പണക്കാര്‍ വാങ്ങാന്‍ മത്സരിക്കുന്ന ഈ കാര്‍ ഇനി പെട്രോളിലും കറണ്ടിലും ഓടും! കോടികള്‍ ഇറക്കിയാലും കാശ് ലാഭമാ...
പുതിയ ഉറുസ് SE ഇന്ത്യന്‍ വിപണിയിലെത്തിച്ച് ലംബോര്‍ഗിനി. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണ് ഈ പെര്‍ഫോമന്‍സ് എസ്‌യുവി. 4.57 കോടി രൂപ എക്സ്ഷോറൂം വിലയാണ് ഉറൂസ് SE ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉറൂസ് പെര്‍ഫോര്‍മന്റെ, S വേരിയന്റുകള്‍ക്കൊപ്പമാണ് പുതിയ SE വേരിയന്റ് ചേരുന്നത്. പുതിയ പവര്‍ട്രെയിനിന് പുറമെ, ടെക്, ഫീച്ചര്‍ അപ്ഗ്രേഡുകള്‍ക്കൊപ്പം പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്‌റ്റൈലിംഗും ഉറുസ് SE-ക്ക് ലഭിക്കുന്നു. എന്നിരുന്നാലും എസ്‌യുവിയുടെ അടിസ്ഥാന സിലൗറ്റ് ലംബോര്‍ഗിനി ഉറുസ് ലൈനപ്പിന് സമാനമാണ്.
പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആദ്യത്തെ എസ്‌യുവിയാണ് ഉറൂസ്. ലോകത്ത് ജനപ്രിയമായ ഈ ബോഡിടൈപ്പില്‍ ഒരു വാഹനം ഇറക്കാന്‍ കമ്പനി ആദ്യം മടിച്ചുവെങ്കിലും ഉറൂസ് അവര്‍ക്ക് ലോട്ടറിയായി. ഇന്ന് ഇന്ത്യയിലടക്കം ചൂടപ്പം പോലെയാണ് ഉറൂസ് വിറ്റുപോകുന്നത്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നായി ഉറൂസ് പേരെടുത്തു. പുത്തന്‍ ഉറൂസ് വേരിയന്റായ SE-യുടെ ഡിസൈന്‍ വശം നമുക്ക് ആദ്യം പരിശോധിക്കാം. പുതിയ ഉറൂസ് SE-ക്ക് നീളമുള്ള ബോണറ്റുണ്ട്.

മെലിഞ്ഞിരിക്കുന്ന ഹെഡ്ലാമ്പ് യൂണിറ്റ് റാപ്പറൗണ്ട് ഡിആര്‍എല്ലുകളോട് കൂടിയ മട്രിക്‌സ് എല്‍ഇഡി സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു. ബോണറ്റില്‍ പുതിയ ക്യാരക്ടര്‍ ലൈനുകള്‍ എയറോഡൈനാമിക്സിലും കൂളിംഗ് കാര്യക്ഷമതയിലും മെച്ചപ്പെടുത്തലുകള്‍ വരുത്തിയതായി ലംബോര്‍ഗിനി അവകാശപ്പെടുന്നു. പുതുക്കിയ ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ മോഡലിന് ഷാര്‍പ്പര്‍ ലുക്ക് നല്‍കുന്നു. കൂടാതെ ഒരു പുതിയ ടെയില്‍ ലാമ്പ് ഗ്രില്ലും ഇതിന് ലഭിക്കുന്നു. പിറെല്ലി പി സീറോസ് ടയറില്‍ പൊതിഞ്ഞ 21 ഇഞ്ച് വീലിലാണ് ഇത് ഓടുന്നത്.
എക്‌സ്റ്റീരിയര്‍ പോലെ തന്നെ ലംബോര്‍ഗിനി ഉറുസ് SE പെര്‍ഫോമന്‍സ് എസ്‌യുവിയുടെ അകത്തളത്തിലും സൂക്ഷ്മമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത എസി വെന്റുകള്‍, പുതുക്കിയ മെറ്റീരിയലുകള്‍, പുതിയ പാനല്‍, ഡാഷ്ബോര്‍ഡ് കവറിംഗുകള്‍ എന്നിവയാണ് ഉറുസ് SE-യുടെ ക്യാബിനിലുണ്ട്. പുതിയ ലംബോര്‍ഗിനി റെവല്‍റ്റോയില്‍ നിന്നുള്ള 12.3-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഇതിന് കൂടുതല്‍ റെസ്‌പോണസീവ് UI , കൂടാതെ ഒരു സമര്‍പ്പിത ടെലിമെട്രി സംവിധാനവും ഉണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 620 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 4.0-ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഉറുസ് SE-ക്ക് കരുത്ത് പകരുന്നത്. 25.9kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ഘടിപ്പിക്കുന്നതിനായി എഞ്ചിന്‍ റീ-എഞ്ചിനിയര്‍ ചെയ്തിട്ടുണ്ട്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ വരുന്നത്. 800hp പവറും 950Nm ടോര്‍ക്കും ആണ് മൊത്തം പവര്‍ ഔട്ട്പുട്ട്.
ഉറൂസ് SE-ക്ക് 60 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. ഇവി മോഡില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാം. ഇലക്ട്രിക് മോഡില്‍ പോലും ഫോര്‍ വീല്‍ ഡ്രൈവ് ഉണ്ടെന്നതാണ് ഉറൂസ് SE-യുടെ പ്രത്യേകത. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 312 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.

റോഡ്, ട്രാക്ക് ഉപയോഗത്തിനുള്ള സ്ട്രാഡ, സ്പോര്‍ട്, കോര്‍സ മോഡുകളും ഓഫ്-റോഡ് ഉപയോഗത്തിന് നെവെ, സബിയ, ടെറ എന്നിവ കൂടാതെ, ഉറൂസ് SE-ക്ക് നാല് അധിക മോഡുകളും ലഭിക്കുന്നു. ഇവി ഡ്രൈവ്, ഹൈബ്രിഡ്, റീചാര്‍ജ്, പെര്‍ഫോമന്‍സ് എന്നിവയാണവ. പുതിയ റീചാര്‍ജ് മോഡ് മികച്ച പെര്‍ഫോമന്‍സ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ബാറ്ററി 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ഓണ്‍-റോഡ്, ഓഫ്-റോഡ് സാഹചര്യങ്ങളില്‍ പെര്‍ഫോമന്‍സ് മോഡ് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും ലംബോര്‍ഗിനി പറയുന്നു.
ഉറൂസ് SE-യില്‍ എയര്‍ സസ്പെന്‍ഷന്‍, ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ്പ് റിയര്‍ ഡിഫറന്‍ഷ്യല്‍, പരിഷ്‌ക്കരിച്ച ഇലക്ട്രോണിക്സ്, 48V ആന്റി-റോള്‍ ബാറുകള്‍ എന്നിവയുണ്ട്. രാജ്യത്ത് 4.18 കോടി രൂപ മുതലാണ് ഉറൂസ് ശ്രേണിയുടെ വില ആരംഭിക്കുന്നത്. പുതിയ ഉറൂസ് SE ഓള്‍ ഇലക്ട്രിക് ലോട്ടസ് എലെട്ര, പോര്‍ഷ് കയെന്‍ GTS, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX , ഔഡി RS Q8, ബിഎംഡബ്ല്യു XM എന്നിവയുമായി ഏറ്റുമുട്ടുന്നു.


Click it and Unblock the Notifications








