കഴിഞ്ഞിട്ടില്ല ടാറ്റേ, കുറേയുണ്ട് ബാക്കി... മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി ടെസ്റ്റിംഗില്‍
മഹീന്ദ്ര (Mahindra) ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണെന്ന് എല്ലാവര്‍ക്കും അറിയാം. നിലവില്‍ XUV400 ഇലക്ട്രിക് എസ്‌യുവി മാത്രമാണ് മഹീന്ദ്ര വില്‍ക്കുന്നത്. 2025-ല്‍ ഒരുപിടി പുത്തന്‍ ലോഞ്ചുമായി സെഗ്‌മെന്റിലെ ടാറ്റ മോട്ടോര്‍സിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ മഹീന്ദ്ര ആഗ്രഹിക്കുന്നു. പുതിയ കാലത്തെ INGLO പ്ലാറ്റ്ഫോം അധിഷ്ഠിത ഇലക്ട്രിക് എസ്‌യുവികള്‍ സാങ്കേതികത, രൂപകല്‍പ്പന, പെര്‍ഫോമന്‍സ് എന്നിവയുടെ കാര്യത്തില്‍ ലോകോത്തരമാണ്. ഇതില്‍ പെടുന്ന BE 6e, XEV 9e എന്നീ മോഡലുകള്‍ മഹീന്ദ്ര ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ഈ ഇലക്ട്രിക് എസ്‌യുവികള്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു.
തങ്ങളുടെ മോഡല്‍ നിരയിലെ ബെസ്റ്റ് സെല്ലേഴ്‌സായ ചില മോഡലുകളെ വൈദ്യുതിക്കുപ്പായം അണിയിക്കുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതില്‍ പ്രധാനിയാണ് XUV700. മഹീന്ദ്രയുടെ നിലവിലെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് XUV700 (Mahindra XUV700). ഇപ്പോള്‍ കമ്പനി എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായ XEV 7e അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് XEV 7e (Mahindra XRV 7e) ഇലക്ട്രിക് എസ്‌യുവിയുടെ ട്രേഡ്മാര്‍ക്ക് ചിത്രങ്ങളും ചോര്‍ന്നിരുന്നു.

ഇപ്പോള്‍ ടെസ്റ്റിംഗിനിടെ കാര്‍ കര്‍ണാടകയിലെ ബാംഗ്ലൂരില്‍ വെച്ച് ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയാണ് സ്‌പൈ ക്യാമറയില്‍ കുടുങ്ങിയത്. ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് ബമ്പറിന്റെ അറ്റങ്ങളിലായി ആങ്കുലാര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു. കൂടാതെ വശങ്ങളില്‍ സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പരുക്കന്‍ ഫ്രണ്ട് ബമ്പറും കാറിനുണ്ട്.
ഇലക്ട്രിക് കാറിന്റെ വശക്കാഴ്ച XUV700 ഇലക്ട്രിക് എസ്‌യുവിക്ക് സമാനമാണ്. പിന്‍വശത്ത് ഹൊറിസോണ്ടലായി ചെരിഞ്ഞ എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് മൗണ്ടഡ് സ്പോയിലര്‍, സോളിഡ് ബമ്പര്‍ എന്നിവ കാണാം. 3 വരി ഇലക്ട്രിക് എസ്‌യുവിക്ക് ഭീമാകാരമായ ട്രിപ്പിള്‍ ഡിസ്പ്ലേ ലഭിക്കുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചോര്‍ന്ന ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു.

XEV 9e ഇലക്ട്രിക് എസ്‌യുവിയില്‍ ഇതേ യൂണിറ്റാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പാസഞ്ചര്‍ ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുന്നു. പൊതുവെ അള്‍ട്രാ ഹൈ-എന്‍ഡ് ആഡംബര വാഹനങ്ങളിലാണ് ഇത്തരം സവിശേഷത വാഗ്ദാനം ചെയ്യുന്നത്. മുഴുവന്‍ ക്യാബിനിന്റെയും പ്രീമിയം ഫീല്‍ ഉയര്‍ത്താന്‍ ഈ ഒരൊറ്റ ഫീച്ചര്‍ മതി. ഇതിനെല്ലാം പുറമെ മോഡേണ്‍ കാറുകളില്‍ ഉണ്ടായിരിക്കേണ്ട എല്ലാ സവിശേഷതകളും സൗകര്യങ്ങളും മഹീന്ദ്ര ഇതില്‍ ഒരുക്കും.
മെമ്മറി ഫംഗ്ഷനോട് കൂടിയ പവര്‍ഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നിവ പ്രധാന ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്. ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലെന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈം ബീം, കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ് ഫീച്ചറുകളുള്ള ലെവല്‍ 2 ADAS സ്യൂട്ടും നല്‍കിയേക്കാം.

സിംഗിള്‍ മോട്ടോര്‍ RWD, ഡ്യുവല്‍ മോട്ടോര്‍ AWD കോണ്‍ഫിഗറേഷനുകള്‍ ഇതിന് ലഭിക്കും. 59 kWh, 79 kWh ബാറ്ററി പായ്ക്കുകള്‍ ഇവിക്ക് ലഭിച്ചേക്കാം. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 542 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 656 കിലോമീറ്ററും റേഞ്ച് (MIDC) നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് അടുക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും.
ജനുവരിയില്‍ നടക്കാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇവിയുടെ മൂടുപടമഴിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി വരാന്‍ പോകുന്ന ടാറ്റ സഫാരി ഇവിയുമായിട്ടായിരിക്കും ഏറ്റുമുട്ടുക. 21 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് ഈ കാറിന്റെ വില പ്രതീക്ഷിക്കുന്നത്. ഏതായാലും അടുത്ത മാസം മഹീന്ദ്ര ഈ കാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








