XUV 3X0 ആദ്യദിനമെത്തിയത് 1500 വീടുകളില്‍, വരിനില്‍ക്കുന്നത് ആയിരങ്ങള്‍! മഹീന്ദ്ര മുതലാളി നോട്ടെണ്ണി മടുക്കും
ഇന്ത്യയിലെ ജനപ്രിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലാണ് XUV 3XO. ഒരു മണിക്കൂറിനുള്ളില്‍ 50000 ബുക്കിംഗ് വാരിക്കൂട്ടി XUV 3XO നിര്‍മാതാക്കളായ മഹീന്ദ്രയെ വരെ ഞെട്ടിച്ചിരുന്നു. കഴിവുറ്റ കാര്‍ ആയിരുന്നിട്ടും മുന്‍ഗാമിയായ XUV300-യെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം തീര്‍ക്കുകയായിരുന്നു ഇന്ത്യക്കാര്‍.
ഞായറാഴ്ചയാണ് (2024 മെയ് 26) സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വിതരണം രാജ്യമെമ്പാടും ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 1500 കസ്റ്റമേഴ്‌സിന് താക്കോല്‍ കൈമാറിയതായി കമ്പനി അറിയിച്ചു. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ ബെസ്റ്റ് സെല്ലേഴ്‌സിനെതിരെ മത്സരിക്കുന്ന മോഡലിന്റെ ബുക്കിംഗ് മെയ് 15-ന് കമ്പനി ആരംഭിച്ചിരുന്നു.

MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയന്റുകളിലായാണ് മഹീന്ദ്ര XUV 3XO വാഗ്ദാനം ചെയ്യുന്നത്. 7.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറങ്ങിയിരിക്കുന്നത്. എസ്യുവിയുടെ എന്‍ട്രി ലെവല്‍, ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ കാര്‍ നിര്‍മ്മാതാവ് ഇതുവരെ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടില്ല.
M1, MX2, MX2 പ്രോ, AX7, AX7 L തുടങ്ങിയ വേരിയന്റുകള്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ഡെലിവറികള്‍ ആരംഭിക്കുന്നത് കാണാന്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും. AX5, AX5 L, MX3, MX3 Pro എന്നിവയാണ് ഡെലിവറി ആരംഭിച്ച വേരിയന്റുകള്‍. AX5 ആണ് നിലവില്‍ എസ്‌യുവിയുടെ ഏറ്റവും ജനപ്രിയവും ഡിമാന്‍ഡ് ഉള്ളതുമായ വേരിയന്റ്.

10.69 ലക്ഷം രൂപ മുതലാണ് ഈ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പവും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലും ഈ വേരിയന്റ് സ്വന്തമാക്കാം. ബുക്ക് ചെയ്യുന്ന ഓരോ അഞ്ച് XUV 3XO എസ്‌യുവികളില്‍ മൂന്നെണ്ണം പെട്രോള്‍ വേരിയന്റുകളാണെന്ന് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിക്ക് കരുത്ത് പകരാന്‍ എത്തുന്നത്.
110 bhp-ക്കും 129 bhp-ക്കും ഇടയിലാണ് പവര്‍ ഔട്ട്പുട്ട് വരുന്നത്. ടോര്‍ക്ക് ഔട്ട്പുട്ട് 200 NM മുതല്‍ 230 Nm വരെയാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടുകൂടിയ എസ്‌യുവിയും ഓഫര്‍ ചെയ്യുന്നു. 115 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്.

ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡീസല്‍ എഎംടി ആണെങ്കില്‍ 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടും. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കില്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പറയുന്നത്.
XUV 3XO-യുടെ കാത്തിരിപ്പ് കാലാവധി കഴിയുന്നത്ര കുറയ്ക്കാന്‍ മുന്‍കൈയെടുത്തതായി മഹീന്ദ്ര അറിയിച്ചു. ഡെലിവറികള്‍ക്ക് മുന്നോടിയായി 10,000 യൂണിറ്റ് എസ്‌യുവി കാര്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ നിര്‍മ്മിച്ചു കഴിഞ്ഞു. XUV 3XO എസ്‌യുവിയുടെ ഉല്‍പ്പാദന ശേഷി പ്രതിമാസം 9,000 യൂണിറ്റായി ഉയര്‍ത്തിയതിനാല്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. അധികകാലം കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ മോഡലിന് സാധിക്കുമെന്നാണ് മഹീന്ദ്ര കരുതുന്നത്.

മഹീന്ദ്ര XUV 3X0-യെ കുറിച്ച് പറയുമ്പോള്‍ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ ആഡംബരവും സ്‌റ്റൈലും സമന്വയിപ്പിച്ചായിരുന്നു ഇതിന്റെ ഗ്രാന്‍ഡ് എന്‍ട്രി. ഒപ്പം ലെവല്‍-2 ADAS പോലുള്ള ഒട്ടേറെ മോഹിപ്പിക്കുന്ന ഫീച്ചറുകളും കൂടിയായതോടെ സംഗതി കളറായി. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന മറ്റ് മഹീന്ദ്ര കാറുകളെപ്പോലെ XUV 3XO-യും നിരവധി സെഗ്മന്റ് ഫസ്റ്റ് ഫീച്ചറുകളമോയാണ് എത്തുന്നത്. സെഗ്മെന്റില്‍ ആദ്യമായി പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന കാറായി XUV 3XO മാറിയിരുന്നു.
ലെവല്‍2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) കൂടാതെ10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഹര്‍മന്‍ 7-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും മഹീന്ദ്ര XUV 3XO എസ്‌യുവിയില്‍ വരുന്നു. ബ്രെസ, നെക്‌സോണ്‍ എന്നിവയെ കൂടാതെ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ എസ്‌യുവികളുടെയും വെല്ലുവിളി XUV 3XO മറികടക്കേണ്ടതായുണ്ട്.


Click it and Unblock the Notifications








