കേമൻ തന്നെ! എന്നാൽ റോക്സിൽ ഈ കാര്യങ്ങൾ കൂടെ മഹിന്ദ്ര ശ്രദ്ധിക്കണമായിരുന്നു
നിലവിൽ വിപണിയിലുള്ള ത്രീ -ഡോർ ഥാറിനേക്കാൾ കൂടുതൽ പ്രായോഗികവും സൗകര്യപ്രദവും പ്രീമിയവുമായ ഒരു ഓഫറായിട്ടാണ് മഹീന്ദ്ര പുതിയ ഥാർ റോക്സിനെ എത്തിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. ഫീച്ചറുകളുടെയും സുഖസൗകര്യങ്ങളുടെയും ഒരു വമ്പൻ പാക്കേജ് തന്നെ ഇതിലുണ്ട്. സെഗ്മെന്റിലെ സമാനമായ എതിരാളികൾക്കും അതോടൊപ്പം മോണോകോക്ക് C -സെഗ്‌മെൻ്റ് എസ്‌യുവികൾക്കും ഒരുപടി മുകളിലാണ് ഈ സവിശേഷതകൾ എന്നും പറയാം. 12.99 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാർ റോക്‌സിൻ്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 2024 ഓഗസ്റ്റ് 15 -ന് നമുക്കും കൊച്ചിയിൽ വെച്ച് ഈ മനോഹരമായ വാഹനം എക്സ്പീരിയൻസ് ചെയ്യാൻ ഒരു അവസരം ലഭിച്ചിരുന്നു.
അതിന്റെ വിശദ്ധമായ റിവ്യൂ നമ്മുടെ വെബ്സൈറ്റിലും യുട്യൂബ് ചാനലിലുമുണ്ട്. വാഹനം നേരിട്ടു കണ്ടതിനും ഓടിച്ച നോക്കിയതിനും ശേഷം ഒട്ടനവധി കാര്യങ്ങൾ നാം വിചാരിച്ചതിലും മെച്ചപ്പെട്ടു എന്ന് മനസിലായി, എന്നാൽ അതോടൊപ്പം തന്നെ ചില കാര്യങ്ങളിലും ഘടകങ്ങളിലും മഹീന്ദ്ര ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നു എങ്കിൽ കൂടുതൽ മെച്ചപ്പെട്ടിരിക്കും എന്നും ഞങ്ങൾക്ക് തോന്നി. ഥാർ റോക്സിൽ വേണമായിരുന്നു എന്ന് ഞങ്ങൾക്ക് തോന്നിയ കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു.

1. ഡാർക്ക് ഇൻ്റീരിയർ കളർ ഓപ്‌ഷൻ: ആദ്യമായി തന്നെ ചൂണ്ടിക്കാട്ടണം എന്ന് ഞങ്ങൾ വിചാരിച്ച ഒന്നാണിത്, കൂടാതെ പലരും നമ്മളോട് ഈ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. നമുക്ക് ലഭിച്ച വാഹനങ്ങളിൽ എല്ലാം തന്നെ വൈറ്റ് ഇൻ്റീരിയർ തീമിനൊപ്പം വൈറ്റ് അപ്‌ഹോൾസ്റ്ററിയുമാണ് സ്റ്റാൻഡേർഡായി ഉണ്ടായിരുന്നത്.
ഇവ വളരെ എളുപ്പത്തിൽ തുടച്ച് വൃത്തിയാക്കാൻ കഴിയും എന്ന് മഹീന്ദ്ര സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ഓരോ യാത്രയ്ക്കും ശേഷം ഇന്റീരിയർ ക്ലീൻ ചെയ്യുക എന്നത് ഒരു പ്രായോഗിക ബുദ്ധിമുട്ടാവും എന്നാണ് ഞങ്ങളുടെ അഭിപ്രായം. അല്പം ഡാർക്ക് ഷെയ്ഡ് അല്ലെങ്കിൽ കളർ തീം കൂടി ലഭിച്ചിരുന്നേൽ നന്നായിരുന്നു.

2. ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീലിന്റെ അഭാവം: ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് റോക്സിന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു, എന്നിരു്നാലും അതിൽ ടെലിസ്കോപ്പിക് ഫംഗ്ഷൻ ഇല്ല, ഥാർ റോക്‌സ് പോലുള്ള ലൈഫ്സ്റ്റൈൽ വാഹനങ്ങളിൽ ഇത് അത്യാവശ്യമില്ല. എന്നാൽ ഏകദേശം 28 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിൽ സ്റ്റിയറിംഗ് വീലിന് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്മെൻ്റ് നൽകാവുന്നതാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു ഡ്രൈവർ സീറ്റ് ഇതിൽ ഉള്ളതിനാൽ ടെലിസ്കോപ്പിക് ഫംഗ്ഷൻ കൂടെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
3. ബേസ് 4WD വേരിയൻ്റ്: മഹീന്ദ്രയ്ക്ക് ഥാർ റോക്‌സിൽ എത്രത്തോളം ഫീച്ചറുകൾ ഉൾപ്പെടുത്തിയാലും, എല്ലാത്തിനും ഒടുവിൽ ഇതൊരു ലൈഫ്‌സ്‌റ്റൈൽ അഡ്വഞ്ചർ ഓഫ് റോഡ് മെഷീനാണ് എന്നത് ശ്രദ്ധിക്കണം. ആ വെളിച്ചത്തിൽ, ബേസ് MX1 ട്രിമ്മിൽ നിന്ന് മഹീന്ദ്ര 4WD വാഗ്ദാനം ചെയ്യണമായിരുന്നു എന്നതാണ് ഞങ്ങളുടെ മറ്റൊരു അഭിപ്രായം.

4. ഒരു കൺവേർട്ടിബിൾ റൂഫ് ഓപ്‌ഷൻ: ഫീച്ചറുകളുടെ വൻതോതിലുള്ള പാക്കേജ് ഇല്ലെങ്കിലും, ത്രീ -ഡോർ ഥാറിൽ ഒരു യുണീക്ക് ഘടകം ഉണ്ട്, അത് ഥാർ റോക്ൽസി പൂർണ്ണമായും ഇല്ല. എത്ര വലിയ സൺറൂഫ് ഉണ്ടെന്ന് പറഞ്ഞാലും ഒരു കൺവെർട്ടിബിൾ റൂഫ് ഓപ്ഷന്റെ ഒരു സുഖവും സവിശേഷതയും വേറെ തന്നെയാണ്. അത് റോക്സിൽ ഇല്ല, പകരം സ്റ്റാൻഡേർഡായി ഒരു ഫിക്സഡ് മെറ്റൽ റൂഫാണ് ലഭിക്കുന്നത്.
5. ഫ്ലാറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ: ഫൈവ് ഡോർ ഥാർ റോക്സിന്റെ പിൻ സീറ്റുകൾ 60:40 ഫോൾഡിംഗ് ഫംഗ്ഷനോട് കൂടി വിഭജിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവ ഫോൾഡ് ചെയ്യുമ്പോൾ ഒരു ഫ്ലാറ്റ് ഫ്ലോർ നമുക്ക് ലഭിക്കില്ല, ബൂട്ട് ഫ്ലോറിൽ നിന്ന് ഒരു വ്യക്തമായ സ്റ്റെപ്പ് ഇതിനുണ്ട്. മഹീന്ദ്രയ്ക്ക് ഒരു ക്ലീൻ ബൂട്ട് ഫ്ലോർ സൊല്യൂഷൻ നടപ്പിലാക്കാമായിരുന്നു, അത് ലഗേജ് ലോഡിംഗിലും പ്രായോഗികതയിലും കൂടുതൽ വഴക്കമുണ്ടാക്കിയേനെ.
6. ട്രൂ കീലെസ് എക്‌സ്പീരിയൻസ്: മഹീന്ദ്ര ഥാർ റോക്സിനൊപ്പം ഒരു പുഷ് -ബട്ടൺ സ്റ്റാർട്ട് സിസ്റ്റം വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനാൽ കീ ഇട്ട് വണ്ടി സ്റ്റാർട്ട് ആക്കേണ്ടതില്ല. എന്നിരുന്നാലും, ഡോറുകളിൽ റിക്വസ്റ്റ് സെൻസറുകൾ ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് കാറിൽ കയറാൻ താക്കോൽ എടുത്ത് അൺലോക്ക് ചെയ്യേണ്ടി വരും. അതിനാൽ, ഒരു ശരിയായ കീലെസ് എൻട്രി ഫീൽ ലഭിക്കില്ല.
7. ഡോർ പോക്കറ്റുകൾ: മഹീന്ദ്ര ഥാർ റോക്സിൽ നാല് ഡോറുകളിലും ഡോർ പോക്കറ്റുകൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, 500 മില്ലി വാട്ടർ ബോട്ടിലിനപ്പുറം ഒന്നും ഇതിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ അവയുടെയും കാര്യക്ഷമത വളരെ കുറവാണ്. കൂടാതെ, ഡോറുകൾ അടയ്ക്കുമ്പോൾ ഈ ഡോർ പോക്കറ്റുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയില്ല എന്നതും ഒരു ചെറിയ പോരായ്മയാണ്.


Click it and Unblock the Notifications








