ഇനി ഇവി സെഗ്മെന്റിൽ ടാറ്റ ഒറ്റയ്ക്ക് ഷൈൻ ചെയ്യേണ്ട! 682 കി.മീ റേഞ്ചുള്ള എസ്‌യുവി അവതരിപ്പിച്ച് മഹീന്ദ്ര
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഹീന്ദ്ര തങ്ങളുടെ BE 6e ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ചെന്നൈയിൽ നടന്ന 'അൺലിമിറ്റ് ഇന്ത്യ' ഇവൻ്റിലാണ് മഹീന്ദ്ര ഇവിയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. 18.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്. മഹീന്ദ്രയുടെ നൂതനമായ INGLO പ്ലാറ്റ്‌ഫോമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്, ബ്രാൻഡിൻ്റെ ഇവി മേഘലയിലെക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. മുമ്പ് BE 05 എന്നറിയപ്പെട്ടിരുന്ന BE 6e, തികച്ചും പുതിയൊരു ഡിസൈൻ ശൈലിയോടും ആധുനിക സാങ്കേതികവിദ്യയോടുമുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു ഓൾ-ഇലക്‌ട്രിക് ഫൈവ് സീറ്റർ കൂപ്പെ ടൈപ്പ് എസ്‌യുവിയാണ്.
കൃത്യമായി പറഞ്ഞാൽ ഇംഗ്ലണ്ടിൽ മഹീന്ദ്ര കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ BE 05 കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് മഹീന്ദ്ര BE 6e. കൺസെപ്റ്റ് കാറിൻ്റെ മിക്ക ഡിസൈൻ എലമെന്റുകളും പുതിയ BE 6e കാര്യമായ മാറ്റങ്ങൾ ഇല്ലാതെ നിലനിർത്തുന്നു. കൺസെപ്റ്റ് മഡലിനോട് നീതി പുലർത്തുന്നു എന്ന് തന്നെ പറയാം.

മഹീന്ദ്ര BE 6e -യുടെ C -ടൈപ്പ് എൽഇഡി DRL -കൾ എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് ഒരു ആവരണം തീർക്കുന്നു. ഷോർട്ട് ഫ്രണ്ട് എൻഡ്, മസ്കുലാർ & ഫ്ലെയർഡ് വീലർച്ചുകൾ, കൂപ്പെ ടൈപ്പ് റൂഫ് സ്റ്റൈൽ, 18 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയർ സവിശേഷതകൾ.
കൂപ്പെ ശൈലിയിലുള്ള റൂഫ് പൂർണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്. പിന്നിൽ അത് വളയുന്നിടത്ത് ട്വിൻ സ്‌പോയിലറുകളും കാണാം. ബൂട്ട് ലിപ്പിലും മറ്റൊരു സ്‌പോയിലർ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. ഫ്രണ്ട് എൻഡിൽ വരുന്ന DRL -കൾക്ക് സമാനമായ C ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ഇതിൽ വരുന്നു.

അടുത്തതായി ഇൻ്റീരിയറിന്റെ കാര്യത്തിൽ ഇൻഫോടെയിൻമെൻ്റിനും ഇൻസ്ട്രുമെൻ്റേഷനുമായി ട്വിൻ ഡിസ്‌പ്ലേകൾ നമുക്ക് കാണാം. അതോടൊപ്പം ഇല്യുമിനേറ്റഡ് BE ലോഗോയുള്ള 2 -സ്‌പോക്ക് സ്റ്റിയറിംഗ് വീലും വരുന്നു. മഹീന്ദ്രയുടെ പുതിയ MAIA AI സിസ്റ്റത്തിൻ്റെ സഹായത്തോടെയാണ് BE 6e -യുടെ ഡിസ്‌പ്ലേകളെല്ലാം പ്രവർത്തിക്കുന്നത്, ഇത് OTA അപ്‌ഡേറ്റുകളും അനുവദിക്കുന്നു.
1400 വാട്ട്‌സ് സിസ്റ്റം ഔട്ട്‌പുട്ടും ഡോൾബി അറ്റ്‌മോസ് ടെക് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഹർമാൻ കാർഡൺ 16 -സ്‌പീക്കർ ഹൈ -ഫൈ ഓഡിയോ സിസ്റ്റവും A.R റഹ്മാൻ്റെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ്. നേരത്തെ സൂചിപ്പിച്ച BE 6e -ൻ്റെ ഗ്ലാസ് റൂഫ് ദോഷകരമായ UV റെയ്സിൽ നിന്നും പ്രൊട്ടക്ഷൻ നൽകുന്നതാണ്. കൂടാതെ വയർലെസ് ഫോൺ ചാർജറുകൾ, എയർ പ്യൂരിഫയർ സിസ്റ്റം എന്നിവയും ഇതിൽ മഹീന്ദ്ര ഒരുക്കുന്നു.

മഹീന്ദ്ര BE 6e 59 kWh അല്ലെങ്കിൽ 79 kWh LFP ബാറ്ററി പായ്ക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുമായി വാഗ്ദാനം ചെയ്യുന്നു, പൂർണ്ണമായും ക്ലോസ്ഡ് യൂണിറ്റാണിത്. അതോടൊപ്പം ഫയർ, വാട്ടർ, വൈബ്രേഷനുകൾ എന്നിവയെ വളരെ ഫലപ്രദമായി പ്രതിരോധിക്കും എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
79 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ ARAI സാക്ഷ്യപ്പെടുത്തിയ MIDC ഡ്രൈവിംഗ് റേഞ്ച് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ 500 കിലോമീറ്ററിന് മുകളിൽ നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം ചാർജിംഗ് സമയം വെറും 20 മിനിറ്റിൽ സാധ്യമാക്കുന്ന 175kW DC ചാർജറും സപ്പോർട്ട് ചെയ്യുന്നു.
മഹീന്ദ്ര BE 6e -ന് അടിവരയിടുന്ന INGLO പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമായി ബാറ്ററി പായ്ക്ക് ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്തിരിക്കുന്നു. ഇലക്ട്രിക് മോട്ടോർ 281.6 bhp മാക്സ് പവറും വാഗ്ദാനം ചെയ്യുന്നു, വെറും 6.7 സെക്കൻഡിൽ മഹീന്ദ്ര BE 6e -യ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








