് ക്ലാവിസ് സ്ഥാനം പിടിക്കുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കോംപാക്ട് എസ്‌യുവി ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവികളോട് മത്സരിക്കുന്നതിനാണ് കിയ കൊണ്ടുവരുന്നതെന്നാണ് സൂചന. ഏതായാലും ഈ വര്‍ഷം തന്നെ പുതിയ എസ്‌യുവി അവതരിപ്പിക്കാനാണ് കിയ ഒരുങ്ങുന്നത്.

2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ വില പ്രഖ്യാപനവുമുണ്ടായേക്കും. കിയ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പുതിയ പേര് ട്രേഡ്മാര്‍ക്ക് ചെയ്തതോടെ പുതിയ എസ്‌യുവിയുടെ പേരിനെ പറ്റിയുള്ള ചര്‍ച്ചകളും ചൂടുപിടിച്ചു. കിയയുടെ വരാന്‍ പോകുന്ന എസ്‌യുവി ക്ലാവിസ് എന്ന പേരില്‍ വരില്ലെന്നാണ് വിവരം. പകരം കിയ സിറോസ് എന്ന പേരില്‍ വില്‍പനയ്ക്ക് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. സിറോസ് എന്ന പേരാണ് കിയ ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപാരമുദ്ര ചാര്‍ത്തിയിരിക്കുന്നത്.
വരാന്‍ പോകുന്ന എസ്‌യുവിക്ക് ക്ലാവിസിന് പകരം സിറോസ് എന്ന് പേര് ലഭിക്കുമെന്ന് പറയാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയില്‍ കിയയുടെ എംപിവികളുടെ പേരുകള്‍ തുടങ്ങുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'C' എന്ന അക്ഷരത്തിലാണ്. കാരെന്‍സും കാര്‍ണിവലും ഇതിന് ഉദാഹരണങ്ങളാണ്. മറുവശത്ത്, എസ്‌യുവികളുടെ പേരുകള്‍ ആരംഭിക്കുന്നത് 'S' എന്ന അക്ഷരത്തിലാണ്. ഉദാഹരണാമായി സെല്‍റ്റോസും സോനെറ്റും നമ്മുടെ മുന്നിലുണ്ട്.

വരാന്‍ പോകുന്ന മോഡല്‍ ഒരു എസ്‌യുവിയാണ്. അതുകൊണ്ട് 'C' അക്ഷരത്തില്‍ തുടങ്ങുന്ന ക്ലാവിസിന് പകരം 'S' അക്ഷരത്തില്‍ തുടങ്ങുന്ന സിറോസിന് നറുക്ക് വീഴാനാണ് സാധ്യത. വരാന്‍ പോകുന്ന എസ്‌യുവി ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വരുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ വന്നാല്‍ ഐസി എഞ്ചിന്‍ അല്ലെങ്കില്‍ ഇലക്ട്രിക് പതിപ്പിന് സിറോസ് എന്ന പേര് ഉപയോഗിച്ചേക്കാം.
ക്ലാവിസ് എന്ന നെയിംപ്ലേറ്റ് മറ്റ് മോഡലുകള്‍ക്കായി റിസര്‍വ് ചെയ്‌തേക്കാം. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ കിയ സിറോസ് പുറത്തിറക്കാന്‍ സാധ്യതയുള്ളൂ. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഈ എഞ്ചിനില്‍ നല്‍കാം. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ മധ്യത്തോടെ കിയ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് വില്‍പ്പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതിന്റെ നേരിട്ടുള്ള എതിരാളിയായ ടാറ്റ പഞ്ചിന് ഐസി എഞ്ചിനിനൊപ്പം ഒരു ഇലക്ട്രിക് ഓപ്ഷനും ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. മറുവശത്ത് ഹ്യുണ്ടായി എക്സ്റ്റര്‍ നിലവില്‍ ഐസി എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഭാവിയില്‍ ഒരു ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ രണ്ട് മോഡലുകള്‍ക്കും വെല്ലുവിളി ഉയര്‍ത്താനായി കിയ സിറോസിന് ഒരു ഇലക്ട്രിക് പതിപ്പും സമ്മാനിക്കും.
പനോരമിക് സണ്‍റൂഫ്, ADAS, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയടക്കം നിരവധി സവിശേഷതകളും കിയയുടെ പുത്തന്‍ എസ്‌യുവിയില്‍ നമുക്ക് പ്രതീക്ഷിക്കാം. ADAS-ന് പുറമെ ആറ് എയര്‍ബാഗുകള്‍, റിയര്‍ ഡിസ്‌ബ്രേക്കുകള്‍, എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സേഫ്റ്റി ഫീച്ചറുകളും കാറില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്.
പ്രാദേശികമായിട്ടായിരിക്കും പുതിയ കിയ കാറിന്റെ നിര്‍മാണം. അങ്ങനെ വന്നാല്‍ ഇത് കിയയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാകുന്ന ഓഫറിംഗ് ആയിരിക്കും. 6 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാണ് ഈ പുതിയ കാറിന് നില പ്രതീക്ഷിക്കുന്നത്. ഈ ഒരു വില നിലവാരത്തില്‍ പറുത്തിറങ്ങിയാല്‍ കിയയുടെ പുതിയ എസ്‌യുവി സെഗ്‌മെന്റില്‍ പഞ്ചിനും എക്‌സ്റ്ററിനും വലിയ തലവേദന സൃഷ്ടിക്കും.
ഏതായാലും വരാന്‍ പോകുന്ന കോംപാക്ട് എസ്‌യുവി മോഡലിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ കൊറിയൻ വാഹന ഭീമൻ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി തന്നെ പുറത്തുവിടും അതുവരെ നമുക്ക് ക്ഷമിച്ചിരിക്കാം. പുതിയ കിയ കാറിന്റെ ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലായാളം സ്ഥിരമായി സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








