പ്രതീക്ഷിച്ചതിനേക്കാള്‍ 9 മടങ്ങ് വില്‍പ്പന! ജപ്പാനില്‍ ബെസ്റ്റ് സെല്ലറായി 'ഇന്ത്യന്‍' കാര്‍
2023 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി 5 ഡോര്‍ എസ്‌യുവിക്കൊപ്പം മാരുതി കൊണ്ടുവന്ന കാറാണ് ഫ്രോങ്ക്‌സ് (Maruti Suzuki Fronx). 2023 ഏപ്രിലിലാണ് മാരുതി ഫ്രോങ്ക്‌സിന്റെ വില പ്രഖ്യപിച്ചത്. മാരുതിയെ വരെ ഞെട്ടിച്ച് ആഭ്യന്തര, കയറ്റുമതി വിപണികളില്‍ വമ്പന്‍ ഹിറ്റായി മാറാന്‍ ഫ്രോങ്ക്‌സിന് സാധിച്ചു. വമ്പന്‍ ഹൈപ്പില്‍ വന്ന ജിംനിയെ വരെ സൈഡാക്കി സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു ഫ്രോങ്ക്‌സ്. സബ് കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവി അതിന്റെ സ്‌പോര്‍ട്ടിയര്‍ ഡിസൈനും പെപ്പി പെര്‍ഫോമന്‍സും കൊണ്ട് എതിരാളികളില്‍ നിന്ന് സ്വയം വേറിട്ടുനില്‍ക്കുന്നു.
ഇന്ത്യയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ മാരുതി ഫ്രോങ്ക്‌സ് ലഭ്യമാണ്. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനും കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ K-സീരീസ് ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണവ. 1.2 ലിറ്റര്‍ എഞ്ചിന്‍ 89.73 PS പവറും 113 Nm ടോര്‍ക്കും നല്‍കുന്നു.

അതേസമയം ടര്‍ബോചാര്‍ജ്ഡ് പതിപ്പ് 100.06 PS പവറും 147.6 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 1.2 ലിറ്റര്‍ എഞ്ചിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ടര്‍ബോ വേരിയന്റിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം.
ആരെയും കര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ഫ്രോങ്ക്‌സിന്റെ പ്രത്യേകതകളില്‍ ഒന്ന്. ബോള്‍ഡ് ഫ്രണ്ട് ഫാസിയ, കണ്ണഞ്ചിപ്പിക്കുന്ന ഗ്രില്‍, ഷാര്‍പ്പ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന. കാറിന്റെ എയറോഡൈനാമിക് റിയര്‍ സെക്ഷന്‍ കൂപ്പെ രീതിയില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു, പ്രിസിഷന്‍ കട്ട് അലോയ് വീലുകള്‍, ഫുള്‍ എല്‍ഇഡി റിയര്‍ ലൈറ്റുകള്‍ എന്നിവ വാഹനത്തിന് സവിശേഷവും ആകര്‍ഷകവുമായ പ്രൊഫൈല്‍ സൃഷ്ടിക്കുന്നു.
ഈ ഡിസൈന്‍ എലമെന്റുകള്‍ ഫ്രോങ്ക്‌സിന്റെ റോഡ് പ്രസന്‍സ് ഉയര്‍ത്തുന്നുവെന്ന് മാത്രമല്ല സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ അതിനെ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് മാരുതി ഫ്രോങ്ക്‌സ് വരുന്നത്.
360° വ്യൂ ക്യാമറ, റിയര്‍ എസി വെന്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, യാത്രക്കാരുടെ സൗകര്യത്തിനായി റിയര്‍ ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇന്‍ഫോഗ്രാഫിക്‌സ് പ്രദര്‍ശിപ്പിക്കുന്ന റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകളും സമഗ്രമായ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

2024 ഒക്ടോബറില്‍ മാരുതി ഫ്രോങ്ക്‌സ് ജാപ്പനീസ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി എസ്‌യുവിയായിരുന്നു ഫ്രോങ്ക്‌സ്. ജപ്പാനില്‍ സുസുക്കി ബാഡ്ജിംഗിലാണ് ഫ്രോങ്ക്‌സ് വില്‍ക്കുന്നത്. ജപ്പാനില്‍ ബ്രെസയില്‍ കാണപ്പെടുന്ന 1.5-ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഫ്രോങ്ക്‌സില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെയിഡ് ഇന്‍ ഇന്ത്യ ഫ്രോങ്ക്‌സിന് കമ്പനി പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകരണമാണ് ജപ്പാന്‍കാര്‍ നല്‍കുന്നത്.
സുസുക്കി പ്രതീക്ഷിച്ചതിനേക്കാള്‍ 9 മടങ്ങ് ഓര്‍ഡറുകളാണ് രാജ്യത്ത് നിന്ന് ലഭിക്കുന്നത്. 9,000 ഓര്‍ഡറുകള്‍ ഫ്രോങ്ക്‌സിന് ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. ഒക്ടോബറില്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 7,070 യൂണിറ്റിലെത്തി. താങ്ങാനാവുന്ന വിലയാണ് ജപ്പാനില്‍ ഫ്രോങ്ക്‌സ് ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ജപ്പാനില്‍ ഇതിന്റെ വില 2,541,000 യെന്‍ (ഏകദേശം 14.25 ലക്ഷം രൂപ) മുതല്‍ 2,739,000 യെന്‍ (ഏകദേശം 15.36 ലക്ഷം രൂപ) വരെയാണ്.

അതേസമയം ഇന്ത്യയില്‍ കാറിന്റെ വില ഇതിലും കുറവാണ്. ഫ്രോങ്ക്‌സിന്റെ ബേസ് വേരിയന്റിന്റെ വില 7.52 ലക്ഷം രൂപ മാത്രമാണ്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 9.38 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ആക്രമണാത്മക വിലനിര്‍ണയം, വിപുലമായ ഫീച്ചര്‍ ലിസ്റ്റും പെപ്പി പെര്‍ഫോമന്‍സുമെല്ലാം ചേരുന്ന ഫ്രോങ്ക്‌സ് ഉപഭോക്താക്കള്‍ക്കുള്ള ആകര്‍ഷകമായ ഓപ്ഷനായി മാറി.
ഇന്ത്യയിലും മാരക വില്‍പ്പനയാണ് ഫ്രോങ്ക്‌സ് നേടുന്നത്. അതിന്റെ സെഗ്മെന്റിലെ ഏറ്റവും വേഗത്തില്‍ 2 ലക്ഷം യൂണിറ്റ് മൊത്ത വില്‍പ്പന പിന്നിടുന്ന കാറായി ഫ്രോങ്ക്‌സ് മാറിയിരുന്നു. 10000 യൂണിറ്റിന് മുകളില്‍ പ്രതിമാസ വില്‍പ്പന നേടുന്ന ഫ്രോങ്ക്‌സ് ടോപ് 10 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications








