ഉത്സവകാല ലിമിറ്റഡ് എഡിഷനുകളിലെ രംഗണ്ണൻ! മാസ് ലുക്കിൽ സ്കോർപിയോ ക്ലാസിക് ബോസ് എഡിഷനുമായി മഹീന്ദ്ര
ഇന്ത്യൻ വിപണിയിലെ സുപ്രധാന വിൽപ്പന നടക്കുന്നത് ഉത്സവ സീസണിലാണ്, ഈ കാലയളവിൽ പുതുമകൾ അവതരിപ്പിച്ച് അപ്പ്ഡേറ്റായി നിന്നില്ല എങ്കിൽ വൻ നഷ്ടങ്ങൾക്ക് ഒരുങ്ങിക്കൊള്ളൂ എന്ന് പറയാനേ നിർവ്വാഹമുള്ളൂ. അതിനാൽ തന്നെ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ പുത്തൻ മോഡലുകൾ, അല്ലെങ്കിൽ നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ എന്നിവ അവതരിപ്പിച്ചു കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റാൻ മത്സരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് മഹീന്ദ്രയും ചേരുകയാണ്. തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപിയോയുമായിട്ടാണ് പ്രാദേശിക വാഹന നിർമ്മാതാക്കളുടെ വരവ് എന്നത് ശ്രദ്ധേയമാണ്.
2024 ഉത്സവ സീസണിലെ സ്പെഷ്യൽ അല്ലെങ്കിൽ ലിമിറ്റഡ് എഡിഷൻ ലോഞ്ചുകളുടെ നിരയിലേക്ക് സ്കോർപിയോ ക്ലാസിക്കിന് ഒരു ബോസ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. എക്സ്റ്റീരിയറിൽ ഡാർക്ക് ക്രോം സ്റ്റൈലിംഗ് ഘടകങ്ങളോടെയാണ് ഇത് വരുന്നത്, അതോടൊപ്പം അകത്തളത്തിൽ പ്രീമിയമായി കാണപ്പെടുന്ന ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയും അവതരിപ്പിക്കുന്നു.

വാഹനം വെളിപ്പെടുത്തി എന്നല്ലാതെ സ്കോർപിയോ ക്ലാസിക്കിൻ്റെ ബോസ് എഡിഷൻ്റെ വില മഹീന്ദ്ര ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയതായി അവതരിപ്പിച്ച സ്കോർപിയോ ക്ലാസിക് ബോസ് എഡിഷൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഡാർക്ക് ക്രോം ഫിനിഷ് ചെയ്ത ഫ്രണ്ട് ഗ്രില്ല്, സിൽവർ സ്കിഡ് പ്ലേറ്റുള്ള ഫ്രണ്ട് ബമ്പർ എക്സ്റ്റെൻഡർ എന്നിവ ഉൾപ്പെടുന്നു.
ഫോഗ് ലാമ്പുകൾ, ബോണറ്റ് സ്കൂപ്പ്, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ഡാർക്ക് ക്രോം ആക്‌സൻ്റുകൾ നമുക്ക് കാണാം. കൂടാതെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ എന്നിവയ്‌ക്കായി ഡാർക്ക് ക്രോം സറൗണ്ടുകൾ എന്നിവയും ഇതിലുണ്ട് എന്നതും ശ്രദ്ധേയമാണ്. ഡോർ വൈസറുകൾ, ബ്ലാക്ക്ഡ് -ഔട്ട് റിയർ ബമ്പർ പ്രൊട്ടക്ടർ, കാർബൺ -ഫൈബർ- ഫിനിഷ്ഡ് ORVM -കൾ (ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ) എന്നിവ പോലുള്ള എക്സ്ട്ര ആക്‌സസറികളും ഉപഭോക്താക്കൾക്ക് ഇതിനൊപ്പം ലഭിക്കും.

ഇനി അകത്തേക്ക് നീങ്ങുമ്പോൾ, സ്കോർപിയോ ക്ലാസിക്കിൻ്റെ ഈ സ്പെഷ്യൽ എഡിഷൻ മോഡൽ നോർമൽ പതിപ്പിൽ വരുന്നതിന് സമാനമായി അതേ ഡ്യുവൽ -ടോൺ ബ്ലാക്ക്, ബീജ് ഡാഷ്‌ബോർഡ് തീം തന്നെ നിലനിർത്തുന്നു എന്നത് ശ്രദ്ധേയമാണ്, എന്നാൽ ഇത് പൂർണ്ണമായും ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയോടെയാണ് വരുന്നത്.
9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി എന്നിവയാണ് സ്‌കോർപിയോ ക്ലാസിക്കിലെ മറ്റ് പ്രധാന ഫീച്ചറുകൾ. വാഹനത്തിൻ്റെ സേഫ്റ്റി കിറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും റിയർ പാർക്കിംഗ് സെൻസറുകളും ഉൾപ്പെടുന്നു. ബോസ് എഡിഷനൊപ്പം, ഉപഭോക്താക്കൾക്ക് ഒരു റിയർ പാർക്കിംഗ് ക്യാമറയും ലഭിക്കും.

സ്കോർപിയോ N -ൻ്റെ ഡീ -ട്യൂണ ചെയ്ത ഡീസൽ പതിപ്പിൽ നിന്ന് ഉരുത്തിരിഞ്ഞ 2.2 -ലിറ്റർ ഡീസൽ എഞ്ചിനിലാണ് സ്കോർപിയോ ക്ലാസിക്കിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 132 PS മാക്സ് പവറും, 300 Nm ടോർക്കും പുറപ്പെടുവിക്കുന്നു.
ആറ് -സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിലാണ് ഇത് വരുന്നത്. പിന്നെ സ്കോർപ്പിയോ N -ൽ നിന്ന് വ്യത്യസ്തമായി, സ്കോർപിയോ ക്ലാസിക്കിന് 4 -വീൽ ഡ്രൈവ് (4WD) ഡ്രൈവ്ട്രെയിനിൻ്റെ ഓപ്ഷൻ ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. ഈ പരുക്കൻ ക്ലാസിക്ക് ലുക്കിനൊപ്പം അതും കൂടെ ഉണ്ടായിരുന്നെങ്കിൽ കൊമ്പന് നെട്ടിപ്പട്ടം കെട്ടിയതിന്റെ പ്രതീതിയായിരിക്കും.
അടുത്തതായി നോർമ്മൽ സ്കോർപിയോ N -ന്റെ വിലയും ഇന്ത്യൻ വിപണിയിലെ അതിന്റെ എതിരാളികളേയും ഒന്ന് നോക്കാം. സ്കോർപിയോ ക്ലാസിക് ബോസ് എഡിഷൻ്റെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എസ്‌യുവിയുടെ നോർമൽ വേരിയൻ്റുകളുടെ വില എന്നത് 13.62 ലക്ഷം മുതൽ 17.42 ലക്ഷം രൂപ വരെയാണ്. മഹീന്ദ്രയുടെ തന്നെ മോഡൽ നിരയിലെ മഹീന്ദ്ര സ്കോർപിയോ N, മഹീന്ദ്ര XUV700 എന്നിവയ്‌ക്ക് പകരം താങ്ങാനാവുന്ന ഒരു ബദലായി ഇതിനെ പരിഗണിക്കാം.


Click it and Unblock the Notifications








