ഇതിന് 7 കോടിയാവും! പാകിസ്ഥാന്റെയും മനം കവർന്ന് മഹീന്ദ്ര ഇവികൾ
മഹീന്ദ്ര അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ ബോൺ ഇലക്ട്രിക് XEV 9e, BE 6e ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ വാഹന വിപണിയിൽ ഒരു വലിയ ഓളം തന്നെയാണ് സൃഷ്ടിച്ചത്, ഈ ഓളത്തിന്റെ അലകൾ നമ്മുടെ നാടും കടന്ന് അയൽ രാജ്യങ്ങളിലും എത്തിയിരിക്കുകയാണ്. ഒരു കൺസെപ്റ്റ് കാർ എന്ന പോലെ തോന്നിപ്പിക്കുന്ന വളരെ വ്യത്യസ്തമായ രൂപകൽപ്പനയിൽ എത്തുന്ന BE 6e -യ്ക്കും അല്പം കൂടെ പക്വമായ ശൈലിയിൽ എത്തുന്ന XEV 9e -യ്ക്കും ദേ പാക്കിസ്ഥാനിൽ വരെ വൻ ഫാൻബേസാണ് ഇപ്പോഴുള്ളത്.
അടുത്തിടെ ഒരു പാകിസ്ഥാൻ യൂട്യൂബർ പോസ്റ്റ് ചെയ്ത, XEV 9e, BE 6e എന്നിവയുടെ ഡിസൈനുകളോട് പൊതുജനങ്ങളുടെ പ്രതികരണം കാണിക്കുന്ന വീഡിയോയിൽ നിന്ന് ഇത് വ്യക്തമാണ്. അദ്ദേഹം രണ്ട് വീഡിയോകൾ യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇവ യഥാക്രമം BE 6e, XEV 9e എന്നിവയുടെ രൂപകൽപ്പനയോടുള്ള പാക് ജനതയുടെ പ്രതികരണം കാണിക്കുന്നു.

നമുക്ക് ആദ്യം XEV 9e -ൽ നിന്ന് തുടങ്ങാം. വഴിയിൽ കണ്ട രണ്ട് ആളുകളെ വാഹനത്തിന്റെ ഒരു കുട്ടി റീൽ കാണിക്കുകയും ഇത് ഏത് ബ്രാൻഡിന്റെതാണ് എന്ന് തിരിച്ചറിയാനും വില ഊഹിച്ചു പറയാനും അതിൻ്റെ രൂപകൽപ്പനയെക്കുറിച്ച് ഒരു ഫീഡ്ബാക്ക് നൽകാനും ആവശ്യപ്പെടുന്നതായി കാണാം.
ഇത് ഒരു കൊറിയൻ മോഡൽ ആയിരിക്കാം എന്നാണ് അവരുടെ ആദ്യ മറുപടി. പാക്കിസ്ഥാനിൽ വിറ്റാൽ അവിടുത്തെ നിരക്കിൽ 7.0 - 9.0 കോടിയോളം വില വരുമെന്നും അവർ വീഡിയോയിൽ പറയുന്നു. എന്നിരുന്നാലും, രാജ്യത്തിൻ്റെ മോശം സാമ്പത്തിക ഘടനയാണ് ഇതിന് കാരണം എന്നത് ശ്രദ്ധിക്കണം.
അത് കൂടാതെ ഡോളറിൽ സംസാരിക്കുകയാണെങ്കിൽ ഇത് ഏകദേശം 70,000 ഡോളർ (ഏകദേശം 60 ലക്ഷം ഇന്ത്യൻ രൂപ) ആയിരിക്കും എന്നും അദ്ദേഹം പറയുന്നു. തുടർന്ന് യുട്യൂബർ വാഹനത്തിന്റെ ബ്രാൻഡും അതിനു ശേഷം വിലയും വ്യക്തമാക്കുന്നു. 21.9 ലക്ഷം എന്ന് കേൾക്കുമ്പോൾ രണ്ടുപേരും ഞെട്ടിപ്പോയി, ഇത്രയും ഫീച്ചറുകളുമായി എത്തുന്ന കാർ വളരെ താങ്ങാനാവുന്നതാണെന്നത് അവര അതിശയിപ്പിക്കുന്നതായി നമുക്ക് കാണാം.
വീഡിയോയിൽ പിന്നീട് കാണിക്കുന്ന മറ്റൊരാൾ, ഈ കാർ ഏതെങ്കിലും അമേരിക്കൻ അല്ലെങ്കിൽ ബ്രിട്ടീഷ് കമ്പനി നിർമ്മിച്ചതാവും എന്ന് പറയുന്നു. അതോടൊപ്പം മഹീന്ദ്ര ഥാർ ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർ എന്നും അവരിൽ ഒരാൾ പറയുന്നു. മികച്ച കാറുകൾ നിർമ്മിക്കുന്നതിലും അവയ്ക്ക് കൃത്യമായ വില നിശ്ചയിക്കുന്നതിലും പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപന്തിയിലാണ് എന്ന് ഇവർ എല്ലാവരും തന്നെ ഏകകണ്ഠമായി സമ്മതിക്കുന്നു.
വിലനിർണ്ണയത്തിൽ ഇവരും ഞെട്ടി എന്ന് കാണാം. വാഹനത്തിൻ്റെ വിലയിൽ വിശ്വസിക്കാൻ അവർ വിസമ്മതിക്കുകയും ഇത് കൂടുതൽ ചെലവേറിയതായിരിക്കും എന്ന് വീണ്ടും പറയുകയും ചെയ്യുന്നു. പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയും വാഹന വിപണിയും എങ്ങനെ അടിസ്ഥാനപരമായി നിലകൊള്ളുന്നു എന്ന നമുക്ക് ഇതിൽ കാണാം. അതോടൊപ്പം വാഹനങ്ങളുടെ വിലയും വേണ്ടത്ര ന്യായമല്ല എന്നും വീഡിയോ സംസാരിക്കുന്നു.
രണ്ടാമത്തെ വീഡിയോയിൽ, വ്ലോഗർ ആളുകളെ കാണിക്കുന്നത് BE 6e എന്ന മോഡലാണ്. വീഡിയോയിൽ കാണിച്ചിരിക്കുന്ന ആളുകൾ വാഹനത്തിന്റെ ഡിസൈൻ കണ്ട് ആശ്ചര്യപ്പെടുകയും അതിനെ പ്രശംസിക്കുകയും ചെയ്യുന്നത് നമുക്ക് വ്യക്തമായി കാണാം. 18.9 ലക്ഷം രൂപയാണ് BE 6e -യുടെ എക്‌സ്-ഷോറൂം വില. ഇതും പാക് ജനതയ്ക്ക് വലിയ ഞെട്ടലുണ്ടാക്കുന്നതായി വീഡിയോയിൽ കാണാനാവും.
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാൻ ഇപ്പോഴും അവികസിതമാണ് എന്നും, ദുർബലമായ നേതൃത്വവും നയരൂപീകരണവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നും ജനങ്ങൾക്ക് ബോധ്യമുണ്ട് എന്ന് വീഡിയോയിൽ നിന്ന് നമുക്ക് മനസിലാക്കാം. ഇന്ത്യയുടെ നേട്ടത്തേയും വാഹന വിപണിയേയും ബ്രാൻഡുകളേയും അവർ ആരാധനയോടെ നോക്കി കാണുന്നതും ഇതിൽ നിന്ന് വ്യക്തമാണ്.


Click it and Unblock the Notifications








