വിമാനയാത്ര ഒഴിവാക്കി സെലിബ്രിറ്റികള്‍ ഈ എംപിവി വാങ്ങുന്നു! കൊടുത്തു തീര്‍ക്കാനാകാതെ ബുക്കിംഗ് നിര്‍ത്തി കമ്പനി
ഇന്ത്യയിലെ ഏറ്റവും വില കൂടിയ ആഡംബര എംപിവികളില്‍ ഒന്നാണ് ലെക്‌സസ് LM 350h. ഫസ്റ്റ് ക്ലാസ് വിമാനയാത്രക്ക് സമാനമായ സുഖവും സൗകര്യങ്ങളും നല്‍കുന്ന എംപിവി വാങ്ങാനായ ബിസിനസുകാരും സെലിബ്രിറ്റികളും മത്സരിക്കുകയാണ്. ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് കപൂര്‍, നടി ജാന്‍വി കപൂര്‍, ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് അടുത്തിടെ ലെക്‌സസ് LM 350h എംപിവി വാങ്ങിയ സെലിബ്രിറ്റികള്‍. അനന്ത് അംബാനിയുടെ വിവാഹ സമയത്ത് മുകേഷ് അംബാനിയും കുടുംബവും ഈ കാര്‍ വാങ്ങിയിരുന്നു. ലക്ഷ്വറി, സുഖസൗകര്യങ്ങള്‍, നൂതന സവിശേഷതകള്‍ എന്നിവയുടെ സംയോജനവുമാണ് ലെക്‌സസ് മോഡലിനെ പ്രിയപ്പെട്ടതാക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ കാര്‍ മോഡല്‍ വാങ്ങാന്‍ ഉദ്ദേശിച്ചാല്‍ പെട്ടെന്ന് കൈയ്യില്‍ കിട്ടില്ലെന്നാണ് ലെക്‌സസ് പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത ഡിമാന്‍ഡ് നേരിടുന്ന സാഹചര്യത്തില്‍ 2024 സെപ്റ്റംബര്‍ 21 മുതല്‍ ആഡംബര എംപിവിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ലെക്‌സസ് ഇന്ത്യ അറിയിച്ചു. നിലവിലുള്ള ഓര്‍ഡറുകള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കമ്പനി വിതരണ പ്രശ്നങ്ങള്‍ നേരിടുന്നതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

മികച്ച പ്രതികരണത്തിന് ഉപഭോക്താക്കളോട് നന്ദി രേഖപ്പെടുത്തുകയും എത്രയും വേഗം ബുക്കിംഗ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും ലെക്‌സസ് ഇന്ത്യ പറഞ്ഞു. 2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറിയ LM 350h ഈ വര്‍ഷം മാര്‍ച്ചിലാണ് ടൊയോട്ടയുടെ ലക്ഷ്വറി വാഹന വിഭാഗമായ ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.
2024 ഓഗസ്റ്റിലാണ് ഡെലിവറി ആരംഭിച്ചത്. 7 സീറ്റര്‍, 4 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ വാഹനം വാങ്ങാം. 7 സീറ്റര്‍ പതിപ്പിന് 2 കോടി രൂപയാണ് വില. കൂടുതല്‍ ആഡംബരം നിറഞ്ഞ 4 സീറ്റര്‍ അള്‍ട്ര ലക്ഷ്വറി ട്രിമ്മിന് 2.5 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്-ഷോറൂം വിലകളാണിത്.

GA-K മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് LM 350h നിര്‍മിച്ചിരിക്കുന്നത്. ക്യാബിന്‍ സ്പേസ് വര്‍ധിപ്പിക്കുന്നതിനായി ബോക്സി ആകൃതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. വ്യതിരിക്തമായ വലിയ സ്പിന്‍ഡില്‍ ഗ്രില്‍, ഷാര്‍പ്പ് സ്‌റ്റൈല്‍ഡ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് ഫോഗ് ലൈറ്റുകള്‍, ഫുള്‍ വീതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. 'ലക്ഷ്വറി മൂവര്‍' എന്നാണ് എംപിവിയുടെ പേരിലെ LM എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. h ഹൈബ്രിഡ് ആണെന്ന് സൂചിപ്പിക്കുന്നു.
വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ക്യാബിനിനോട് സാമ്യമുള്ള സവിശേഷതകളുമായാണ് ഇതിന്റെ 4 സീറ്റര്‍ പതിപ്പ് ലഭ്യമാകുന്നത്. റിക്ലൈനര്‍ സീറ്റുകള്‍, 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പ്ലഷ് ഹെഡ്റെസ്റ്റുകള്‍, ഒരു മിനി ഫ്രിഡ്ജ്, ഒരു വലിയ 48 ഇഞ്ച് ടിവി എന്നീ സൗകര്യങ്ങള്‍ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നു. മടക്കാവുന്ന ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, ഫോണുകള്‍ക്കുള്ള വയര്‍ലെസ് ചാര്‍ജിംഗ്, റീഡിംഗ് ലാമ്പുകള്‍, വാനിറ്റി മിററുകള്‍, അംബ്രല്ല ഹോള്‍ഡര്‍ എന്നിവയും ഇന്റീരിയറില്‍ വാഗ്ദാനം ചെയ്യുന്നു.

അഡാപ്റ്റീവ് സസ്പെന്‍ഷനും യാത്രക്കാരുടെ ശരീരത്തിലെ ചൂടിനെ അടിസ്ഥാനമാക്കി താപനില ക്രമീകരിക്കുന്ന പുതിയ സെന്‍സര്‍ അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും പോലുള്ള ഫീച്ചറുകള്‍ ആഡംബരവും സൗകര്യവും കൂട്ടുന്നു. നോയ്‌സ് റിഡക്ഷന്‍ ടയറുകള്‍, ആക്ടീവ് നോയ്‌സ് കണ്‍ട്രോള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍ എന്നിവയ്ക്കൊപ്പം ശാന്തമായ യാത്രയ്ക്കും ലെക്സസ് മുന്‍ഗണന നല്‍കുന്നു. ലെക്‌സസ് സേഫ്റ്റി സിസ്റ്റം+ 3 ADAS സ്യൂട്ട് സുരക്ഷയൊരുക്കുന്നു്.
246 bhp പവറും 239 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍-ഹൈബ്രിഡ് എഞ്ചിനാണ് LM 350h എംപിവിക്ക് തുടിപ്പേകുന്നത്. eCVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ഇതില്‍ വരുന്നത്. ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഭാഗമായ നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയും നാല് വീലുകളിലേക്കും പവര്‍ അയക്കുന്ന ഓള്‍-വീല്‍ ഡ്രൈവ് (AWD) സംവിധാനവും ഇതിന്റെ സവിശേഷതയാണ്.
ലക്ഷ്വറി എംപിവി ലിറ്ററിന് 19.28 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫുള്‍ ടാങ്ക് എണ്ണയടിച്ചാല്‍ 1200 കിലോമീറ്റര്‍ ഓടും. ഡിമാന്‍ഡ് കാരണം ബുക്കിംഗ് നിര്‍ത്തിവെക്കേണ്ടി വന്നത് ഒരു വാഹനത്തിന്റെ വിജയമായി നമുക്ക് പറയാം. ഏതായാലും വിതരണ ശൃംഖലയിലെ പ്രശ്്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിച്ച് ലെക്‌സസ് എംപിവിയുടെ ബുക്കിംഗ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഞങ്ങള്‍ നിങ്ങളെ അറിയിക്കാം.


Click it and Unblock the Notifications








