പുറത്തിറങ്ങിയിട്ട് 2 വര്‍ഷം, ഒടുവില്‍ സ്‌കോര്‍പിയോയുടെ മൈലേജ് വെളിപ്പെടുത്തി മഹീന്ദ്ര! വൈകിപ്പിച്ചത് എന്തിന്?
2022 ജൂലൈയില്‍ വെറും 30 മിനിറ്റ് കൊണ്ട് 1 ലക്ഷം ബുക്കിംഗുകള്‍ നേടി ചരിത്രം സൃഷ്ടിച്ച എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. വിപണിയിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് സ്‌കോര്‍പിയോ. വന്‍ വില്‍പ്പനയുള്ള മോഡല്‍ ആയിരുന്നിട്ടും സ്‌കോര്‍പിയോ N എസ്‌യുവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകള്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു മഹീന്ദ്ര. ഇപ്പോള്‍ സ്‌കോര്‍പിയോ N 2024 മോഡലിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര. ജനപ്രിയ എസ്‌യുവിയുടെ മൈലേജ് എങ്ങനെ ഉണ്ടെന്നും മഹീന്ദ്ര ഈ കണക്കുകള്‍ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടെന്നും നമുക്ക് നോക്കാം.
മഹീന്ദ്ര സ്‌കോര്‍പിയോ N പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ സ്‌കോര്‍പിയോയുടെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 12.70 കിലോമീറ്റര്‍ മൈലേജ് തരുന്നതായാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഇതേ എഞ്ചിന്റെ ഓട്ടോമാറ്റിക് പതിപ്പിന്റെ മൈലേജ് ലിറ്ററിന് 12.12 കിലോമീറ്റര്‍ ആയി കുറയുന്നു.

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുമ്പോള്‍ സ്‌കോര്‍പിയോ N എസ്‌യുവിയുടെ മൈലേജ് കൂടുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷകളോടൊപ്പം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 15.42 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ പെട്രോള്‍ എഞ്ചിന്‍ പരമാവധി 203 PS പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ടോര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 370 Nm ഉം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 380 Nm ഉം ആണ്.
സ്‌കോര്‍പിയോയുടെ ജനപ്രിയമായ ഡീസല്‍ എഞ്ചിന്‍ രണ്ട് ട്യൂണിംഗ് സ്‌റ്റേറ്റുകളില്‍ വരുന്നു. ആദ്യത്തേത് 132 PS പവറും 300 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഹയര്‍ സ്‌റ്റേറ്റ് ഓഫ് ട്യൂണില്‍ വരുന്ന ഡീസല്‍ എഞ്ചിന്‍ 175 PS പവര്‍ സൃഷ്ടിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 370 Nm ടോര്‍ക്കും ഓട്ടോമാറ്റിക്കില്‍ 400 Nm ടോര്‍ക്കും നല്‍കുന്നു.

എസ്‌യുവി വിഭാഗത്തില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ വില ഉയര്‍ത്താതെ തന്നെ സ്‌കോര്‍പിയോയില്‍ മഹീന്ദ്ര പുത്തന്‍ ഫീച്ചറുകള്‍ ചോര്‍ത്തിരുന്നു. Z8 സെലക്ട്, Z8, Z8 L എന്നീ ട്രിമ്മുകളാണ് നവീകരിച്ചത്. Z8 സെലക്ട്, Z8 ട്രിമ്മുകളില്‍ ഇപ്പോള്‍ വയര്‍ലെസ് ചാര്‍ജറും സെന്റര്‍ കണ്‍സോളിനുള്ള ഹൈ-ഗ്ലോസ് ഫിനിഷും ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ ലഭിച്ചു.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, ആക്റ്റീവ് കൂളിംഗ് ഉള്ള ഒരു വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, മറ്റ് ട്രിമ്മുകളുടെ അതേ ഹൈ-ഗ്ലോസ് ഫിനിഷ് എന്നിവ ഉപയോഗിച്ചാണ് റേഞ്ച്-ടോപ്പിംഗ് Z8 L ട്രിം മെച്ചപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കാറിന്റെ കളര്‍ പാലറ്റിലും മാറ്റമുണ്ട്. മുമ്പ് Z8 സെലക്ട് ട്രിമ്മല്‍ മാത്രം വാഗ്ദാനം ചെയ്തിരുന്ന മിഡ്നൈറ്റ് ബ്ലാക്ക് നിറം ഇപ്പോള്‍ എല്ലാ Z8 ട്രിമ്മുകളിലും ലഭ്യമാണ്.

ക്ലെയിംഡ് മൈലേജ് അല്ലെങ്കില്‍ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് എന്താണെന്ന് പലര്‍ക്കും സംശയമുണ്ടാകും. നിയന്ത്രിത ലബോറട്ടറി സാഹചര്യങ്ങളിലാണ് ARAI മൈലേജ് കണക്കാക്കുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ ഇന്ധനക്ഷമതയും ARAI മൈലേജും തമ്മില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ഡ്രൈവിംഗ് ശൈലി, ട്രാഫിക് സാഹചര്യങ്ങള്‍, കാലാവസ്ഥ, എസി ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കാരണമാണ് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ മൈലേജ് വ്യത്യാസപ്പെടുന്നത്.
ഇതൊക്കെ ശരി തന്നെ എന്നാല്‍ മഹീന്ദ്ര എന്തുകൊണ്ടാണ് രണ്ട് വര്‍ഷം മുമ്പ് വണ്ടി പുറത്തിറക്കിയപ്പോള്‍ ARAI മൈലേജ് കണക്കുകള്‍ പുറത്തി വിടാതിരുന്നത് എന്നാകും പലരും ചിന്തിച്ചത്. ചെറു വാഹനങ്ങള്‍ക്ക് പകരം അധികം മൈലേജ് നല്‍കാത്ത വലിയ എഞ്ചിനുകളാണ് മഹീന്ദ്രയുടെ എസ്‌യുവികള്‍ക്ക് വരുന്നത്. ലോഞ്ച് സമയത്ത് മൈലേജ് കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഒരുപക്ഷേ കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാകാം മഹീന്ദ്ര ഇക്കാര്യം പുറത്തുവിടാന്‍ വൈകിപ്പിച്ചത്.
എന്നിരുന്നാലും മൈലേജിനേക്കാള്‍ പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഇവ ജനപ്രിയമായി തുടരുന്നു. മഹീന്ദ്ര സ്‌കോര്‍പിയോയുടെ ബേസ് പെട്രോള്‍ വേരിയന്റിന്റെ വില ആരംഭിക്കുന്നത് 13.85 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് Z8 L ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 24.54 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








