'കുറ്റം' പറയാൻ ഒന്നുമില്ലാത്ത ഫാമിലി കാർ വാങ്ങിയത് വെറും 9 പേര്‍! വിൽപ്പന കുറയാനുള്ള കാരണം തേടി മഹീന്ദ്ര
പുതുതായി വിപണിയിലെത്തിയ എസ്‌യുവികളുടെ ബലത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുകയാണ്. ഉത്സവകാലത്ത് അര ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും 2024 നവംബറില്‍ വീണ്ടും മഹീന്ദ്ര നാലാം സ്ഥാനത്തേക്ക് വീണിരുന്നു. സെപ്റ്റംബറില്‍ 51,062 കാറുകളും ഒക്ടോബറില്‍ 54,504 കാറുകളും വിറ്റ കമ്പനിക്ക് പക്ഷേ നവംബറില്‍ 46,222 യൂണിറ്റാണ് വില്‍ക്കാന്‍ സാധിച്ചത്. ഥാര്‍, സ്‌കോര്‍പിയോ അടക്കമുള്ള ജനപ്രിയ മോഡലുകള്‍ മികച്ച പ്രകടനം തുടര്‍ന്നു. എന്നാല്‍ മഹീന്ദ്ര പുറത്തിറക്കുന്ന കാറുകളില്‍ ഏറ്റവും 'ഉഴപ്പനായ' ഒരു മോഡല്‍ ഉണ്ട്. അത് ഏതാണെന്ന് ചുവടെ വിശദമായി വായിക്കാം.
ഇന്ത്യയില്‍ നിലവില്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ്. മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, കിയ കാരെന്‍സ് എന്നീ മോഡലുകള്‍ മികച്ച വില്‍പ്പന ആസ്വദിക്കുന്നു. എന്നാല്‍ ഈ സെഗ്‌മെന്റില്‍ മാറ്റുരയ്ക്കുമ്പോഴും ഓരാ മാസവും വില്‍പ്പന കുറയുന്ന ഒരു മോഡലാണ് ഇപ്പോള്‍ മഹീന്ദ്രയുടെ തലവേദന. അത് മറ്റേതുമല്ല മഹീന്ദ്ര മറാസോ എംപിവിയാണ്. 2024 നവംബര്‍ മാസവും മറാസോയുടെ വില്‍പ്പന നന്നേ കുറവായിരുന്നു.

കഴിഞ്ഞ മാസം വെറും 9 പേര്‍ മാത്രണാ് മറാസോ വാങ്ങാനായി മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. അതേസമയം ഒക്ടോബറില്‍ 37 കാറുകള്‍ വിറ്റുപോയിരുന്നു. ഈ വര്‍ഷം മഹീന്ദ്ര മറാസോയുടെ പ്രതിമാസ വില്‍പ്പനയില്‍ ചാഞ്ചാട്ടം നേരിട്ടു. ജൂണില്‍ 12 കാറുകള്‍ വിറ്റപ്പോള്‍ ജൂലൈയില്‍ ഇത് 14 കാറുകളായി വര്‍ധിച്ചു. എന്നിരുന്നാലും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യഥാക്രമം 8, 7 കാറുകള്‍ മാത്രമാണ് ഷോറൂമില്‍ നിന്നിറങ്ങിയത്.
ഉത്സവകാല ഓഫറുകളുടെ ഭാഗമായാണ് ഒക്‌ടോബറില്‍ രണ്ടക്കം തൊട്ടതെന്ന് പ്രതീക്ഷിക്കാം. നവംബറില്‍ വീണ്ടും വില്‍പ്പന ഒറ്റയക്കത്തിലെത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മറാസോ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതോടെ ഇത് നിര്‍ത്തലാക്കിയെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അപ്‌ഡേറ്റുകളോടെ കാര്‍ തിരികെ കൊണ്ടുവന്നെങ്കിലും അത് യാതൊരു ഗുണവും ചെയ്തില്ല. അതിന് കാരണം കാറിന്റെ വിലയും പരിഷ്‌കരിച്ചിരുന്നു.

ഏകദേശം 20,000 രൂപ വരെയാണ് കൂടിയത്. മറാസോയുടെ ബേസ് മോഡലായ M2 7-സീറ്ററിന് 14.59 ലക്ഷം രൂപയാണ് വില . M2 8-സീറ്ററിന് 14.59 ലക്ഷം, M4 പ്ലസ് 7-സീറ്ററിന് 15.86 ലക്ഷം, M4 പ്ലസ് 8-സീറ്ററിന് 15.94 ലക്ഷം, M6 പ്ലസ് 7-സീറ്ററിന് 16.92 ലക്ഷം, M6 പ്ലസ് 8-സീറ്ററിന് 17 ലക്ഷം എന്നിങ്ങനെയാണ് പുതിയ എക്സ്ഷോറൂം വിലകള്‍.
121 bhpപവറും 300 Nm നല്‍കുന്ന ശക്തമായ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ ഹൃദയം. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ മഹീന്ദ്ര മറാസോയില്‍ സജ്ജീകരിച്ചിരിക്കുന്നു.

എല്ലാ വേരിയന്റുകളിലും എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഈ കാറിലുണ്ട്. സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനും ഈ എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ കാര്യമായി ഗൗനിക്കുന്നില്ല. മഹീന്ദ്രയുടെ പുത്തന്‍ എസ്‌യുവികള്‍ക്ക് സമാനമായ അപ്‌ഡേറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇത് വിപണിയില്‍ നിന്ന് പിന്‍വലിക്കുകയല്ലാതെ തരമുണ്ടാകില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








