ബ്രെസയുടെ കച്ചോടം പൂട്ടിക്കും കൈലാക്ക്! ഫീച്ചർ ലിസ്റ്റിൽ മാരുതി എസ്‌യുവി വള്ളപ്പാട് പിന്നിൽ
ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ ഒരു സെഗ്മെന്റാണ് കോംപാക്ട് എസ്‌യുവി എന്ന് നമുക്ക് ഏവർക്കും അറിയാം, ഈ വിഭാഗത്തിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളാണ് അരങ്ങു വാഴുന്നത്. ഇക്കൂട്ടത്തിലേക്ക് ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ പുതിയതായി കൈലാക്ക് എന്ന മോഡലുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ സബ്-ഫോർ മീറ്റർ എസ്‌യുവി സ്‌പെയ്‌സിൽ മാരുതി സുസുക്കി ബ്രെസ ജനപ്രിയ ചോയ്‌സുകളിലൊന്നാണ്. വോളിയം വിൽപ്പനയിൽ ബ്രെസ മുൻപന്തിയിലാണ് എങ്കിലും, പുതുതായി അവതരിപ്പിച്ച കൈലാക്കിൻ്റെ അത്ര പ്രീമിയം എക്സ്പീരിയൻസ് നൽകുന്നില്ല. സ്കോഡ കൈലാക്ക് മാരുതി ബ്രെസയ്ക്കും മുകളിൽ നൽകുന്ന സവിശേഷതകൾ എന്തെല്ലാമെന്ന് നോക്കാം.
പവർഡ് ഫ്രണ്ട് റോ സീറ്റുകൾ: കൈലാക്കിൽ ആറ് തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് റോ സീറ്റുകളാണ് സ്കോഡ സജ്ജീകരിച്ചിരിക്കുന്നത്, എന്നാൽ അതേസമയം ബ്രെസയ്ക്ക് മാനുവൽ അഡ്ജസ്റ്റ്മെൻ്റാണ് ലഭിക്കുന്നത്, അതും ഡ്രൈവർക്ക് മാത്രമേ ഉള്ളൂ എന്നത് ശ്രദ്ധിക്കണം. ഇലക്ട്രിക്കലി പവർഡ് സീറ്റുകളുടെ ഏറ്റവും വലിയ നേട്ടം എന്നത് സീറ്റുകൾ ക്രമീകരിക്കുന്നതിന് കൂടുതൽ സൗകര്യവും മികച്ച കൺട്രോളും നൽകുന്നു എന്നതാണ്.

വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ: കൈലാക്കിലെ മുൻ നിര യാത്രക്കാർക്ക് സീറ്റ് വെൻ്റിലേഷൻ ഫീച്ചർ സ്കോഡ വാഗ്ദാനം ചെയ്യുന്നു, ബ്രെസയിൽ ഇതുവരെ എത്താത്ത ഒരു സവിശേഷതയാണിത്. ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഈ ഫീച്ചർ വളരെയധികം ഉപയോഗപ്രദമാണ്. വേനൽക്കാലത്ത് കത്തുന്ന ചൂട് അസഹനീയമാകുമ്പോൾ ഇവ വലിയ ആശ്വാസമാണ്. എസ്‌യുവിയുടെ ടോപ്പ് സ്പെക്ക് വേരിയൻ്റുകളിൽ മാത്രമേ സ്‌കോഡ ഈ സൗകര്യവും വാഗ്ദാനം ചെയ്യൂ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വലിയ ഇൻഫോടെയിൻമെൻ്റ് യൂണിറ്റ്: അകത്തളത്തിൽ ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, കൈലാക്കിന് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ലഭിക്കുന്നു, അതേസമയം ബ്രെസയിൽ 9.0 ഇഞ്ച് ചെറിയ യൂണിറ്റാണ് മാരുതി നൽകുന്നത്. ഇരു സിസ്റ്റങ്ങളും വയർലെസ് ആപ്പിൾ കാർപ്ല, ആൻഡ്രോയിഡ് ഓട്ടോo എന്നിവ സപ്പെർട്ട് ചെയ്യുന്നു, കൂടാതെ കണക്‌റ്റഡ് കാർ ടെക്കും ഇവയ്ക്ക് രണ്ടിനും ലഭിക്കുന്നു.

ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ: കൈലാക്കിന് ബ്രെസയ്ക്കു മേലുള്ള മറ്റൊരു നേട്ടം എന്നത് 8.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ്. മറുവശത്ത്, മാരുതി ബ്രെസയിൽ കൂടുതൽ വിവരങ്ങൾക്കായി അനലോഗ് ഡയലുകളുള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ ഒരു ചെറിയ മൾട്ടി -ഇൻഫോ ഡിസ്പ്ലേ ലഭിക്കുന്നു.
കോർണറിംഗ് ഹെഡ്‌ലൈറ്റുകൾ: കൈലാക്കിന്റെ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിൽ കോർണറിംഗ് യൂണിറ്റുകളും കമ്പനി നൽകുന്നുണ്ട്, ഇത് വളവുകളിൽ ദൃശ്യപരത മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് കുറഞ്ഞ വെട്ടമുള്ള സാഹചര്യങ്ങളിലും രാത്രിയിലും ഇവ പ്രയോജനപ്പെടുന്നു. അതേസമയം, ബ്രെസയിൽ ലളിതമായ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും മുൻവശത്ത് എൽഇഡി ഫോഗ് ലാമ്പുകളുമാണ് വരുന്നത്. ഇരു മോഡലുകളും ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഫംഗ്ഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ: സേഫ്റ്റിയുടെ കാര്യത്തിൽ, സ്‌കോഡ കൈലാക്കിൽ എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ താരതമ്യപ്പെടുത്തുമ്പോൾ, മാരുതി ബ്രെസയ്ക്ക് അതിൻ്റെ ടോപ്പ് -സ്പെക്ക് ZXi പ്ലസ് ട്രിമ്മിൽ മാത്രമേ ആറ് എയർബാഗുകൾ ലഭിക്കൂ എന്നത് ശ്രദ്ധേയമാണ്.
അതേസമയം ലോ സ്പെക്ക് വേരിയൻ്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ മാത്രമാണുള്ളത്. എന്നിരുന്നാലും, രണ്ട് മോഡലുകളിലും ഇരു നിർമ്മാതാക്കളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള പൊതുവായ സുരക്ഷാ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നു.
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം: ടൺ കണക്കിന് ഫീച്ചറുകൾക്കൊപ്പം കൈലാക്ക് ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) സ്കോഡ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഈ ഫീച്ചർ ടോപ്പ് -സ്പെക്ക് വേരിയൻ്റുകളിൽ മാത്രമേ ലഭ്യമാകൂ. ഈ ഫീച്ചർ വാഹനം നിർത്തിയാലും ഡ്രൈവ് ചെയ്യുന്നതിനിടയിലായാലും ടയർ പ്രഷറിന്റെ കാര്യത്തിൽ ഡ്രൈവർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നു.
7.89 ലക്ഷം രൂപ ആമുഖ എക്സ്-ഷോറൂം വിലയോടെയാണ് സ്കോഡ കൈലാക്കിനെ പുറത്തിറക്കിയിരിക്കുന്നത്, കൂടാതെ 2024 ഡിസംബർ 2 -ന് കൈലാക്കിൻ്റെ മുഴുവൻ വിലകളും ചെക്ക് നിർമ്മാതാക്കൾ പ്രഖ്യാപിക്കും. അന്നു തന്നെ ഔദ്യോഗികമായി കൈലാക്കിന്റെ ബുക്കിംഗും കമ്പനി ആരംഭിക്കും. ഡെലിവറികൾ 2025 ജനുവരി 27 -ന് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








