CNG ഞങ്ങളുടെ DNA -ൽ ഇല്ല! പെർഫോമെൻസിനെ അടിയറ വെച്ച് മൈലേജിന് പിന്നാലെ പോവില്ലെന്ന് മഹീന്ദ്ര
അടുത്തിടെ വളരെ ഫ്യൂച്ചറിസ്റ്റിക്കായ തങ്ങളുടെ പുത്തൻ ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തിച്ചു കൊണ്ട് വീണ്ടും ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര. അതിന്റെ കോളിളക്കങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ മഹീന്ദ്ര വീണ്ടും തലക്കെട്ടുകളിൽ കയറിയിരിക്കുകയാണ്. മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ബിസിനസ്സ് പ്രസിഡൻ്റ് വീജയ് റാം നക്ര നടത്തിയ ഒരു ശക്തമായ പ്രസ്താവനയാണ് ഇതിനു പിന്നിൽ. CNG എന്നത് മഹീന്ദ്രയുടെ DNA -ൽ ഇല്ലെന്നും എസ്‌യുവി ഭീമൻ പാസഞ്ചർ കാർ (M1) വിഭാഗത്തിൽ CNG പവർഡ് വാഹനങ്ങൾ നൽകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളുടെ ഡ്രൈവ് ഇവൻ്റിനോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വാഹന വ്യവസായ രംഗത്തെ പ്രമുഖനിൽ നിന്നുള്ള ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. മൈലേജ് നോക്കുന്ന ഇക്കോണമി കാറുകളുടെയും ടാക്സി ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയും ഫ്യുവലായട്ടാണ് CNG -യെ നമ്മുടെ രാജ്യത്ത് കാണുന്നത്.

പ്രധാനമായും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളായ മാരുതി സുസുക്കി ആധിപത്യം പുലർത്തുന്ന ഇക്കോണമി സെഗ്‌മെൻ്റുകളിലാണ് ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഒരു പരിധിവരെ ഹ്യുണ്ടായി, ടാറ്റ എന്നിവയും ഈ സെഗ്മെന്റിൽ മോശമില്ലാത്ത ഒരു വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കാനും ഒരു ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് എന്ന നിലയിൽ ഇന്ത്യൻ കാർ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മഹീന്ദ്ര ആഗ്രഹിക്കുന്നു.
മാരുതി സുസുക്കിക്ക് തങ്ങളുടെ ഏക ഡീസൽ എഞ്ചിന്റെ ഉൽപ്പാദനം നിർത്തേണ്ടി വന്നതിനെ തുടർന്ന് CNG -ൽ ഫോക്കസ് ചെയ്യാൻ നിർബന്ധിതരായപ്പോൾ, മഹീന്ദ്രയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ല. വാസ്തവത്തിൽ, കൂടുതൽ ഡീസൽ പവർട്രെയിനുകളിൽ പുത്തൻ മാനങ്ങൾ സൃഷ്ടിക്കുകയാണ് മഹീന്ദ്ര എന്ന് നിസംശയം പറയാം.

മഹീന്ദ്ര എന്നും ഒരു മാച്ചോ/ ബോൾഡ് മനോഭാവത്തെയും റോഡ് സാന്നിധ്യത്തെയും പിന്തുണയ്ക്കുന്നു. 'വി ലിവ് യങ്, വി ലിവ് ഫ്രീ (we live young, we live free) ' എന്നതാണ് കമ്പനിയുടെ ആപ്തവാക്യം, ഈ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തുന്ന ഒന്നും ചെയ്യാൻ ബ്രാൻഡ് ആഗ്രഹിക്കുന്നില്ല എന്നതാണ് ഈ പ്രസ്താവനയിലൂടെ നമുക്ക് മനസിലാക്കാവുന്നത്.
ഇന്ത്യൻ യുവി വാഹന നിർമ്മാതാക്കൾ തങ്ങളുടെ എസ്‌യുവി മോഡലുകൾക്കായി ശക്തമായ എഞ്ചിനുകളിൽ മുഴുവനായും ശ്രദ്ധ നൽകാൻ പദ്ധതിയിടുന്നു. സെഗ്‌മെൻ്റ് ലീഡർമാരായ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളും മഹീന്ദ്ര ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, മഹീന്ദ്രയിൽ നിന്നുള്ള എൻട്രി ലെവൽ എസ്‌യുവി മോഡലായ XUV 3XO. സബ് -ഫോർ മീറ്റർ മോഡലിന് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും ശക്തമായ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

ഈ യൂണിറ്റ് ഏകദേശം 130 bhp മാക്സ് പവറും 230 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഡീസൽ യൂണിറ്റുമായി വരുന്ന XUV 3XO പോലും 115 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്ക് ഔട്ട്പുട്ടുകളുമായി സെഗ്മെൻ്റിൽ മുൻ നിരയിലാണ്.
ഉപഭോക്താക്കളെ പെർഫോമെൻസിന്റെ വശത്തേക്ക് ആകർഷിക്കാനാണ് മഹീന്ദ്ര ആഗ്രഹിക്കുന്നത്, തങ്ങൾ എന്റർടെയിൻമെന്റിനും പെർഫോമെൻസിനും യുവത്വത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. സിഎൻജിക്ക് നേർവിപരീതമായി നിൽക്കുന്ന ഘടകങ്ങളാണിവ. CNG മോഡലുകളേക്കാൾ ഉപരിയായി മഹീന്ദ്ര ഇവികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








