ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി! മഹീന്ദ്രയുടെ പുത്തന്‍ ഇവികള്‍ വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
വിവിധ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള നിരവധി മോഡലുകളുടെ കുത്തൊഴുക്കിനാണ് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ മേഖലയില്‍ ആദ്യം സാന്നിധ്യം അറിയിച്ച കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എന്നിട്ടും ടാറ്റ മോട്ടോര്‍സ്, എംജി എന്നീ എതിരാളികളേക്കാള്‍ പിന്നിലാണ് നിലവില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ സ്ഥാനം. പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി അതിവേഗം വളരുന്ന ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ ഗണ്യമായ ഭാഗം പിടിച്ചെടുക്കാന്‍ ആഭ്യന്തര വാഹന നിര്‍മ്മാതാവ് ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മഹീന്ദ്ര രണ്ട് പുത്തന്‍ മോഡലുകള്‍ ഉള്‍പ്പെടുത്തി തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വലുതാക്കിയിരുന്നു.
ടീസര്‍ ചിത്രങ്ങളിലൂടെ ഹൈപ്പുയര്‍ത്തിയ ശേഷം ബ്രാന്‍ഡ് XEV 9e, BE 6e എന്നീ ഇവികളുടെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. XEV, BE എന്നീ സബ് ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് ഈ കാറുകള്‍ വിപണനം നടത്തുക. മഹീന്ദ്ര XEV 9e ഇവിയുടെ പ്രാരംഭ വില 21.90 ലക്ഷം രൂപയാണ്. അതേസമയം BE 6e ഇവിയുടെ വില വരുന്നത് 18.90 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.

രൂപകല്‍പ്പനയിലായാലും വിലയുടെ കാര്യത്തിലായാലും ടാറ്റയെ വരെ ഞെട്ടിച്ച മഹീന്ദ്രയുടെ പുത്തന്‍ ഇവികള്‍ കമ്പനിയുടെ ഭാവി ശോഭനമാക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ രജിസ്‌ട്രേഷനുകള്‍ക്കും ആദ്യ ഉടമകള്‍ക്കും ബാറ്ററി പായ്ക്കില്‍ ആജീവനാന്ത വാറണ്ടി വാഗ്ദാനം ചെയ്യുന്ന ഈ കാറുകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ അവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ടൈംലൈനുകള്‍ അറിഞ്ഞിരിക്കണം. അതാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
BE 6e, XEV 9e ഇവികളുടെ വേരിയന്റ് തിരിച്ചുള്ള വില മഹീന്ദ്ര ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ എത്തിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് ജനുവരിയില്‍ വിശദമായ വില വിവരപ്പട്ടിക പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 2025 ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

2025 ഫെബ്രുവരിയില്‍ മഹീന്ദ്രയുടെ പുതിയ ബോണ്‍ ഇലക്ട്രിക് കാറുകള്‍ രാജ്യത്തുടനീളമുള്ള പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ഷോറൂമില്‍ ചെന്ന് കാറുകള്‍ കാണാനും അടുത്തറിയാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അടുത്ത വര്‍ഷം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ മഹീന്ദ്ര XEV 9e, BE 6e എന്നിവയുടെ ഡെലിവറി ആരംഭിക്കും.
മുമ്പ് BE 05 എന്നറിയപ്പെട്ടിരുന്ന BE 6e ജുവല്‍ ഹെഡ്ലൈറ്റുകള്‍, റിയര്‍ എല്‍ഇഡി ലൈറ്റ് ബാര്‍, ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 20 ഇഞ്ച് വീലുകള്‍ എന്നിവ പോലുള്ള സ്‌റ്റൈലിംഗ് ഘടകങ്ങളുള്ള കൂപ്പെ എസ്യുവിയാണ്. മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഹൈ-എന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം നിരവധി നൂതന സവിശേഷതകള്‍ ലഭിക്കുന്നു.

ഫുള്‍ചാര്‍ജില്‍ 550 കിലോമീറ്ററാണ് ഇതിലെ 79kWh ബാറ്ററി പാക്കിന്റെ WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇവിക്ക് 6.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിയും. 175kWh DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വേഗത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയും.
XEV 9e ഇവിയുടെ ഡിസൈന്‍ എടുത്താല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളോട് കൂടിയ ത്രികോണാകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍, ഇന്‍വെര്‍ട്ടട് 'L' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ഫ്രണ്ട്-റിയര്‍ ബമ്പറുകള്‍, ബ്ലാങ്കഡ് ഓഫ് ഗ്രില്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് സ്പോയിലര്‍, സി-പില്ലര്‍ ഘടിപ്പിച്ച റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, കണക്റ്റഡ് ടെയില്‍ലൈറ്റ് സജ്ജീകരണം, എയ്റോ ഇന്‍സെര്‍ട്ടുകളുള്ള ഒരു പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവ ലഭിക്കുന്നു.
ടു-സ്പോക്ക് മള്‍ട്ടിഫംഗ്ഷന്‍ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട്, 360-ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ്ബോര്‍ഡില്‍ മൂന്ന് സ്‌ക്രീന്‍ സജ്ജീകരണം, പുതിയ ഗിയര്‍ ലിവര്‍, ഒരു റോട്ടറി ഡയല്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 16-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ഓട്ടോ പാര്‍ക്ക് ഫംഗ്ഷന്‍, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, ഏഴ് എയര്‍ബാഗുകള്‍, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഷെഡ്യൂള്‍ ചാര്‍ജിംഗ് ഫംഗ്ഷന്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
228bhp, 380Nm വികസിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 59kWh ബാറ്ററി പാക്കാണ് XEV 9e ഇവിക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 140kW DC ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20-80 ശതമാനം വരെ റീചാര്‍ജ് ചെയ്യാം. 6.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.


Click it and Unblock the Notifications








