26 കി.മീ മൈലേജ് തരുന്ന മാരുതി എംപിവി മടുത്തോ? ഫാമിലികള്‍ക്ക് മഹീന്ദ്രയുടെ ഈ 7 സീറ്റര്‍ കാര്‍ മതി!
ഇന്നത്തെ കാലത്ത് ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ ആവശ്യകതകള്‍ക്കാണ് പ്രാധാന്യം ഏറെ നല്‍കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകം അടച്ചിടലിന് പാത്രമായതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പകരം ദീര്‍ഘദൂര യാത്രകള്‍ക്ക് വരെ കാറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കുടുംബത്തിലെ അംഗസംഖ്യ കൂടുന്നതിന് അനുസരിച്ച് നോക്കുന്ന കാര്‍ സെഗ്‌മെന്റും മാറുന്നു.
ഏതൊരു ഉല്‍പ്പന്നം വാങ്ങുമ്പോഴും നമ്മള്‍ ആ വിഭാഗത്തില്‍ ഏറ്റവും 'മൂവിംഗ്' അല്ലെങ്കില്‍ വില്‍പ്പനയുള്ളത് ഏതിനാണെന്ന് അന്വേഷിക്കാറുണ്ട്. അത്തരത്തില്‍ നിങ്ങള്‍ വലിയ കുടുംബങ്ങള്‍ക്ക് പറ്റിയ കാര്‍ അന്വേഷിക്കുന്നയാളാണെങ്കില്‍ 7 സീറ്റര്‍ സെഗ്‌മെന്റില്‍ അടുത്ത കാലത്തായി ചില്ലറ ട്വിസ്റ്റുകളൊക്കെ സംഭവിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്നും മറ്റും ചുവടെ നിങ്ങള്‍ക്ക് വിശദീകരിക്കാം.

7 സീറ്റര്‍ വാഹനങ്ങള്‍ എടുത്താല്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളിലും (എസ്‌യുവി), മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളിലും (എംപിവി) നിങ്ങള്‍ക്ക് പറ്റിയ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ടാറ്റ പഞ്ചാണ്. ഐസിഇ, ഇലക്ട്രിക് കാറുകള്‍ ചേര്‍ത്താണ് ടാറ്റ പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ ഇത് ഒരു 5 സീറ്റര്‍ കാറാണ്. ഇന്ത്യയിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു മഹീന്ദ്ര സ്‌കോര്‍പിയോ.
ഇത് ഒരു 7 സീറ്റര്‍ കാറാണ്. ഏറെ നാളായി 7 സീറ്റര്‍ കാര്‍ സെഗ്മെന്റ് ഭരിക്കുന്നത് മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവിയായ എര്‍ട്ടിഗയാണ്. താങ്ങാവുന്ന വിലയില്‍ ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന മികച്ച ഇന്ധനക്ഷമതയുള്ള കാര്‍ ആയതിനാല്‍ ഇത് വാങ്ങാനായി ജനങ്ങള്‍ ഷോറൂമിലേക്ക് ഇരച്ചെത്തുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എര്‍ട്ടിഗയെ താഴെ ഇറക്കി മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ കാറായി മാറി.

കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 15,151 സ്‌കോര്‍പിയോ കാറുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എസ്‌യുവികളുടെ സംയുക്ത വില്‍പ്പന കണക്കാണിത്. 2023 മാര്‍ച്ചിലെ 8,788 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പന 72% ഉയര്‍ന്നു. 14,888 യൂണിറ്റ് വില്‍പ്പനയുമായി ടോപ് 10 കാറുകളുടെ പട്ടികയില്‍ എര്‍ട്ടിഗ സ്‌കോര്‍പിയോക്ക് പിന്നില്‍ എട്ടാം സ്ഥാനത്തായി.
പോയമാസം ഇന്ത്യയിലെ 7 സീറ്റര്‍ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എര്‍ട്ടിഗയേക്കാള്‍ സ്‌കോര്‍പിയോക്ക് സ്വീകാര്യത ലഭിച്ചുവെന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം. എന്ന് കരുതി എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ ഇടിവൊന്നും വന്നിട്ടില്ല കേട്ടോ. 2023 മാര്‍ച്ചില്‍ 9,028 യൂണിറ്റുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്ത് 75 ശതമാനം വളര്‍ച്ചയോടെ കഴിഞ്ഞ മാസം 14,888 യൂണിറ്റ് മാരുതി എര്‍ട്ടിഗ വിറ്റുപോയി.

7 സീറ്റര്‍ കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ എര്‍ട്ടിഗയെ സ്‌കോര്‍പിയോ തോല്‍പ്പിച്ചുവെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചേക്കില്ല. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷം യൂണിറ്റ് ബുക്കിംഗ് നേടി ഇന്ത്യന്‍ വാഹന വിപണിയെ ഞെട്ടിച്ച മോഡലാണ് സ്‌കോര്‍പിയോ N. ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്ന ഈ മോഡലുകളുടെ ഡെലിവറി വേഗത്തിലാക്കാന്‍ മഹീന്ദ്ര ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ട്. അത് വില്‍പ്പനയിലും പ്രതിഫലിക്കുന്നു.
ഇനിയും ആയിരക്കണക്കിന് ഓര്‍ഡറുകള്‍ മഹീന്ദ്ര തീര്‍പ്പാക്കാനുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കോര്‍പിയോ റേഞ്ച് വരുംമാസങ്ങളിലും മികച്ച വില്‍പ്പന തുടരും. ഇന്ത്യന്‍ കാര്‍ വപണിയിലെ ഒരു കള്‍ട്ട് ക്ലാസിക് മോഡലാണ് സ്‌കോര്‍പിയോ. പരുക്കന്‍ ലുക്കും ശക്തമായ റോഡ് പ്രസന്‍സും ഓഫ്‌റോഡ് ശേഷിയുമുള്ള ഈ എസ്‌യുവി പതിറ്റാണ്ടുകളായി ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിക്കുകയാണ്.
132 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ കാറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. കാലാനുസൃതമായ ഒത്തിരി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന ഈ കാറിന്റെ വില 13.59 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 24.54 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.
നിലവില്‍ രാജ്യത്ത് എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡാണ്. മാരുതി സുസുക്കി എര്‍ട്ടിഗ എംപിവിക്ക് ചില്ലറ അപ്‌ഡേറ്റുകള്‍ നല്‍കിയാല്‍ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കും. അങ്ങനെ വന്നാല്‍ സ്‌കോര്‍പിയോക്ക് ഒന്ന് തൊടാന്‍ പോലും പറ്റാത്ത അത്രേം വില്‍പ്പന വാരാന്‍ എര്‍ട്ടിഗക്ക് സാധിച്ചേക്കും. എര്‍ട്ടിഗയെ താഴെ ഇറക്കി സ്‌കോര്‍പിയോ 7 സീറ്റര്‍ കാര്‍ വിഭാഗത്തില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനം അലങ്കരിക്കുമോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








