ചെളിയാകുമെന്ന പേടി വേണ്ട! ഥാര്‍ റോക്‌സിന്റെ ആ കുറവും നികത്തി മഹീന്ദ്ര, പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ട്
ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ച വാഹനമാണ് മഹീന്ദ്ര ഥാര്‍ റോക്‌സ്. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കിയ ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പിന്റെ ബുക്കിംഗും ഡെലിവറിയും ഇനിയും ആരംഭിച്ചിട്ടില്ല. മറ്റന്നാള്‍ ബുക്കിംഗ് ആരംഭിക്കാനിരിക്കെ ഥാര്‍ റോക്‌സിനെ സംബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍. ഥാര്‍ റോക്‌സിന് ഒരു പുതിയ ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ് കമ്പനി. പുതിയ ഇന്റീരിയര്‍ നിറം ഏതാണെന്നും അത് ബുക്ക് ചെയ്താല്‍ ഡെലിവറി ഏപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ 4x4 വേരിയന്റുകള്‍ക്കായാണ് പുതിയ മോക്ക ബ്രൗണ്‍ ഇന്റീരിയര്‍ അവതരിപ്പിച്ചത്. നേരത്തെ 5 ഡോര്‍ എസ്‌യുവി ഐവറി നിറത്തിലുള്ള ഇന്റീരിയറില്‍ മാത്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. തങ്ങളുടെ വാഹനങ്ങളില്‍ കസ്റ്റമൈസേഷനും ആഡംബരവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് ഈ പുതിയ ഓപ്ഷന്‍ ചേര്‍ത്തത്. മാത്രമല്ല, ഓഫ്‌റോഡര്‍ വാഹനമായതിനാല്‍ തന്നെ ഐവറി കളര്‍ വേഗത്തില്‍ അഴുക്കാകാന്‍ സാധ്യതയുണ്ടെന്ന് നിരവധിയാളുകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഐവറി കളര്‍ ഇന്റീരിയര്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റുന്ന മെറ്റീരിയലുകളില്‍ തീര്‍ത്താണെന്ന് മഹീന്ദ്ര വ്യക്തമാക്കിയിരുന്നെങ്കിലും പലരും അതില്‍ തൃപ്തരായിരുന്നില്ല. ഏതായാലും ഉപഭോക്താക്കളുടെ ആശങ്കകള്‍ മുഖവിലക്കെടുത്ത മഹീന്ദ്രയുടെ പുതിയ തീരുമാനം ഏതായാലും അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്റീരിയര്‍ വേഗം അഴുക്കാകുമെന്ന് പറഞ്ഞ് ഇനി ഏതായാലും ആരും വേറെ വണ്ടി തേടിപ്പോകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഐവറി ഓപ്ഷന്‍ പോലെ മോക്ക ബ്രൗണ്‍ ഇന്റീരിയര്‍ ഉയര്‍ന്ന നിലവാരമുള്ള ലെതറെറ്റ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സ്‌റ്റൈലിലോ സുഖസൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല.2024 ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി മുതല്‍ ഥാര്‍ റോക്‌സ് വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഐവറി അല്ലെങ്കില്‍ പുതുതായി അവതരിപ്പിച്ച മോച്ച ഇന്റീരിയര്‍ തിരഞ്ഞെടുക്കാം. ഈ മാസം തന്നെ ഥാര്‍ റോക്‌സിന്റെ ഡെലിവറി ആരംഭിക്കും. ദസറ ദിനത്തില്‍ അതായത് ഒക്‌ടോബര്‍ 12-ന് റോക്‌സിന്റെ ഡെലിവറി ആരംഭിക്കും.

എന്നാല്‍ ഐവറി ഇന്റീരിയര്‍ മോഡലുകള്‍ ആയിരിക്കും ആദ്യം ഉപഭോക്താക്കളിലേക്ക് എത്തുക. നേരെമറിച്ച് 4x4 പതിപ്പുകള്‍ക്ക് മാത്രമായി ലഭ്യമായ മോക്ക ബ്രൗണ്‍ ഇന്റീരിയര്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്തക്കള്‍ക്ക് അവരുടെ വാഹനത്തിന്റെ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ 2025 ജനുവരി അവസാനം വരെ കാത്തിരിക്കേണ്ടിവരും. മോക്ക ബ്രൗണ്‍, ഐവറി ഇന്റീരിയര്‍ ഓപ്ഷനുകള്‍ക്ക് ഒരേ വിലയാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
സ്റ്റെല്‍ത്ത് ബ്ലാക്ക്, ബേണ്‍ഡ് സിയന്ന, ഡീപ് ഫോറസ്റ്റ്, ബാറ്റില്‍ഷിപ്പ് ഗ്രേ, നെബുല ബ്ലൂ, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ് എന്നിങ്ങനെ ഏഴ് എക്‌സ്റ്റീരിയര്‍ നിറങ്ങളാണ് ഥാറില്‍ ലഭ്യമാക്കിയിരിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്‌യുവിയുടെ ഹൃദയം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. 5-ഡോര്‍ എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് മഹീന്ദ്ര 4x4 ഓഫര്‍ ചെയ്യുന്നത്.

അകത്തളത്തിലേക്ക് നോക്കിയാല്‍ ഥാര്‍ റോക്‌സില്‍ ഇന്‍ഫോടെയ്ന്‍മെന്റിനും ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റേഷനുമായി ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോ എയര്‍ കണ്ടീഷനിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ്-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ് എന്നിവയും ഇതിലുണ്ട്. 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയാണ് സേഫ്റ്റി കിറ്റിലുള്ളത്.
12.99 ലക്ഷം രൂപ മുതലാണ് ഥാര്‍ റോക്‌സിന്റെ വില ആരംഭിക്കുന്നത്. 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം വരെയാണ് മഹീന്ദ്ര ഥാര്‍ റോക്സ് 5-ഡോറിന്റെ 4x4 വേരിയന്റുകള്‍ക്ക് മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. മിഡ്-സ്‌പെക്ക് MX5 ട്രിം മുതലാണ് ഫോര്‍വീല്‍ ഡ്രൈവ് സംവിധാനം ആരംഭിക്കുന്നതത്. RWD പതിപ്പിനെ അപേക്ഷിച്ച് MX5 4X4 വേരിയന്റിന് ഏകദേശം 1.80 ലക്ഷം വില കൂടുതലാണ്.
അതേസമയം ടോപ്പ്-സ്‌പെക്ക് AX7L 4X4 ട്രിമ്മിന് അതിന്റെ 2WD പതിപ്പിനേക്കാള്‍ 1.5 ലക്ഷം രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക. ഇന്ത്യന്‍ വിപണിയില്‍ മാരുതി ജിംനി, ഫോഴ്സ് ഗുര്‍ഖ എന്നീ എന്നീ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവികള്‍ക്ക് മാത്രമല്ല ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികള്‍ക്കും ഥാര്‍ റോക്‌സ് വെല്ലുവിളിയാകും.


Click it and Unblock the Notifications








