ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്കേ കിട്ടു... ഥാര്‍ റോക്‌സിനെ പിടിച്ചാൽ കിട്ടൂലാ...
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് പുറത്തിറക്കിയത്. ഇതിനോടകം തന്നെ വമ്പന്‍ സ്വീകാര്യത നേടിയ കാറിന്റെ ബുക്കിംഗ് ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ റെക്കോഡ് ബുക്കിംഗുകളാണ് റോക്‌സ് നേടിയത്. മഹീന്ദ്ര ഥാര്‍ റോക്‌സ് ബുക്ക് ചെയ്തവര്‍ക്കും ഇനി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വണ്ടിയുടെ കാത്തിരിപ്പ് കാലയളവ് അറിയാന്‍ താല്‍പര്യമുണ്ടാകും. ഏറ്റവും പുതിയ മഹീന്ദ്ര ഥാര്‍ റോക്‌സ് ബുക്ക് ചെയ്താല്‍ ഡെലിവറി ലഭിക്കാന്‍ എത്ര ദിവസം വരെ കാത്തിരിക്കണമെന്ന വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
മഹീന്ദ്ര ഥാര്‍ 3-ഡോര്‍ പതിപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് കുടുംബങ്ങള്‍ക്ക് പറ്റിയ ഒരു കാറായാണ് റോക്‌സ് പുറത്തിറങ്ങിയത്. ഒക്‌ടോബര്‍ മൂന്നാം തീയതി ബുക്കിംഗ് വിന്‍ഡോ തുറന്ന് വെറും 60 മിനിറ്റിനുള്ളില്‍ 1.76 ലക്ഷം പേര്‍ ഈ കാര്‍ റിസര്‍വ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ ബുക്കിംഗുകളുടെ മൂല്യം മാത്രം 31,730 കോടി രൂപ വരും.നിരവധി പേരാണ് നിലവില്‍ കാറിന്റെ ഡെലിവറിക്കായി കാത്തിരിക്കുന്നത്.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ രാജ്യത്തുടനീളമുള്ള ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുക്കിംഗ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ കാത്തിരിപ്പ് കാലയളവ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് മഹീന്ദ്ര ഥാര്‍ റോക്സ് എസ്‌യുവിയുടെ ആദ്യ യൂണിറ്റ് 1.31 കോടി രൂപയ്ക്ക് ലേലം ചെയ്തത്.
ഥാര്‍ റോക്‌സ് ഡെലിവറിക്ക് തയാറാണെങ്കിലും നിങ്ങള്‍ ഈ കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ ഒരു വര്‍ഷം വരെ എടുത്തേക്കാം. വമ്പന്‍ ഡിമാന്‍ഡ് ഉള്ളതിനാല്‍ ഈ ദീപാവലിക്ക് എസ്‌യുവി ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് മാത്രമേ ഇത് ലഭ്യമാകൂ എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇത് അനൗദ്യോഗിക വിവരങ്ങള്‍ മാത്രമാണ്. മഹീന്ദ്ര ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

ബുക്കിംഗിനെ കമ്പനിയുടെ ഉല്‍പ്പാദന ശേഷിയുമായി താരതമ്യം ചെയ്തതിന് ശേഷം മാത്രമേ ഔദ്യോഗിക കാത്തിരിപ്പ് കാലയളവ് വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. അതിനാല്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും ധാരാളം അവസരങ്ങള്‍ മുന്നിലുണ്ട്. ഥാര്‍ റോക്‌സിന്റെ കുടെപ്പിറപ്പുകളായ മഹീന്ദ്ര സ്‌കോര്‍പിയോ N, XUV700 എന്നിവ പുറത്തിറക്കിയപ്പോഴും സമാനമായ ഒരു സാഹചര്യം നിലനിന്നിരുന്നു.
നിലവില്‍ ആ കാറുകള്‍ക്കും മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇക്കാരണത്താല്‍, മഹീന്ദ്ര ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ 50,000-ത്തിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ച് വിറ്റഴിച്ച് റെക്കോര്‍ഡ് സ്ഥാപിക്കാനും കമ്പനിക്കായി. നിലവില്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവയ്ക്ക് പിന്നില്‍ മൂന്നാമതാണ് മഹീന്ദ്ര. ടാറ്റയെയാണ് കമ്പനി നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

12.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ വില പോകുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം എസ്‌യുവി ലഭ്യമാകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫറിലുണ്ട്. എന്നാല്‍ 4WD സിസ്റ്റം ഡീസലിനൊപ്പം മാത്രമാണ് വരുന്നത്. ഉയര്‍ന്ന ബുക്കിംഗ് കാരണം ഥാര്‍ റോക്‌സ് അടക്കമുള്ള എസ്‌യുവികളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കാത്തിരിപ്പ് കാലയളവ് കുറച്ചാല്‍ മഹീന്ദ്രക്ക് ഹ്യുണ്ടായിയെ വരെ മറികടക്കാന്‍ സാധിച്ചേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








