ഫാമിലിക്ക് പറ്റിയ ഥാര്‍ 5 ഡോര്‍ വരിനില്‍ക്കാതെ സ്വന്തമാക്കാം! തിരക്ക് കുറയ്ക്കാന്‍ ഡീലര്‍മാരുടെ ഐഡിയ കണ്ടോ...
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍. മുന്‍കാല ഹിറ്റ് മോഡലുകളുടെ ചുവടുപിടിച്ച് ഓഗസ്റ്റ് 15-ന് ഥാറിന്റെ 5 ഡോര്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. ലോഞ്ച് അടുത്തതോടെ എസ്‌യുവിയുമായി ബന്ധപ്പെട്ട പുത്തന്‍ അപ്‌ഡേറ്റുകള്‍ പുറത്തു വരുന്നുണ്ട്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വാങ്ങാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ കാത്തിരുന്ന ചില പുതിയ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അത് നമുക്ക് ചുവടെ വായിക്കാം.
രണ്ടാം തലമുറ ഥാര്‍ 2020 ഓഗസ്റ്റ് 15-നായിരുന്നു മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒക്‌ടോബര്‍ മുതല്‍ ഈ മോഡല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് സെഗ്‌മെന്റ് ലീഡറായി മാറാന്‍ ഥാറിനായി. ഇന്ന് എതിരാളികളെ അപേക്ഷിച്ച് വമ്പന്‍ വില്‍പ്പനയാണ് ഥാര്‍ നേടുന്നത്. പ്രായോഗികമായ കുറവുകള്‍ നികത്തി ഓഫ്‌റോഡര്‍ എസ്‌യുവിയുടെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് ഈ വര്‍ഷം വിപണിയിലെത്തിക്കുകയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍.

2024 ആഗസ്റ്റ് 15ന് വാഹനം പുറത്തിറക്കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ചില മഹീന്ദ്ര കാര്‍ ഡീലര്‍മാര്‍ ഈ കാറിനായി ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചതായാണ് വിവരം. ഡീലര്‍ഷിപ്പുകള്‍ക്ക് അനുസരിച്ച് പ്രീ-ബുക്കിംഗ് നിരക്കില്‍ മാറ്റമുണ്ട്. 25000 രൂപ മുതല്‍ 50,000 രൂപ വരെ എസ്‌യുവി റിസര്‍വ് ചെയ്യാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാകും ഒരുപക്ഷേ ഡീലര്‍മാര്‍ ഇങ്ങനെ ചെയ്യുന്നത്.
നിങ്ങള്‍ ഥാറിന്റെ പുത്തന്‍ പതിപ്പ് വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയാണെങ്കില്‍ ഏറ്റവും അടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്. ഥാര്‍ 5-ഡോര്‍ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് അറിയുന്നത്. 5-ഡോര്‍ പതിപ്പിന് 203 bhp കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 175 bhp കരുത്തുള്ള 2.2 ലിറ്റര്‍ ഡീസല്‍, 117 bhp കരുത്തുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയായിരിക്കും തുടിപ്പേകാന്‍ എത്തുക.

ഥാറിന്റെ 3-ഡോര്‍ പതിപ്പിലും ഇതേ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും 2WD, 4WD ഡ്രൈവ്‌ട്രെയിന്‍ സിസ്റ്റങ്ങളും 5-ഡോര്‍ പതിപ്പില്‍ വാഗ്ദാനം ചെയ്യും.മഹീന്ദ്ര ഇതിനകം തന്നെ ഥാര്‍ 5-ഡോര്‍ പതിപ്പിന്റെ പരീക്ഷണയോട്ടം തകൃതിയായി നടത്തുന്നുണ്ട്. ഇതില്‍ ഓഫ്-റോഡ് ടെസ്റ്റിംഗുകളും ഉള്‍പ്പെടുന്നു. ഈ കാറിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി മഹീന്ദ്ര ഥാര്‍ അര്‍മാഡ എന്ന പേരില്‍ വില്‍പ്പനക്കെത്തിക്കുമെന്ന് ശക്ത്മായ അഭ്യൂഹങ്ങളുണ്ട്.3-ഡോര്‍ മോഡല്‍ പോലെ തന്നെ ഫീച്ചര്‍ റിച്ചായിരിക്കും 5 ഡോര്‍ പതിപ്പും. 3-ഡോര്‍ ഥാറിനെ അപേക്ഷിച്ച് 5-ഡോര്‍ പതിപ്പ് വലുതും കൂടുതല്‍ വിശാലവുമാണ്. സിംഗിള്‍-പേന്‍ സണ്‍റൂഫ്, ലെതറില്‍ പൊതിഞ്ഞ സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട്, റിയര്‍ ആംറെസ്റ്റുകള്‍ എന്നിവയും 5-ഡോര്‍ ഥാറില്‍ പ്രതീക്ഷിക്കുന്നു.

ഇതില്‍ പലതും സ്‌പൈ ചിത്രങ്ങള്‍ ശരി വെച്ചിട്ടുമുണ്ട്. മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവികള്‍ എല്ലാം സേഫ്റ്റിയുടെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നവയാണ്. ക്രാഷ് ടെസ്റ്റുകളിലും അവ മികവ് തെളിയിച്ചിരിക്കുന്നു. ഥാര്‍ 5 ഡോറില്‍ ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഡാഷ്‌ക്യാം, മുന്‍വശത്തെ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ 5 ഡോര്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഉള്‍പ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും ഉണ്ടായേക്കും.
യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനായി നൂതന ഫീച്ചറുകളും ക്യാബിനില്‍ ഒരുക്കും. ഏറ്റവും സുന്ദരമായ ഡിജിറ്റല്‍ അനുഭവം നല്‍കുന്നതിനായി രണ്ട് വ്യത്യസ്ത സ്‌ക്രീനുകളോടെയാകും എസ്‌യുവി വരിക. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്നു. പ്രായോഗികമായ പരാതികള്‍ എല്ലാം പരിഹരിക്കുന്നതിനാല്‍ ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ മാത്രമല്ല കുടുംബങ്ങള്‍ക്കും സ്വീകാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാര്‍ നിലവില്‍ മാരുതി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായിട്ടാണ് മത്സരിക്കുന്നത്.

ഇതില്‍ ഫോഴ്‌സ് ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വിപണിയില്‍ എത്തിയത്. നിലവില്‍ ജിംനിയേക്കാള്‍ 20 ഇരട്ടിയിലധികമാണ് ഥാറിന്റെ വില്‍പ്പന. 3-ഡോര്‍ പതിപ്പിന്റെ സ്വീകാര്യത ഇരട്ടിയാക്കാനും വില്‍പ്പന ഇനിയും ഉയര്‍ത്താനുമാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. കാറുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ വരുംമാസങ്ങളില്‍ പുറത്തുവിടുന്നതായിരിക്കും. ഥാര്‍ 5 ഡോറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സൈറ്റ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








