വാങ്ങിയത് വെറും 7 പേര്‍! നല്ല ഫാമിലി കാറായിട്ടും ജനം മുഖംതിരിക്കുന്നത് എന്തുകൊണ്ടായിരിക്കും?
വല്ല്യേട്ടനായ ടാറ്റയെ വരെ പിന്നിലാക്കി 2024 സെപ്റ്റംബറില്‍ ഇന്ത്യയിലെ നമ്പര്‍ 3 കാര്‍ ബ്രാന്‍ഡായി മാറിയ മഹീന്ദ്രയുടെ ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളും മികച്ച വില്‍പ്പന നേടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു കാര്‍ മഹീന്ദ്രക്ക് തലവേദനയാണെന്ന് പറയാതെ വയ്യ. പറഞ്ഞ് വരുന്നത് മറാസോ എംപിവിയെ കുറിച്ചാണ്. ടൊയോട്ട ഇന്നോവയും മാരുതി എര്‍ട്ടിഗയുമെല്ലാം അരങ്ങുവാഴുന്ന മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) വിഭാഗത്തില്‍ ഭാഗ്യപരീക്ഷണം നടത്താനായി കൊണ്ടുവന്ന മോഡലാണ് മറാസോ. ഒന്ന് രണ്ട് മാസം മുമ്പ് ഈ കാര്‍ നിര്‍ത്തലാക്കിയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മറാസോ (Mahindra Marazzo) അപ്രത്യക്ഷമായതോടെയാണ് കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ മറാസോ ചില മാറ്റങ്ങളോടെ തിരിച്ചെത്തി. വിലയിലായിരുന്നു ഒരു മാറ്റം. മാത്രമല്ല 7 സീറ്റര്‍, 8 സീറ്റര്‍ ലേഔട്ടിലും കാര്‍ വാങ്ങാനുള്ള ഓപ്ഷന്‍ കമ്പനി മുന്നോട്ട് വെച്ചു. ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്താനുള്ള അപ്ഡേറ്റും കാറിന് രക്ഷയായില്ലെന്ന് വേണം പറയാന്‍.

2024 സെപ്റ്റംബറില്‍ മഹീന്ദ്ര 7 സീറ്റര്‍ എംപിവിയുടെ വെറും 7 യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. ജൂലൈയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചിട്ടും വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. നവീകരണങ്ങള്‍ക്ക് ശേഷം വന്ന മൂന്ന് മാസത്തില്‍ ആകെ 29 യൂണിറ്റ് മറാസോയാണ് ഷോറൂമില്‍ നിന്നിറങ്ങയത്. കഴിഞ്ഞ ആറ് മാസമായി കാറിന്റെ വില്‍പ്പന മന്ദഗതിയിലാണ്. 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഹീന്ദ്ര മറാസോയുടെ വില്‍പന പട്ടിക ചുവടെ കാണാം.
| മാസം | വില്‍പ്പന (യൂണിറ്റ് ) |
| 2024 ഏപ്രില്‍ | 20 |
| 2024 മെയ് | 16 |
| 2024 ജൂണ്‍ | 12 |
| 2024 ജൂലൈ | 14 |
| 2024 ഓഗസ്റ്റ് | 8 |
| 2024 സെപ്റ്റംബര്‍ | 7 |
കഴിഞ്ഞ ആറുമാസത്തിനിടെ ആകെ 77 കാറുകള്‍ മാത്രമാണ് വിറ്റ് പോയത്. ഡ്രൈവിംഗ് എക്‌സപീരിയന്‍സ്, യാത്രാ സുഖം, ബില്‍ഡ് ക്വാളിറ്റി എന്നിവയുടെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്ന മറാസോ വിപണിയില്‍ എര്‍ട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലായിരുന്നു സ്ഥാനം പിടിച്ചത്. ഇന്നോവ വാങ്ങാന്‍ കാശില്ലാത്തവരെ ആകര്‍ഷിക്കാനായിരുന്നു മഹീന്ദ്ര ശ്രമം. തരക്കേടില്ലാത്ത വിലയില്‍ ലഭ്യമാക്കിയിട്ട് പോലും കാര്‍ പ്രതീക്ഷിച്ച വില്‍പ്പന നേടിയില്ല. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിട്ടും ജനങ്ങള്‍ തിരിഞ്ഞു നോക്കിയില്ല.

ഡീലിസ്റ്റ് ചെയ്ത് കാര്‍ മടങ്ങിവന്നത് വില വര്‍ധനവുമായിട്ടായിരുന്നു. ഏകദേശം 20,000 രൂപ വരെയാണ് കൂടിയത്. മറാസോയുടെ ബേസ് മോഡലായ M2 7-സീറ്ററിന് 14.59 ലക്ഷം രൂപയാണ് വില . M2 8-സീറ്ററിന് 14.59 ലക്ഷം, M4 പ്ലസ് 7-സീറ്ററിന് 15.86 ലക്ഷം, M4 പ്ലസ് 8-സീറ്ററിന് 15.94 ലക്ഷം, M6 പ്ലസ് 7-സീറ്ററിന് 16.92 ലക്ഷം, M6 പ്ലസ് 8-സീറ്ററിന് 17 ലക്ഷം എന്നിങ്ങനെയാണ് പുതിയ എക്‌സ്‌ഷോറൂം വിലകള്‍.
അകത്തളത്തില്‍ വിശാലമായ ഇടം, ഡിഫ്യൂസും ഡയറക്ട് ഫംഗ്ഷനുകളുമുള്ള റിയര്‍ എസി വെന്റുകള്‍, രണ്ടാംനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ അല്ലെങ്കില്‍ ബെഞ്ച് സീറ്റ് ഓപ്ഷന്‍, റിയര്‍ സണ്‍ ബ്ലൈന്റുകള്‍ പോലുള്ള സൗകര്യങ്ങള്‍ മറാസോയില്‍ മഹീന്ദ്ര ഒരുക്കിയിരുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 121 bhp പവറും 300 Nm വരെ ടോര്‍ക്കും നല്‍കുന്ന കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയ്ക്ക് കരുത്തേകുന്നത്.

എല്ലാ വേരിയന്റുകളിലും എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി സഹിതമുള്ള സുരക്ഷാ ഫീച്ചറുകള്‍, ഇടുങ്ങിയ സ്ഥലങ്ങളില്‍ റിവേഴ്സ് ചെയ്യുമ്പോഴോ പാര്‍ക്ക് ചെയ്യുമ്പോഴോ കൂടുതല്‍ സുരക്ഷയ്ക്കായി റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും എംപിവിയില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിമോട്ട് കീലെസ് എന്‍ട്രി ഫംഗ്ഷന്‍, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള ആധുനിക സവിശേഷതകളും കാര്‍ വാഗ്ദാനം ചെയ്യുന്നു.
വില്‍പ്പന ഉയര്‍ത്താന്‍ ഒക്ടോബറില്‍ മറാസോക്ക് 65,000 രൂപ വരെ മൂല്യം വരുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട എര്‍ട്ടിഗ പോലെ ഒരു വാഹനത്തോട് മത്സരിക്കുമ്പോള്‍ പുതിയ കാലത്തെ മഹീന്ദ്ര എസ്‌യുവികള്‍ക്ക് സമാനമായ രീതിയിലെങ്കിലും മറാസോ കമ്പനി അപ്‌ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. മഹീന്ദ്ര XUV300 തന്നെ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. മാരക അപ്‌ഡേറ്റുകളുമായി വന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ വില്‍പ്പന വാരി മഹീന്ദ്രയുടെ അഭിമാനമാണിപ്പോള്‍.


Click it and Unblock the Notifications








