മെയിഡ് ഇന്‍ ഇന്ത്യനാ... പക്ഷേ എക്‌സ്റ്ററിന് ഈ രാജ്യത്ത് ക്രെറ്റയേക്കാള്‍ വില
കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച മൈക്രോ എസ്എയുവിയാണ് എക്‌സ്റ്റര്‍. ടാറ്റ പഞ്ചിനോട് മത്സരിച്ച് മാന്യമായ വില്‍പ്പന നേടുന്ന എക്‌സ്റ്റര്‍ ഇതിനോടകം 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിട്ടുണ്ട്. ഇപ്പോള്‍ വണ്ടി ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചിരിക്കുകയാണ് കൊറിയന്‍ വാഹന ഭീമന്‍. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറ്റി അയക്കുന്ന എട്ടാമത്തെ മോഡലാണ് എക്‌സ്റ്റര്‍. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, i20, i20 N ലൈന്‍, വെന്യു, വെന്യു N ലൈന്‍, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് അല്‍കസാര്‍ എന്നീ മോഡലുകളാണ് എക്‌സ്റ്ററിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ തീരമണഞ്ഞ ഹ്യുണ്ടായി മോഡലുകള്‍.
2004 മുതല്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ദക്ഷിണാഫ്രിക്കയിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഹ്യുണ്ടായി. എക്‌സ്റ്ററിന്റെ ആദ്യത്തെ ബാച്ചില്‍ 996 യൂണിറ്റുകളാണ് കമ്പനി കയറ്റി അയച്ചത്. എക്‌സ്റ്ററിനെ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിക്കുക വഴി പ്രധാന വിപണികളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ഹ്യുണ്ടായിയുടെ ശ്രമം. ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എക്‌സ്റ്ററിന്റെ വിലയും അതില്‍ എന്തൊക്കെ വാഗ്ദാനം ചെയ്യുന്നുവെന്നും നമുക്ക് പരിശോധിക്കാം.

ദക്ഷിണാഫ്രിക്കയില്‍ എന്‍ട്രി ലെവല്‍ ക്രോസ്ഓവര്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ ഹ്യുണ്ടായി എക്സ്റ്ററിന്റെ വില 2,69,900 ദക്ഷിണാഫ്രിക്കന്‍ റാന്‍ഡില്‍ (ഏകദേശം 12.94 ലക്ഷം രൂപ) തുടങ്ങുന്നു. ടോപ് സ്‌പെക് വേരിയന്റിന് 3,34,900 ദക്ഷിണാഫ്രിക്കന്‍ റാന്‍ഡാണ് (ഏകദേശം 16.08 ലക്ഷം രൂപ) മുടക്കേണ്ടത്. മറുവശത്ത് വെറും 6 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ എക്‌സ്റ്ററിന്റെ വില ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ എക്‌സ്റ്ററിന്റെ ബേസ് മോഡലിന് ഇന്ത്യന്‍ പതിപ്പിനേക്കാള്‍ ഏകദേശം 7 ലക്ഷം രൂപ കൂടുതലാണ്.
ഇറക്കുമതിച്ചെലവ് ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ ഉയര്‍ന്ന വിലയ്ക്ക് കാരണം. രസകരമെന്നു പറയട്ടെ, ദക്ഷിണാഫ്രിക്കയിലെ എക്സ്റ്ററിന്റെ വില ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ത്യയിലെ പ്രാരംഭ വിലയ്ക്ക് സമാനമാണെന്ന് പറയാം. ഏകദേശം 11 ലക്ഷം രൂപ മുതലാണ് ക്രെറ്റയുടെ വില ആരംഭിക്കുന്നത്. എക്‌സ്്റ്ററിന്റെ ടോപ് സ്‌പെക് വേരിയന്റുകളുടെ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും വിലകള്‍ തമ്മില്‍ 5.5 ലക്ഷം രൂപയുടെ മാറ്റമുണ്ട്.
ഡിസൈനിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍-സ്‌പെക്ക് എക്സ്റ്റര്‍ പ്രൊജക്ടര്‍ അധിഷ്ഠിത ഹാലൊജന്‍ ഹെഡ്ലൈറ്റുകളും H ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുമായാണ് വരുന്നത്. ബ്ലാക്ക്ഡ്-ഔട്ട് ഡിസൈന്‍ ഫീച്ചര്‍ ചെയ്യുന്ന ഇന്ത്യന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി ഗ്രില്ലില്‍ ബ്ലാക്ക് ക്രോം ഡിസൈന്‍ ഉണ്ട്. 15 ഇഞ്ച് അലോയ് വീലുകളും H ആകൃതിയിലുള്ള എലമെന്റുകളുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളുമായാണ് ദക്ഷിണാഫ്രിക്കന്‍ സ്‌പെക് എക്സ്റ്റര്‍ വരുന്നത്.
ഇതിന് സില്‍വര്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍ ലഭിക്കുന്നു. ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ ഇന്ത്യന്‍ പതിപ്പിന് സമാനമാണ്. ഫാബ്രിക് സീറ്റുകളാണ് ഇതിന് ലഭിക്കുന്നത്. 8-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്ത് സജ്ജീകരിച്ചിരിക്കുന്നു.
6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയര്‍ വ്യൂ ക്യാമറ എന്നിവ കാറിന്റെ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു. 81 bhp പവറും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ഉപഭോക്താക്കള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ഇതെല്ലാം വഴി എക്‌സ്റ്റര്‍ വിവിധ ഡ്രൈവിംഗ് മുന്‍ഗണനകള്‍ നിറവേറ്റുന്നുവെന്ന് കമ്പനി ഉറപ്പാക്കുന്നു. സ്പെസിഫിക്കേഷനുകളിലെ ഈ സ്ഥിരത അതിന്റെ ആഗോള വിപണിയിലുടനീളം പെര്‍ഫോമന്‍സിലും ഗുണനിലവാരത്തിലും ഏകീകൃത നിലവാരം പുലര്‍ത്തുന്നതിനുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
ഗുണനിലവാരവും പെര്‍ഫോമന്‍സും മൂല്യവും സമന്വയിപ്പിക്കുന്ന ഒരു വാഹനം വാഗ്ദാനം ചെയ്യുക വഴി ദക്ഷിണാഫ്രിക്കയില്‍ എന്‍ട്രി ലെവല്‍ ക്രോസ്ഓവറുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് മുതലെടുക്കാന്‍ ഹ്യുണ്ടായി ലക്ഷ്യമിടുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിന്റെ എക്‌സ്‌പോര്‍ട്ട് ലൈനപ്പിലേക്കുള്ള ഈ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ ആഗോള വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








