കൊൽക്കത്തയുടെ മഞ്ഞക്കുപ്പായക്കാരൻ സർവീസ് നിർത്തുന്നു! വിട പറയുന്നത് നീണ്ട 64 വർഷത്തെ ഓർമകൾ ബാക്കിയാക്കി
പഴയ കൽക്കട്ടയായ ഇപ്പോഴത്തെ കൊൽക്കത്ത എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്നത് മഞ്ഞ ടാക്സി കാറുകളായിരിക്കും. ഒരു കാലത്ത് കൊൽക്കത്തയിലേക്ക് സ്ഥലം മാറി വരുന്നവരും ജോലി കിട്ടി പുതിയ ജീവിതം കെട്ടിപ്പടുക്കുവാനും സ്വപ്നം കണ്ട് എത്തുമ്പോൾ അവിടെയൊക്കെ ഒരു വഴികാട്ടിയായി ഒരു മഞ്ഞക്കുപ്പായക്കാരനും അതിൻ്റെ സാരഥിയും കാത്ത് നിൽക്കുന്നുണ്ടാവും. 60 -കളിലാണ് ആദ്യമായി മഞ്ഞ ടാക്സി അംബാസഡർ കാറുകൾ കൊൽക്കത്തയിൽ സർവീസ് തുടങ്ങുന്നത്. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് 1958-ലാണ് കൊൽക്കത്തയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഹിന്ദ്‌മോട്ടറിലെ അവരുടെ ഫാക്ടറിയിൽ ഐക്കണിക് അംബാസഡർ നിർമ്മിക്കാൻ തുടങ്ങിയത്.
ചരിത്രത്തിലേക്ക് നോക്കിയാൽ 1956-ലെ മോറിസ് ഓക്‌സ്‌ഫോർഡ് സീരീസ് III-നെ അടിസ്ഥാനമാക്കി, ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ഡിസൈനർ സർ അലക്‌സാണ്ടർ ഇസിഗോണിസ് ഡിസൈൻ ചെയ്ത അംബാസഡർ, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായി മാറാൻ അധിക സമയം വേണ്ടിവന്നില്ല, അതിന്റെ കരുത്തുറ്റ ബോഡിയും വിശാലമായ ഇന്റീരിയറുകളും കാരണം സർക്കാർ ഉദ്യോഗസ്ഥർക്ക് അതൊരു ഒരു സ്റ്റാറ്റസ് ചിഹ്നവും പ്രിയപ്പെട്ട വാഹനവുമായി മാറിയിരുന്നു.

1962-ൽ, കൽക്കട്ട ടാക്സി അസോസിയേഷൻ രണ്ട് നിറങ്ങളിലുള്ള സ്റ്റാൻഡേർഡ് ടാക്സി മോഡലുകളായി അംബാസഡർ കാറുകളെ അവതരിപ്പിച്ചു. അതായത് നഗര യാത്രയ്ക്ക് വേണ്ടി മഞ്ഞയും കറുപ്പും, ഇന്റർസിറ്റി യാത്രയ്ക്ക് മഞ്ഞ ടാക്സികൾ എന്നിങ്ങനെയായിരുന്നു കാറ്റഗറി തിരിച്ചത്. 1994-ൽ, മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ കീഴിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ എല്ലാ ടാക്സികൾക്കും "ഓൾ ബംഗാൾ പെർമിറ്റ്" പ്രഖ്യാപിച്ചത് വലിയ മുന്നേറ്റമായിരുന്നു.
കൊൽക്കത്ത ക്യാബുകൾക്ക് അവയുടെ സാർവത്രികവും അതോടൊപ്പം തന്നെ ഐക്കണിക് ആയതുമായ മഞ്ഞ നിറവും സർക്കാർ നൽകുകയും ചെയ്തു. കാര്യങ്ങളെല്ലാം വളരെ സുഗമമായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് 2009 -ൽ ആ വർഷം ജൂലൈയിൽ, 15 വർഷത്തിലധികം പഴക്കമുള്ള എല്ലാ വാണിജ്യ വാഹനങ്ങളും നിർത്തലാക്കാൻ സുപ്രീം കോടതിയുടെ ഹരിത ബെഞ്ച് ഉത്തരവിടുന്നത്.

എന്നാൽ ഈ ഉത്തരവിനെത്തുടർന്ന്, 10,000-ത്തിലധികം ടാക്സി ഡ്രൈവർമാർ അവരുടെ വാഹനങ്ങൾ പുതിയ അംബാസഡർ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്തതായി സംസ്ഥാന ഗതാഗത വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. നഗരത്തിൻ്റെ തന്നെ പാരമ്പര്യവും ഐക്കണിക്കായി നിന്നിരുന്ന ടാക്സികൾക്ക് നേരെ ഉണ്ടായ ആദ്യ പ്രഹരമായിരുന്നു അത്.
2013-ൽ, ബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ വാണിജ്യ ടാക്സി ക്യാബുകളുടെ മാതൃക മാരുതി സ്വിഫ്റ്റ് ഡിസയറാക്കി മാറ്റുകയും അതേ പോലെ തന്നെ . ടാക്സിയുടെ നിറവും മഞ്ഞയിൽ നിന്ന് നീലയും വെള്ളയുമായി മാറ്റുകയും ചെയ്തു. 2015-ൽ, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് തങ്ങളുടെ ഉത്തർപാറ പ്ലാന്റിൽ അംബാസഡറിന്റെ ഉത്പാദനം നിർത്തുകയാണ് എന്ന് പ്രഖ്യാപിച്ചു.

വാഹനങ്ങൾ നിർത്തുന്നതിന് മറ്റൊരു കാരണമായി പറയുന്നത് വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും, ടാക്സി നിരക്കുകളുടെ സ്തംഭനവും, വാഹന അറ്റകുറ്റപ്പണികളുടെ അമിതമായ വിലയും ചേർന്ന് നിരവധി ടാക്സി ഓപ്പറേറ്റർമാരെ പുതിയ വാഹനങ്ങളിലേക്ക് പോകാൻ നിർബന്ധിതരാക്കുകയും ചെയ്തു. മറ്റൊന്ന്, ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളുടെ കടന്നുവരവ് ഉപഭോക്തൃ മുൻഗണനകളെ ഗണ്യമായി മാറ്റി, ഇത് അംബാസഡർ ടാക്സികളുടെ വിപണി സ്ഥലത്ത് ഗണ്യമായ ചുരുങ്ങലിന് കാരണമായി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








