2 ലക്ഷം പിന്നിട്ട് ഥാര്‍ വില്‍പ്പന, കൊതിയോടെ നോക്കി നിന്ന് ജിംനി! റോക്‌സ് വന്നതോടെ കച്ചവടം ഹൈ-സ്പീഡില്‍
2020 ഒക്‌ടോബറിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ശേഷം ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തെ നയിച്ച് കൊണ്ടിരിക്കുകയാണ് ഥാര്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഥാറിന്റെ 5 ഡോര്‍ പതിപ്പായ ഥാര്‍ റോക്‌സ് കമ്പനി പുറത്തിറക്കിയത്. റോക്‌സും 3 ഡോര്‍ ഥാറും ഒരുമിച്ച് വില്‍ക്കുകയാണ് കമ്പനി ഇപ്പോള്‍. കൂടുതല്‍ ഫാമിലി ഫ്രണ്ട്‌ലി മോഡല്‍ ആയതിനാല്‍ റോക്‌സിന്റെ വരവ് ചെറിയ രീതിയില്‍ ഥാര്‍ 3 ഡോറിനെ ബാധിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഇതിനിടെയില്‍ ഥാര്‍ ഇന്ത്യന്‍ വിപണയില്‍ വലിയൊരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) പുറത്തുവിട്ട ഡേറ്റ പ്രകാരം മഹീന്ദ്ര ഥാര്‍ 2024 ഒക്‌ടോബറില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. SIAM കണക്കുകള്‍ പ്രകാരം ഒക്‌ടോബര്‍ അവസാനത്തോടെ ഥാറിന്റെ വില്‍പ്പന 2,07,110 യൂണിറ്റ് കടന്നു. വിപണിയില്‍ എത്തി 4 വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം. ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ ഥാര്‍ റോക്‌സിന്റെ വരവ് തന്നെയാണ് വില്‍പ്പനയില്‍ കൂടുതല്‍ കരുത്തേകിയത്.

വെറും 60 മിനിറ്റിനുള്ളില്‍ 1.76 ലക്ഷം യൂണിറ്റ് ഥാര്‍ റോക്‌സ് ആണ് ബുക്കിംഗ് ആയത്. ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് ഒക്ടോബര്‍ 12-ന് ഥാര്‍ റോക്‌സിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ആരംഭിച്ചു. ഉത്സവ സീസണായ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കമ്പനി ഷോറൂമുകളില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയിരുന്നു. ഈ മാസങ്ങളില്‍ കമ്പനി കൂടുതല്‍ യൂണിറ്റുകള്‍ ഷോറൂമുകളിലേക്ക് അയച്ചു.
സെപ്റ്റംബറില്‍ മഹീന്ദ്ര ഥാറിന്റെ 8,843 യൂണിറ്റായിരുന്നു ഡീലര്‍മാര്‍ക്കായി ഡിസ്പാച്ച് ചെയ്തത്. ഇതില്‍ 3,911 ഥാര്‍ 3-ഡോറും 4,932 റോക്‌സും ഉള്‍പ്പെടുന്നു. 2024 ഏപ്രിലില്‍ സ്ഥാപിച്ച 6,160 യൂണിറ്റുകളുടെ മുന്‍ റെക്കോര്‍ഡ് ഇതിലൂടെ കമ്പനി മറികടന്നു. ഥാറിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഡിസ്പാച്ചാണിത്. ഥാറിന്റെ ഡിമാന്‍ഡ് മഹീന്ദ്രയുടെ മൊത്തത്തിലുള്ള വില്‍പ്പനയ്ക്കും ഗുണകരമായി. കഴിഞ്ഞ രണ്ട് മാസം ടാറ്റ മോട്ടോര്‍സിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളാകാന്‍ സാധിച്ചു.

2024 സെപ്റ്റംബറില്‍ ആദ്യമായി മഹീന്ദ്ര 50000 യൂണിറ്റ് പ്രതിമാസ വില്‍പ്പന നാഴികക്കല്ല് താണ്ടി. 51,062 യൂണിറ്റായിരുന്നു സെപ്റ്റംബറിലെ വില്‍പ്പന. 2024 ഒക്‌ടോബറില്‍ വില്‍പ്പന 54,504 യൂണിറ്റാക്കി ഉയര്‍ത്തി. ഥാര്‍ റോക്‌സിനുള്ള വമ്പന്‍ ഡിമാന്‍ഡ് കാരണം കാത്തിരിപ്പ് കാലയളവും ഉയരുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി ഥാറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പോകുകയാണ് മഹീന്ദ്ര. നിലവില്‍ പ്രതിമാസം 6,500 യൂണിറ്റ് ആണ് ഥാറിന്റെ ഉത്പാദനം. ഇത് പ്രതിമാസം 9,500 യൂണിറ്റായി ഉയര്‍ത്താനാണ് പദ്ധതി.
കുറ്റമറ്റ ഓഫ്-റോഡ് ശേഷി, ആധുനിക ഇന്റീരിയര്‍, ഫീച്ചറുകള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എന്നിവയുടെ ബലത്തിലാണ് രണ്ടാം തലമുറ ഥാര്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയമായത്. അകത്തളത്തില്‍ ഇടം കുറവാണെന്ന പ്രായോഗിക പ്രശ്‌നം മാത്രമായിരുന്നു ഈ മോഡലിനെ കുറിച്ച് കുറ്റം പറയാന്‍ ഉണ്ടായിരുന്നത്. ആ കുറവ് കൂടി നികത്തിയാണ് ഥാര്‍ റോക്‌സ് വന്നിരിക്കുന്നത്.

ഥാര്‍ റോക്‌സ് കഴിഞ്ഞ ആഴ്ച ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 32-ല്‍ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ല്‍ 45 പോയിന്റും സ്‌കോര്‍ ചെയ്താണ് മഹീന്ദ്ര ഥാര്‍ റോക്സ് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ല്‍ ഥാര്‍ റോക്സിന്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്. ക്രാഷ് ടെസ്റ്റിലെ 5 സ്റ്റാര്‍ നേട്ടം കാറിന്റെ മാര്‍ക്കറ്റിംഗില്‍ മഹീന്ദ്രക്ക് ഗുണം ചെയ്യും.
4X2, 4X4 എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്രൈവ് ഓപ്ഷനില്‍ വരുന്ന റോക്‌സിന് 12.99 ലക്ഷം രൂപ മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഥാര്‍ 3 ഡോര്‍ പതിപ്പിന്റെ വില ആരംഭിക്കുന്നത് 11.35 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 17.60 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. മാരുതി സുസുക്കി ജിംനി, ഫോഴ്സ് ഗൂര്‍ഖ പോലുള്ള വമ്പന്‍മാരുമായാണ് ഥാര്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








