ജിംനിയ്ക്ക് രാജ്യം വിടാം! ഓഫ്റോഡ് സെഗ്മെന്റ് തൂക്കി മഹീന്ദ്ര; 12.99 ലക്ഷം രൂപയ്ക്ക് ഥാർ റോക്സ് വിപണിയിൽ
അങ്ങനെ ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ കോളിളക്കം സൃഷ്ടിച്ചു കോണ്ട് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫൈവ് സീറ്റർ പതിപ്പിന്റെ വിലകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഥാർ റോക്സിന്റെ എൻട്രി ലെവൽ MX1 പെട്രോൾ വേരിയൻ്റിന് 12.99 ലക്ഷം രൂപയും എൻട്രി ലെവൽ ഡീസൽ വേരിയൻ്റിന് 13.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ത്രീ -ഡോർ ഥാറിന് മുകളിൽ സ്ഥിതി ചെയ്യുന്ന റോക്സ് വിലയുടെ കാര്യത്തിൽ കുഞ്ഞ മോഡലുമായി ഏകദേശം 1.64 ലക്ഷം രൂപയുടെ വ്യത്യാസത്തിലാണ് ഉയർന്ന് തുടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
വിലനിർണ്ണയത്തിന്റെ കാര്യത്തിൽ മഹീന്ദ്ര ഒരു വമ്പൻ ട്വിസ്റ്റ് തന്നെയാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. ഏതാനും മണിക്കൂറുകൾക്കു മുമ്പ് സുഹൃത്തിന്റെ പിതാവുമായി നടന്ന ചെറിയൊരു ചർച്ചയിൽ പോലും ഥാർ റോക്സിന് മിനിമം 17 ലക്ഷം രൂപയ്ക്കു മുകളിലായിരിക്കും എന്ന് വാദിച്ചിട്ടു വന്ന എനിക്കും, എന്റെ സുഹൃത്തിനും തന്നെ ഇത് വളരെ അതിശയിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. നിങ്ങളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ കമന്റ്സിലൂടെ അറിയിക്കുക.

ഇനി വാഹനത്തിന്റെ കാര്യത്തിലേക്ക് മടങ്ങി വരുമ്പോൾ, എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഫിനിഷ്, 18 ഇഞ്ച് സ്റ്റീൽ വീലുകൾ, 10.25 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ ബെഞ്ച് സീറ്റുകൾ, റിയർ എസി വെൻ്റുകളും ഒരു റിയർ USB -C പോർട്ട് എന്നിവയാണ് എൻട്രി ലെവൽ ഥാർ റോക്‌സ് വേരിയൻ്റിൽ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. സേഫ്റ്റി കിറ്റിൻ്റെ കാര്യത്തിൽ, MX1 വേരിയൻ്റിൽ എല്ലാ യാത്രക്കാർക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ആറ് എയർബാഗുകൾ, ESC എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
റോക്‌സിന്റെ ബേസ് വേരിയൻ്റിൽ മാനുവൽ ഗിയർബോക്‌സിനൊപ്പം 162 bhp മാക്സ് പവറും 330 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോ -പെട്രോൾ എഞ്ചിനും, അതോടൊപ്പം മാനുവൽ ഗിയർബോക്സിൽ 152 bhp പരമാവധി പവറും 330 Nm ടോർക്കും സൃഷ്ടിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ത്രീ -ഡോർ ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ, നിലവിലുള്ള ഏഴ് സ്ലോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ആറ്, ഡബിൾ -സ്റ്റാക്ക് സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന ഒരു പുതിയ ഗ്രില്ല് ഡിസൈൻ റോക്സിനു ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ പരമ്പരാഗത വൃത്താകൃതിയിലുള്ള ഡിസൈൻ മാറ്റമില്ലാതെ നിലനിർത്തുന്നു, എന്നാൽ അവയ്ക്ക് ഇപ്പോൾ C -ഷെയിപ്പിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി പ്രൊജക്ടർ സജ്ജീകരണം ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ടോപ്പ് സ്പെക്ക് വേരിയൻ്റുകളിൽ എൽഇഡി ഫോഗ് ലാമ്പുകൾ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ബമ്പറിന് ചില സവിശേഷമായ ഡിസൈൻ ഘടകങ്ങളും അതോടൊപ്പം ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പ് ഹൗസിംഗുകളും മധ്യഭാഗത്ത് ഫോക്സ് ബ്രഷ്ഡ് അലുമിനിയം ബിറ്റുകളും നമുക്ക് കാണാം. ടോപ്പ് -സ്പെക്ക് വേരിയൻ്റുകളിൽ കോർണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലാമ്പുകളും വരാൻ സാധ്യതയുണ്ട്.

ഉയർന്ന വകഭേദങ്ങൾക്കായി ചങ്കി വീൽ ആർച്ചുകളും സ്റ്റൈലിഷ് 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും റോക്‌സിന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു, അതേസമയം മിഡ് വേരിയൻ്റുകൾക്ക് 18 ഇഞ്ച് അലോയി വീലുകൾ ലഭിക്കും. അടുത്തതായി സൈഡ് പ്രൊഫൈലിൽ മുൻവശത്തെ ഡോർ സ്റ്റാൻഡേർഡ് ഥാറിന് സമാനമായി കാണപ്പെടുമ്പോൾ, പിൻ ഡോറിന് യുണീക്ക് വെർട്ടിക്കലായി പ്ലേസ് ചെയ്ത ഒരു ഹാൻഡിൽ ലഭിക്കുന്നു.
മഹീന്ദ്ര മുമ്പ് അവതരിപ്പിച്ച ഥാർ ഇവി കൺസെപ്‌റ്റിന് സമാനമായി റിയർ ഡോറിൻ്റെ പിൻഭാഗത്തെ ക്വാർട്ടർ ഗ്ലാസിന് ഒരു ത്രികോണാകൃതിയുണ്ട്. ഥാർ റോക്സിന് മിക്ക വകഭേദങ്ങൾക്കും കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫിൽ ഡ്യുവൽ -ടോൺ പെയിൻ്റ് ഷേഡ് ഉണ്ടായിരിക്കും. ഇത് ഒരു റിമൂവബിൾ ഹാർഡ്‌ടോപ്പ് ലുക്ക് നൽകും.
പിന്നിലോക്ക് നീങ്ങിയാൽ, ഇത് ഥാർ ത്രീ -ഡോറിനോട് വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു, എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ, C -ആകൃതിയിലുള്ള എൽഇഡികളുമായി വരുന്ന ചെറുതായി പുനർനിർമ്മിച്ച ടെയിൽ ലാമ്പുകളും റിയർ വൈപ്പറും വാഷറും ഉൾക്കൊള്ളുന്ന ഒരു ടെയിൽഗേറ്റ് രൂപകൽപ്പനയും നമുക്ക് വ്യക്തമായി കാണാം.


Click it and Unblock the Notifications








