ജിംനി ഇനി എത്ര ഓഫര്‍ കൊടുത്തിട്ടും കാര്യമുണ്ടായേക്കില്ല! ഥാര്‍ 5 ഡോർ ലോഞ്ച് അപ്‌ഡേറ്റ് പുറത്ത്
പുതുവര്‍ഷം ഒട്ടനവധി പുത്തന്‍ ലോഞ്ചുകള്‍ക്കാണ് ഇന്ത്യന്‍ വാഹന ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ വാഹന ലോകം ഏറെ കാത്തരിക്കുന്ന വാഹനമാണ് മഹീന്ദ്ര ഥാര്‍ 5 ഡോര്‍. മാരുതി സുസുക്കി ജിംനിയുടെ എതിരാളിയുടെ ലോഞ്ച് സംബന്ധിച്ച് ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് ചുവടെ വായിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഥാറാണ് ഇപ്പോള്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്നത്. പ്രയോഗികതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് വികസിപ്പിക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍. 5 ഡോര്‍ ഥാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ നിരവധി തവണ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

5 ഡോര്‍ ഥാറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ വാഹനം വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ജിംനിയടക്കമുള്ള എതിരാളികള്‍ വന്നെങ്കിലും 3 ഡോര്‍ ഥാറിന്റെ വില്‍പ്പനക്ക് യാതൊരു ഇടിവും നേരിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ 5 ഡോര്‍ പതിപ്പ് ആരാധകരുടെ എണ്ണം കൂട്ടുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. 5 ഡോര്‍ ഥാറിന് നാല് മീറ്ററിലധികം നീളം പ്രതീക്ഷിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ മഹീന്ദ്രയുടെ മോഡല്‍ നിരയില്‍ സ്‌കോര്‍പിയോ N എസ്‌യുവിക്കും ഫ്‌ലാഗ്ഷിപ്പ് മോഡലായ XUV700-നും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ ഥാര്‍ 5 ഡോറിന്റെ ഇന്റീരിയറിലേക്ക് വെളിച്ചം വീശിയിരുന്നു. സാധാരണ പതിപ്പിലെ ബ്ലാക്കിന് പകരം ബ്രൗണ്‍ ഇന്റീരിയര്‍ തീം വാഹനത്തിന് ലഭിക്കുമെന്നായിരുന്നു സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

മാത്രമല്ല 5 ഡോര്‍ മോഡലിന് വലിയ ഇന്‍ഫോടെയിമെന്റ് സിസ്റ്റവും ലഭിക്കുമെന്ന് സൂചനകളുണ്ട്. എസ്‌യുവിയുടെ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് തൊട്ടുപിന്നില്‍ കമ്പനി ഒരു ഡാഷ്‌ക്യാം ചേര്‍ത്തതായി സ്‌പൈ ഷോട്ടുകളില്‍ കണ്ടിരുന്നു. ഈ ഫീച്ചര്‍ പ്രൊഡക്ഷന്‍ മോഡലില്‍ നല്‍കുമോ എന്ന് വ്യക്തമല്ല. സീറ്റ് അപ്‌ഹോള്‍സ്റ്ററി ഉള്‍പ്പെടെയുള്ള ക്യാബിനിലെ ബാക്കി ഭാഗങ്ങളിലും ഡ്യുവല്‍-ടോണ്‍ ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് കളര്‍ തീം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഫാമിലി വാഹനമായതിനാല്‍ അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ തീമില്‍ വരുത്തും.
മാത്രമല്ല 5 ഡോര്‍ ഥാറില്‍ ഒന്നിലധികം ഇന്റീരിയര്‍ കളര്‍ തീം ഓപ്ഷനുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഡിസൈന്‍ വശം നോക്കുമ്പോള്‍ 3 ഡോര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായ ചില്ലറ പരിഷ്‌കാരങ്ങള്‍ കാണും. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിങ്ങനെ കാഴ്ചയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ 5 ഡോര്‍ വേരിയന്റിനുണ്ടാകുമെന്ന് ചാരച്ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

മാത്രമല്ല 5 ഡോര്‍ ഥാറിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് സിംഗിള്‍ പേന്‍ സണ്‍റൂഫിന്റെ സാന്നിധ്യമാണ്. സ്‌പൈ ചിത്രങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഥാറിന്റെ ഇരുവേരിയന്റുകളും ഒരേ 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ ടര്‍ബോ പെട്രോളും 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിനുകളും പങ്കിടും. എന്നിരുന്നാലും 5 ഡോര്‍ പതിപ്പില്‍ പവര്‍ ഔട്ട്പുട്ടില്‍ മാറ്റങ്ങളുണ്ടാകും.
ഇരു എഞ്ചിന്‍ യൂണിറ്റുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കും. മഹീന്ദ്രയുടെ മൂന്നാം തലമുറ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും ഓഫ്-റോഡര്‍ പണിതിറക്കുക. 2022-ല്‍ സ്‌കോര്‍പിയോ N- എസ്‌യുവിയിലൂടെ ഈ ഷാസി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. 5 ഡോര്‍ ഥാറിനൊപ്പം 4×2, 4×4 ഓപ്ഷനുകള്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. നീളം കൂടിയ ബോഡിയും വീല്‍ബേസും വാഹനത്തിന്റെ ഓഫ്റോഡിംഗ് ശേഷിയെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

10.98 ലക്ഷം രൂപ മുതലാണ് 3 ഡോര്‍ ഥാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ് സ്‌പെക്ക് ഡീസല്‍ ഓട്ടോമാറ്റിക് 4WD വേരിയന്റിന് 16.94 ലക്ഷം രൂപയോളം ചെലവ് വരും. 14 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാര്‍ 5 ഡോര്‍ പതിപ്പിന് വില പ്രതീക്ഷിക്കുന്ന. അര്‍മാഡയടക്കമുള്ള പേരുകളും 5 ഡോര്‍ ഥാറിനിടാന്‍ കമ്പനി കണ്ടുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ എല്ലാം അറിയാന്‍ ഇനി ആഴ്ചകളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ.


Click it and Unblock the Notifications








