ഇവറ്റകളുടെ കാര്യത്തിൽ നോ ഗ്യാരന്റി! ഈ മഹീന്ദ്ര BEV -കൾ കളം പിടിച്ചാൽ എംജിയൊക്കെ കച്ചോടം പൂട്ടിക്കോ
മുമ്പത്തേക്കാൾ ഇന്ത്യൻ ഇവി വിപണി വളരെ ഉയർന്ന നിരക്കിലാണ് വളർന്നുകൊണ്ടിരിക്കുന്നത്, ടാറ്റയും, എംജിയുമെല്ലാം തങ്ങളുടേതായി ആധിപത്യം പുലർത്തുന്ന ഈ സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം മഹീന്ദ്രയും കൈവശപ്പെടുത്തുന്നു. എന്നാൽ അതിൽ ഒതുങ്ങി നിൽക്കാൻ പ്രാദേശിക വാഹന ഭീമന് ഒട്ടും താൽപര്യമില്ല, ഇന്റേണൽ കംബഷൻ എഞ്ചിൻ മോഡലുകളുടെ ഇവി പതിപ്പുകൾ നിർമ്മിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സമർപ്പിതമായ ബോൺ ഇലക്ട്രിക് വെഹിക്കിൾസ് (BEV) വിപണിയിൽ എത്തിക്കാനുള്ള വളരെ കാര്യമായ ഒരുക്കങ്ങളിലാണ്. കൺസെപ്റ്റ് രൂപത്തിൽ പല മോഡലുകളേയും മഹീന്ദ്ര ഇതിനോടകം നമുക്ക് മുന്നിൽ എത്തിച്ചിട്ടുമുണ്ട്.
2024 നവംബർ 26 -ന് ചെന്നൈയിൽ നടക്കുന്ന അൺലിമിറ്റ് ഇന്ത്യ ഇവൻ്റിൽ മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ബോൺ ഇലക്ട്രിക് എസ്‌യുവികളായ BE 6e, XEV 9e എന്നിവ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. BE.05 കൺസെപ്റ്റിൽ നിന്ന് ഉരുത്തിരിഞ്ഞ BE 6e മോഡൽ.

അതേ സമയം XEV 9e എന്നത് XUV.e9 കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കൺസെപ്റ്റ് മോഡലിന്റെ വളരെ വ്യത്യസ്തമായ കൂപ്പെ ടൈപ്പ് റൂഫ്‌ലൈനും നമുക്ക് കാണാം. അരങ്ങേറ്റം കുറിച്ചതിന് ശേഷം ഉടൻ തന്നെ ഇവ രണ്ടും വിപണിയിൽ ലോഞ്ച് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
അടുത്തിടെ നിർമ്മാതാക്കൾ പങ്കുവെച്ച ഒരു പുതിയ ടീസർ വീഡിയോയിൽ, രണ്ട് e -എസ്‌യുവികളുടെയും എക്സ്റ്റീരിയർ ഡിസൈനും രൂപഭാവവും വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാം. ഇരു മോഡലുകളും മഹീന്ദ്രയുടെ ഫ്യൂച്ചർ ഡിസൈൻ ഫിലോസഫിയിലും ശൈലിയിലും പ്രമുഖമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും അപ്പ്റൈറ്റ് ഫ്രണ്ട് ഫാസിയയിൽ കണക്റ്റഡ് ലൈറ്റ് ബാറുകളും പോലുള്ള ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങൾ പ്രദർശിപ്പിക്കുന്നു.

അപ്പ്റൈറ്റായ ഫ്രണ്ട് വിൻഡ്ഷീൽഡ്, ചെറിയ ഓവർഹാംഗുകൾ, വിശാലമായ ഗ്രീൻഹൗസ് ഏരിയ എന്നിവയാൽ ഇരു മോഡലുകളും തങ്ങളുടെ സ്പോർട്ടി പ്രൊഫൈലുകൾ എടുത്തു കാണിക്കുന്നു. രണ്ട് എസ്‌യുവികളും കൺസെപ്റ്റ് മോഡലുകളിലുള്ളതു പോലെ തന്നെ ഹൈ റൈഡിംഗ് സ്റ്റാൻസ് നിലനിർത്തുന്നു, വലിയ എയ്‌റോ-സ്റ്റൈൽ അലോയ് വീലുകളും ബോൾഡ് വീൽ ആർച്ചുകളും ഉപയോഗിച്ച് തങ്ങളുടെ എസ്‌യുവി ക്യാരക്ടർ ശക്തിപ്പെടുത്തുന്നു.
ഇരു വാഹനങ്ങളുടേയും വിശാലമായ അളവുകൾ പ്രയോജനപ്പെടുത്തി, അവയിൽ പനോരമിക് സൺറൂഫുകൾ കമ്പനി ഉൾപ്പെടുത്തും. ഫ്ലാറ്റ് -ബോട്ടം സ്റ്റിയറിംഗ് വീൽ, ആംബിയൻ്റ് ലൈറ്റിംഗ് സംവിധാനം, യുണീക്ക് ട്രിപ്പിൾ സ്‌ക്രീൻ ലേയൗട്ട് എന്നിവ വാഹനങ്ങളുടെ പ്രീമിയം അപ്പീൽ വർധിപ്പിക്കുന്നു. സമർപ്പിതമായ INGLO സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, മഹീന്ദ്ര BE 6e, XEV 9e എന്നിവയ്ക്ക് രണ്ടിനും മുന്നിലും പിന്നിലും ഏറ്റവും അറ്റത്തായി സ്ഥാപിച്ചിരിക്കുന്ന വീലുകൾ വളരെ പ്രയോജനപ്പെടുന്നു.
ഫ്ലോറിന് താഴെയുള്ള സ്പെയ്സും ബാറ്ററി പ്ലെയ്‌സ്‌മെൻ്റും ഇത് ഒപ്റ്റിമൈസ് ചെയ്യുന്നു. ഈ ഡിസൈൻ ഇൻ്റീരിയർ റൂമും ഗണ്യമായ ബൂട്ട് കപ്പാസിറ്റിയും ഉറപ്പാക്കുന്നു. പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനുകൾ ഇരു മോഡലുകളും വാഗ്ദാനം ചെയ്യാനുള്ള സാധ്യത നിലവിലുണ്ട് എന്ന് നിസംശയം പറയാം.
മഹീന്ദ്ര BE 6e അടുത്തിടെ വിപണിയിൽ എത്തിയ കൂപ്പെ ടൈപ്പ് ടാറ്റ കർവ്വ് ഇവിയെ നേരിട്ടു വെല്ലുവിളിക്കാൻ കെൽപ്പുള്ളതാണ്, റിയർ വീലുകളിലേക്ക് 231 hp പവറും 380 Nm ടോർക്കും കൈമാറുന്ന വാലിയോ സോഴ്‌സ്ഡ് ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. 60 kWh പായ്ക്ക്, വലിയ 79 kWh പായ്ക്ക് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകൾ വാഹനങ്ങൾ വാഗ്ദാനം ചെയ്യും. രണ്ടാമത്തെ വലിയ ബാറ്ററി പായ്ക്കിന് 450 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








