ഥാര്‍ 5 ഡോര്‍ 'പണി' തുടങ്ങി! ഫാമിലി ഇരച്ചെത്തിയതോടെ ഉത്പാദന ലക്ഷ്യം ഉയര്‍ത്തി മഹീന്ദ്ര
2020 ഓഗസ്റ്റ് 15-ന് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ പുറത്തിറക്കിയതിന് ശേഷം പിറന്നത് ചരിത്രമാണ്. ഥാര്‍ 3 ഡോര്‍ പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ഉള്ളത്. ഇന്ന് ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്ന ഥാര്‍ പ്രായോഗികമായ കുറവുകള്‍ എല്ലാം നികത്തി 5 ഡോര്‍ അവതാരത്തില്‍ പിറവിയെടുക്കാന്‍ പോകുകയാണ്. മഹീന്ദ്ര ഥാര്‍ അര്‍മാദ എന്ന് പേര് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്‍ ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി മഹീന്ദ്ര ഥാര്‍ 5 ഡോര്‍ പതിപ്പിന്റെ ഉത്പാദനം ആരംഭിച്ചു. അതിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ വായിക്കാം.
തുടക്കത്തില്‍ മഹീന്ദ്ര ഥാര്‍ 4X4 അവതാരത്തില്‍ മാത്രമായിരുന്നു വിപണിയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഥാറിന്റെ RWD പതിപ്പ് വിപണിയില്‍ എത്തിയതോടെ വണ്ടിയുടെ കച്ചവടം കുതിച്ചുയര്‍ന്നു. 9.99 ലക്ഷം രൂപയിലായിരുന്നു ഥാര്‍ 4X2 ഫോര്‍മാറ്റില്‍ പുറത്തിറങ്ങിയത്. എതിരാളിയായ മാരുതി സുസുക്കി ജിംനിയേക്കാള്‍ 20 ഇരട്ടിയിലധികമാണ് ഥാര്‍ ഇപ്പോള്‍ തന്നെ വില്‍പ്പന നേടുന്നത്. വില്‍പ്പന വീണ്ടും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഥാര്‍ 5 ഡോര്‍ പതിപ്പ് ഓഗസ്റ്റില്‍ പുറത്തിറങ്ങാന്‍ പോകുകയായിരിക്കും.

ഥാര്‍ 5 ഡോര്‍ മോഡലിന് വേണ്ടി അര്‍മാദയെന്ന ഐക്കണിക് നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാന്‍ പോകുകയാണ് മഹീന്ദ്ര. പൂനെയ്ക്കടുത്തുള്ള മഹീന്ദ്രയുടെ ചക്കന്‍ പ്ലാന്റിലാണ് പുതിയ ഥാര്‍ 5 ഡോര്‍ പണിക്ക് കയറിയിരിക്കുന്നത്. തുടക്കത്തില്‍ പ്രതിമാസം ഥാര്‍ 5 ഡോറിന്റെ 2,500 യൂണിറ്റ് ഉത്പാദിപ്പിക്കാനായിരുന്നു ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. ഒരു വര്‍ഷം 30,000 യൂണിറ്റുമായിരുന്നു ലക്ഷ്യം.
എന്നാല്‍, ഇപ്പോള്‍ ഈ കാറിന്റെ പ്രതിമാസ ഉത്പാദനം 6,000 യൂണിറ്റായി ഉയര്‍ത്തിയതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വര്‍ഷവും ഥാര്‍ 5 ഡോറിന്റെ 70,000 യൂണിറ്റുകള്‍ നിര്‍മിക്കും.രാജ്യത്തെ പല ഡീലര്‍ഷിപ്പികളും ഇതിനോടകം തന്നെ ഥാര്‍ 5 ഡോറിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം. ഒരുപക്ഷേ ബുക്കിംഗ് വിചാരിച്ചതിനേക്കാള്‍ കൂടിയത് കൊണ്ട് കാത്തിരിപ്പ് കാലയളവ് കുറയ്ക്കാന്‍ വേണ്ടിയായിരിക്കും ഉത്പാദനം വര്‍ധിപ്പിച്ചത്.

25,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഥാര്‍ 5 ഡോറിന്റെ ബുക്കിംഗിന് വേണ്ടി ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്നതെന്നാണ് സൂചന. പരിമിതമായ സീറ്റിംഗ് കപ്പാസിറ്റി, ഫ്രണ്ട് ഡോര്‍ എന്‍ട്രി, മതിയായ ബൂട്ട് സ്‌പെയ്‌സ് അഭാവം എന്നിവയായിരുന്നു ഥാര്‍ 3 ഡോര്‍ നേരിട്ട പ്രധാന വിമര്‍ശനങ്ങള്‍. ഓഫ്-റോഡ് പ്രേമികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താതെ ഒരു സാധാരണ ഫാമിലി ഓറിയന്റഡ് എസ്‌യുവിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും വരാനിരിക്കുന്ന 5-ഡോര്‍ ഥാറില്‍ ഉണ്ടായിരിക്കും.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഥാര്‍ 5 ഡോറിന് ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. മഹീന്ദ്ര 5-ഡോര്‍ ഥാറില്‍ 203 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കും. രണ്ടാമത്തെ ഓപ്ഷന്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും. ഇത് 175 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളതായിരിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും മൂന്നാമത്തെ ഓപ്ഷന്‍. അത് 117 bhp പവര്‍ സൃഷ്ടിക്കും.

എല്ലാ എഞ്ചിനും മഹീന്ദ്രയ്ക്ക് ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇത് പ്രത്യേകിച്ചും നഗര ഉപയോക്താക്കളെ ആകര്‍ഷിക്കും. പരീക്ഷണയോട്ടം നടത്തുന്നതിനിടെ ഥാര്‍ 5 ഡോര്‍ നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ലോംഗര്‍ വീല്‍ ബേസ് പതിപ്പിന്റെ ഡിസൈന്‍ നിലവിലെ 3-ഡോര്‍ പതിപ്പിന് സമാനമായിരിക്കുമെങ്കിലും ബോഡി പാനലുകള്‍ പൂര്‍ണമായും പുതിയതായിരിക്കും.
5 ഡോര്‍ ഥാറിന്റെ വീല്‍ബേസ് 300 മില്ലിമീറ്റര്‍ കൂടും. 5 ഡോര്‍ ഥാറില്‍ പ്രീമിയം ഫീച്ചറുകളുടെ സമഗ്രമായ ശ്രേണി വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്റ്റ് മ്യൂളുകള്‍ വെളിപ്പെടുത്തുന്നത്. ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഉണ്ടാകും. അകത്ത് ഇന്‍ഫോടെയ്ന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റുമായി രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകള്‍ ഉണ്ടാകും.
മിഡ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് സിംഗിള്‍ പേന്‍ സണ്‍റൂഫ് ഉണ്ടായിരിക്കും. അതേസമയം ടോപ്‌സ്‌പെക് വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫും ലഭിക്കും. ADAS ലെവല്‍ 2 കിറ്റ് ഉപയോഗിച്ച് സുരക്ഷ ഗണ്യമായി വര്‍ധിപ്പിക്കും. പ്രീമിയം സൗണ്ട് സിസ്റ്റം, കീല്‍സ് എന്‍ട്രി, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍, സമഗ്രമായ കണക്ടിവിറ്റി ഫീച്ചറുകള്‍ എന്നിവ എസ്‌യുവിയിലുണ്ടാകും.
ഒന്നിലധികം വില നിലവാരത്തില്‍ വിവിധ പവര്‍ട്രെയിനുകളുടെ ഒരു നീണ്ട ലിസ്റ്റ് ഉള്ളതിനാല്‍ ഥാര്‍ 5-ഡോര്‍ മറ്റ് മഹീന്ദ്ര എസ്‌യുവികളുടെ പ്രധാനമായും സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N, XUV700 എന്നിവയുടെ വില്‍പ്പനയില്‍ ഒരു പരിധി വരെ എത്തിയേക്കും. വരും മാസങ്ങളില്‍ ഔദ്യോഗികമായി ബുക്കിംഗ് ആരംഭിക്കുന്നതോടെ ഥാര്‍ 5-ഡോറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്താകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 15 ലക്ഷം രൂപ മുതലാണ് ഥാര്‍ 5 ഡോറിന്റെ വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








