21,000 രൂപ റെഡിയാക്കി വെച്ചോ! അടുത്ത മാസം തന്നെ ഥാര്‍ റോക്‌സ് മുറ്റത്തെത്തിക്കാം
ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന കാര്‍ ആയിരുന്നു മഹീന്ദ്ര ഥാര്‍ റോക്‌സ്. രാജ്യത്തെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം നയിക്കുന്ന ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് പുറത്തിറങ്ങിയത്. കൊച്ചിയില്‍ നടന്ന ലോഞ്ച് ഇവന്റില്‍ വെച്ച് കാറിന്റെ RWD വേരിയന്റുകളുടെ വില മാത്രമായിരുന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മഹീന്ദ്ര റോക്‌സിന്റെ 4WD വേരിയന്റുകളുടെ വിലയും വെളിപ്പെടുത്തുകയുണ്ടായി.എസ്‌യുവിയുടെ ബുക്കിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യുന്നതിനുള്ള ടോക്കണ്‍ തുകയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2020-ല്‍ ഇതേ പോലെ ഒരു സ്വതന്ത്ര്യ ദിനത്തിലാണ് രണ്ടാം തലമുറ ഥാര്‍ മഹീന്ദ്ര പുറത്തിറക്കിയത്. ഗൂര്‍ഖയും ജിനിയും പോലുള്ള ശക്തരായ എതിരാളികള്‍ ഉണ്ടെങ്കിലും സെഗ്‌മെന്റില്‍ ഥാറിനെ വെല്ലാന്‍ അവര്‍ക്കൊന്നും സാധിച്ചിട്ടില്ല. ഒരോ മാസവും ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റുപോകുന്നുണ്ടെങ്കിലും ഥാര്‍ 3 ഡോറിന്റെ പ്രായോഗികതയെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ പരിഹരിച്ച് ഓഫ്‌റോഡര്‍ എസ്‌യുവിയെ കൂടുതല്‍ ഫാമിലി ഫ്രണ്ട്‌ലിയാക്കാനായി ഇതിന്റെ 5 ഡോര്‍ പതിപ്പ് കൊണ്ടുവരികയായിരുന്ന മഹീന്ദ്ര.

5 ഡോര്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ഇതിന്റെ കൂടെ തന്നെ 3-ഡോര്‍ ഥാറിന്റെ വില്‍പ്പന തുടരും. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ 2024 ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി മുതല്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഥാര്‍ റോക്‌സ് റിസര്‍വ് ചെയ്യാം. ഈ എസ്‌യുവി ബുക്ക് ചെയ്യുന്നതിനുള്ള ടോക്കണ്‍ തുക 21,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ചില മഹീന്ദ്ര ഡീലര്‍മാര്‍ റോകസിന്റെ എല്ലാ വേരിയന്റുകളുടെയും ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4x4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം വിലകളാണിത്.

2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിവയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും തുടിപ്പേകാന്‍ എത്തുന്നത്. എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ.
അധികമായി രണ്ട് ഡോറുകള്‍ കൂടി ചേര്‍ന്നതോടെ ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഥാര്‍ റോക്‌സ് വിശാലമായ അകത്തളവുമായാണ് എത്തുന്നത്. ആഡംബര ലുക്കിലുള്ള ഇന്റീരിയറിന് പുറമെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനും സുഗമമായ യാത്ര സമ്മാനിക്കുന്നതിനുമായി എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ട്യൂണ്‍ ചെയ്തിട്ടുണ്ട്.

പുതിയ ഥാര്‍ റോക്സിന്റെ അകത്തേക്ക് കടന്നാല്‍ ലൈറ്റ് കളറിലുള്ള ഇന്റീരിയറും നൂതന സാങ്കേതിക വിദ്യകളും നിങ്ങളെ സ്വാഗതം ചെയ്യും. ഡാഷ്ബോര്‍ഡിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സ്‌ക്രീന്‍ വലുതാക്കിയിരിക്കുന്നു. ADAS, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് എന്നിവ പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.
വാഹനത്തിന്റെ നീളവും ഡോറുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെങ്കിലും സാധാരണ പോലെ ഇതൊരു 5 സീറ്റര്‍ എസ്‌യുവിയാണ്. ഇതില്‍ ഇപ്പോള്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. മഹീന്ദ്ര ഥാര്‍ റോക്സിന് 644 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്,. അതായത് ഒരു മുതിര്‍ന്നയാള്‍ ഇതിനുള്ളില്‍ ഉള്‍ക്കൊള്ളും. പിന്നിലെ സീറ്റുകള്‍ക്കായി 60:40 സ്പ്ലിറ്റും ഥാര്‍ റോക്സില്‍ ഉണ്ട്, അത് മടക്കിവെച്ച് കൂടുതല്‍ ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കാന്‍ കഴിയും.
സെപ്റ്റംബര്‍ 14 മുതല്‍ മഹീന്ദ്ര വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചിരുന്നു. വണ്ടി ഓടിച്ച് ഇത് തന്നെ മതിയെന്ന് ഉറപ്പിച്ചവര്‍ അധികം കാത്ത് നില്‍ക്കാതെ ഉടന്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. 21,000 രൂപ എന്നത് പലര്‍ക്കും പെട്ടെന്ന് താങ്ങാന്‍ കഴിയുന്ന ബുക്കിംഗ് തുകയാണ്. ദസറയോട് അനുബന്ധിച്ചോ അല്ലെങ്കില്‍ ഒക്ടോബര്‍ അവസാനമോ റോക്‌സിന്റെ ഡെലിവറി തുടങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. റോക്‌സ് എസ്‌യുവിയുടെ വിലയേറിയ വേരിയന്റുകള്‍ ആയിരിക്കും തുടക്കത്തില്‍ വിതരണം ചെയ്യുക.


Click it and Unblock the Notifications








