നെക്സോൺ CNG മുതൽ ഹാരിയർ ഇവി വരെ; ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശനത്തിനെത്തുന്ന ടാറ്റ കാറുകൾ
2024 ഫെബ്രുവരി 1 -നും 3 -നും ഇടയിൽ നടക്കുന്ന ആദ്യ ഭാരത് മൊബിലിറ്റി എക്‌സ്‌പോയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഈ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ ടാറ്റ മോട്ടോർസും ഉൾപ്പെടുന്നു, ഇവൻ്റിൽ എട്ട് മോഡലുകൾ പ്രദർശിപ്പിക്കും എന്ന് ബ്രാൻഡ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:
ടാറ്റ നെക്‌സോൺ CNG: നിരവധി നൂതനമായ അപ്പ്ഡേറ്റുകൾ കാരണം, വൈകിയെത്തിയിട്ടും CNG കാർ രംഗത്തെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളാണ് ടാറ്റ. 2023 -ൽ പഞ്ചിലും ആൾട്രോസിലും ഗ്രീനർ ഫ്യുവൽ ഓപ്ഷൻ ചേർത്തതിന് ശേഷം, ഫേസ്‌ലിഫ്റ്റ് ചെയ്ത നെക്‌സോണിലും ഇത് അവതരിപ്പിക്കാൻ ടാറ്റ തയ്യാറെടുക്കുകയാണ്.

120 PS മാക്സ് പവറും 170 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന എസ്‌യുവിയുടെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, CNG കിറ്റിന് ടാറ്റ നൽകും, പക്ഷേ ഔട്ട്‌പുട്ട് ഒരല്പം കുറയും. മാനുവൽ, AMT ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം നെക്സോൺ CNG ടാറ്റയ്ക്ക് വാഗ്ദാനം ചെയ്യാനും കഴിയും.
ടാറ്റ സഫാരി ഡാർക്ക് കൺസെപ്റ്റ്: 2023 ഒക്‌ടോബറിൽ, മെച്ചപ്പെട്ട സ്‌റ്റൈലിംഗും കൂടുതൽ ആധുനിക ഫീച്ചറുകളും സഹിതം ഫെയ്‌സ്‌ലിഫ്റ്റഡ് സഫാരി ടാറ്റ പുറത്തിറക്കി. ആ സമയത്ത്, കാർ നിർമ്മാതാക്കൾ ത്രീ റോ എസ്‌യുവിയുടെ ഡാർക്ക് എർിഷനും വീണ്ടും അവതരിപ്പിച്ചിരുന്നു. ബ്ലാക്ക്ഡ് ഔട്ട് അലോയി വീലുകൾ, ഗ്രില്ല്, ക്യാബിൻ തീം, അപ്‌ഹോൾസ്റ്ററി, കൂടാതെ എക്സ്റ്റീരിയറിൽ 'ഡാർക്ക്' ബാഡ്ജുകൾ എന്നിവയുമായി ഇത് വരുന്നു.

ഇപ്പോഴിതാ, എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിക്കുന്ന ഒരു പുതിയ ആവർത്തനവുമായി ടാറ്റ എത്തുന്നതായി തോന്നുന്നു. അകത്തും പുറത്തും റെഡ് ഹൈലൈറ്റുകളോടെ വാഹനത്തിൻ്റെ റെഡ് ഡാർക്ക് എഡിഷനാവും ഇവിടെ കമ്പനി പ്രദർശിപ്പിക്കുക എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം സ്റ്റാൻഡേർഡ് സഫാരിയുടെ ക്രോസ്-സെക്ഷൻ ഡിസ്പ്ലേയും പ്രദർശിപ്പിക്കും, ഇത് വാഹനത്തിൻ്റെ ശക്തമായ സുരക്ഷാ സ്യൂട്ടിനെ ഉയർത്തിക്കാട്ടുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റ് നടത്തിയ ആദ്യത്തെ കാറുകളിലൊന്നായ ഇത് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു.
ടാറ്റ കർവ്വ് കൺസെപ്റ്റ്: ടാറ്റ മോട്ടോർസിന്റെ എസ്‌യുവി ലൈനപ്പിലെ ഏറ്റവും പുതിയ അഡീഷൻ 2024 -ൽ എത്തും, കർവ്വ് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്, ഇവൻ്റിൽ ടാറ്റയുടെ ശ്രദ്ധാകേന്ദ്രമായിരിക്കും ഇത്. കാർ നിർമ്മാതാക്കൾ ആദ്യം ഇത് ഒരു ഇവി ആയി അവതരിപ്പിക്കും.

അതിന് ശേഷം വാഹനത്തിൻ്റെ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) പതിപ്പ് വിപണിയിൽ എത്തും. 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകളും കർവ്വ് ഇവിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. മറുവശത്ത്, കർവ്വ് ICE -പതിപ്പുകൾക്ക് പെട്രോൾ, ഡീസൽ പവർട്രെയിനുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
ടാറ്റ ആൾട്രോസ് റേസർ കൺസെപ്റ്റ്: സ്റ്റാൻഡേർഡ് ആൾട്രോസ് ഹാച്ച്ബാക്കിൻ്റെ കൂടുതൽ സ്‌പോർട്ടി വേരിയൻ്റായി 2023 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ആൾട്രോസ് റേസർ ആദ്യമായി കമ്പനി അവതരിപ്പിച്ചത്. നിലവിലെ സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അകത്തും പുറത്തും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾ വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

കൂടാതെ 2024 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ ഇപ്പോൾ നാം കാണുന്ന പല ഫീച്ചർ അപ്‌ഡേറ്റുകളും ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പവർട്രെയിനിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എങ്കിലും, നെക്‌സോണിൻ്റെ 120 PS ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയതാണ് ഇതിലെ ശ്രദ്ധേയമായ വ്യത്യാസം.
ടാറ്റ പഞ്ച് ഇവി: നിർമ്മാതാക്കൾ പുതുതായി വികസിപ്പിച്ച Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് മോഡലായി ടാറ്റ മോട്ടോർസ് പഞ്ച് ഇവിയെ അവതരിപ്പിച്ചു. വാഹനത്തിന് ഒരു പുതിയ ഡിസൈൻ ശൈലി ലഭിക്കുന്നു, അത് ബ്രാൻഡിൻ്റെ പുതിയ മോഡലുകളായ നെക്സോൺ, കർവ്വ് എന്നിവയ്ക്ക് സാമനമാണ്. 421 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഏറ്റവും പുതിയ ഓഫർ എന്ന നിലയിൽ, ടാറ്റ ഇതും പ്രദർശിപ്പിക്കും.

ടാറ്റ നെക്സോൺ ഇവി ഡാർക്ക്: ടാറ്റയുടെ പവലിയനിലെ മറ്റൊരു പുതിയ ഷോകേസ് നെക്സോൺ ഇവി ഡാർക്ക് ആയിരിക്കും. പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോൺ ഇവി മാക്‌സിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ ഇത് അകത്തും പുറത്തും ഒന്നിലധികം സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോൺ ഇവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഡാർക്ക് എഡിഷൻ ആയതിനാൽ, ബ്ലാക്ക്ഡ് ഔട്ട് അലോയി വീലുകളും ഓൾ ബ്ലാക്ക് ക്യാബിൻ തീമും ഉൾപ്പെടെ ചില കോസ്മെറ്റിക് റിവിഷനുകളും പരിഷ്കരണങ്ങളും ഇതിന് ഉണ്ടായിരിക്കും. അതിനു അപ്പുറമായി, വാഹനത്തിൻ്റെ ഇലക്ട്രിക് പവർട്രെയിനിലോ ഫീച്ചറുകളിലോ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഈ എഡിഷിൽ പ്രതീക്ഷിക്കുന്നില്ല.

ടാറ്റ ഹാരിയർ ഇവി കൺസെപ്റ്റ്: ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ഹാരിയറിന് 2024 -ൽ ഒരു ഇലക്ട്രിക് പതിപ്പും കമ്പനി പുറത്തിറക്കും. ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു കൺസെപ്റ്റായിട്ടാണ് നാം ഇതിനെ കണ്ടത്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലും ഹാരിയർ ഇവി കൺസെപ്‌റ്റും ഉണ്ടായിരിക്കും, ഒരുപക്ഷേ, സാധാരണ ഹാരിയറുമായി രൂപകല്പനയിലും ഫീച്ചറുകളിലും സാമ്യം നിലനിർത്തുന്ന ഒരു നവീകരിച്ച രൂപത്തിൽ തന്നെ.
500 കിലോമീറ്ററിൽ അധികം ക്ലെയിം ചെയ്ത ഡ്രൈവിംഗ് റേഞ്ച് നൽകുന്ന ഒന്നിലധികം ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളോടെ ഇത് വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ടാറ്റയുടെ നിരയിൽ നിന്ന് വളരെക്കാലമായി നഷ്‌ടമായ ഒരു ഓൾ-വീൽ-ഡ്രൈവ് (AWD) വേരിയൻ്റിൻ്റെ ചോയിസും ഇത് വാഗ്ദാനം ചെയ്യാം.


Click it and Unblock the Notifications








