ഇനി റോഡുകള്‍ ഈ കളര്‍ കൊണ്ട് നിറയും! 5-ഡോര്‍ പതിപ്പിന് മുമ്പ് ഥാറിന് അപ്‌ഡേറ്റ്!
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍. ഈ വരുന്ന ഓഗസ്റ്റില്‍ 5 ഡോര്‍ പതിപ്പ് ലഭിക്കാന്‍ പോകുന്ന എസ്‌യുവിക്ക് ഇപ്പോള്‍ ബ്രാന്‍ഡ് ചെറിയൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ്. കളര്‍ പാലറ്റില്‍ പുതിയ ഡീപ് ഫോറസ്റ്റ് ഗ്രീന്‍ പെയിന്റ് ഓപ്ഷന്‍ ചേര്‍ത്തതാണ് അത്. ഥാറിലെ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
ഇന്‍ഡസ്ട്രി ട്രെന്‍ഡും ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും അടിസ്ഥാനമാക്കിയാണ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അപ്ഡറ്റ് ചെയ്യാറുള്ളത്. നിറങ്ങളുടെ കാര്യത്തിലും ഇതേ ഫോര്‍മുല അവര്‍ പിന്തുടരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ഇടവേളകളില്‍ മോഡലുകള്‍ക്ക് പുതിയ നിറങ്ങള്‍ സമ്മാനിക്കുന്നു. ഒന്നിലേറെ കാറുകള്‍ക്ക് ഗ്രീന്‍ ഷെയ്ഡ് നല്‍കിയ വാഹന നിര്‍മാതാവാണ് മഹീന്ദ്ര.

ഇതിനോടകം സ്‌കോര്‍പിയോ N, XUV 3XO തുടങ്ങിയ എസ്‌യുവികളില്‍ അവതരിപ്പിച്ച ഡീപ് ഫോറസ്റ്റ് ഗ്രീന്‍ ഷെയ്ഡ് ഇപ്പോള്‍ ഥാര്‍ എസ്‌യുവിയുവിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. പുത്തന്‍ അപ്‌ഡേറ്റിന്റെ ഫലമായി ഥാര്‍ ഇപ്പോള്‍ ആകെ ആറ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ഡീപ് ഗ്രേ, എവറസ്റ്റ് വൈറ്റ്, റെഡ് റേജ്, ഡെസേര്‍ട്ട് ഫ്യൂറി എന്നിവയാണ് മറ്റ് അഞ്ച് നിറങ്ങള്‍. ഡെസേര്‍ട്ട് ഫ്യൂരി 2024 ഫെബ്രുവരിയിലാണ് കളര്‍ പാലറ്റില്‍ ചേര്‍ത്തത്.
ഥാര്‍ മരുഭൂമിയോടുള്ള ആദരസൂചകമായി അതിന് ഥാര്‍ എര്‍ത്ത് എഡിഷന്‍ എന്നാണ് നാമകരണം ചെയ്തത്. ഇന്ത്യന്‍ ആര്‍മി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡാര്‍ക്ക് ഗ്രീനിനോട് സാമ്യമുള്ള നിറമാണ് ഡീപ് ഫോറസ്റ്റ് കളര്‍. ലുക്കും റോഡ് പ്രസന്‍സും ഉയര്‍ത്തുന്നതിനാല്‍ ഈ കളര്‍ ഥാറിന് എന്തുടൊണ്ടും അനുയോജ്യമാണെന്ന് നമുക്ക് പറയാം. ഡീപ് ഫോറസ്റ്റ് ഗ്രീന്‍ ഷേഡ് ബ്ലാക്ക് ഗ്രില്‍, ബമ്പര്‍, ഫെന്‍ഡറുകള്‍ എന്നിവയ്ക്ക് കോണ്‍ട്രാസ്റ്റായി വരുന്നു.

ഗ്രീന്‍ ബാക്ക്ഗ്രൗണ്ടില്‍ 4X4 ബാഡ്ജിംഗ് കൂടുതല്‍ സ്‌ട്രൈക്കിംഗായി കാണപ്പെടുന്നുവെന്നതാണ് ഒരു പ്രത്യേകത. ഥാറിന്റെ ഡിസൈനും ഡീറ്റെയിലിംഗുകളുമെല്ലാം ഡാര്‍ക്ക് ഗ്രീന്‍ ഷെയ്ഡില്‍ കൂടുതല്‍ പ്രകടമാകുന്നു. ഇപ്പോള്‍ നിരത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും നിങ്ങള്‍ക്ക് കറുപ്പ് നിറത്തിലുള്ള ഥാര്‍ ആണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഇനി അങ്ങോട്ട് സ്ഥിതി മാറും. ഓള്‍ ബ്ലാക്ക് ഷെയ്ഡിന് ശേഷം ഥാറിന്റെ കളര്‍ ഓപ്ഷനുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ള രണ്ടാമത്തെ നിറമാകാനുള്ള എല്ലാ യോഗ്യതയും പുതിയ ഡീപ് ഫോറസ്റ്റ് ഷെ്‌യ്ഡിനുണ്ട്.
പുത്തന്‍ നിറം ചേര്‍ത്തെങ്കിലും മഹീന്ദ്ര ഥാറിന്റ ഫീച്ചറുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല, 7-ഇഞ്ച് ടച്ച്സ്‌ക്രീന്‍, മാനുവല്‍ എസി, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഇപ്പോഴും ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഫീച്ചര്‍ ലിസ്റ്റിലുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

2.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ ഥാര്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 151 PS പവറും 300 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 132 PS പവറും 300 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിനും 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്.
റിയര്‍-വീല്‍ ഡ്രൈവ് (RWD) മോഡലിന് 118 PS പവറും 300 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതേസമയം ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനിലും വരുന്നു.

മഹീന്ദ്ര ഥാര്‍ AX (O), LX എന്നിങ്ങനെ രണ്ട് വിശാലമായ വേരിയന്റുകളില്‍ ലഭ്യമാണ്. 11.35 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. മഹീന്ദ്ര ഥാര്‍ ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നിവയുമായി നേരിട്ട് മത്സരിക്കുന്നു. XUV 3XO എസ്‌യുവിക്ക് ശേഷം ഈ വര്‍ഷത്തെ മഹീന്ദ്രയുടെ അടുത്ത വമ്പന്‍ ലോഞ്ച് ആയിരിക്കും 5-ഡോര്‍ ഥാര്‍.
ഈ വര്‍ഷം ഓഗസ്റ്റ് 15-നായിരിക്കും അരങ്ങേറ്റം. വരാന്‍ പോകുന്ന 5-ഡോര്‍ ഥാറിന് ഥാര്‍ അര്‍മഡ എന്ന് പേര് ലഭിക്കാനാണ് സാധ്യത. തുടക്കം മുതല്‍ തന്നെ ഈ മോഡലിന് ഡീപ് ഫോറസ്റ്റ് കളര്‍ ഓപ്ഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നീളമേറിയ വീല്‍ബേസുമായി വരുന്ന ഈ മോഡലിന് ഈ നിറം കൂടുതല്‍ ശ്രദ്ധേയമായിരിക്കും.


Click it and Unblock the Notifications








