നെക്‌സോണിന്റെ കച്ചോടം കുറച്ച കാര്‍ ഇലക്ട്രിക്കാകുന്നു! തരംഗമായി ആദ്യ സ്‌പൈ ചിത്രങ്ങള്‍
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇപ്പോള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഇവികള്‍ പുറത്തിറക്കാന്‍ പോകുകയാണ്. പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ദിവസം പുത്തന്‍ കര്‍വ് കൂപ്പെ എസ്‌യുവി പുറത്തിറക്കി തങ്ങളുടെ ഇലക്‌രടിക് പോര്‍ട്‌ഫോളിയോ വലുതാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ XUV400 ഇവിയാണ് ഇവി വിപണിയിലെ മഹീന്ദ്രയുടെ ഏക പോരാളി. ടാറ്റ അനുദിനം കാര്‍ നിര വിപുലീകരിക്കുമ്പോള്‍ സ്വാഭാവികമായും മഹീന്ദ്രക്ക് നോക്കിനില്‍ക്കാന്‍ സാധിക്കില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചതായാണ് തോന്നുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ വില്‍പ്പനയ്ക്കെത്തിയ XUV 3XO സബ് 4 മീറ്റര്‍ എസ്‌യുവിയെ ഇലക്ട്രിക് അവതാരത്തില്‍ കൊണ്ടുവരാനാണ് പ്ലാന്‍. പുതിയ മഹീന്ദ്ര XUV3XO ഇവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു. ആദ്യമായാണ് ഈ കാര്‍ ക്യാമറക്കണ്ണില്‍ പതിയുന്നത്. മഹീന്ദ്ര XUV 3X0-യുടെ ഐസി എഞ്ചിന്‍ പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് കാറിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഐസിഇ പതിപ്പില്‍ നിന്ന് മിക്ക ഘടകങ്ങളും കടംകൊള്ളുമെങ്കിലും ഇവി അനുസൃത മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. സ്‌പൈ ചിത്രങ്ങളില്‍ കാണുന്നത് പ്രോട്ടോടൈപ്പ് മാത്രമായതിനാല്‍ പ്രൊഡക്ഷന്‍ പതിപ്പിന് ഏറെ മാറ്റങ്ങള്‍ ഉണ്ടാകും. XUV3XO ഐസിഇ പതിപ്പുകളില്‍ കാണപ്പെട്ട അതേ ഹെഡ്ലാമ്പ് സജ്ജീകരണവും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ ഇലക്ട്രിക് കാറിലുണ്ട്. എന്നാല്‍ ഇലക്ട്രിക് കാറിന് എക്‌സ്‌ക്ലൂസീവായി എയ്‌റോ വീലുകള്‍ നല്‍കിയേക്കാം.
പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ആകര്‍ഷകമായ ബാഡ്ജിംഗ്, ബമ്പറുകള്‍ എന്നിവയും ഇതിന് ലഭിക്കും. പുതിയ XUV3XO ഇവിയുടെ നീളം മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ XUV400-യേക്കാള്‍ 200 mm കുറവായിരിക്കും. കൂടാതെ ബൂട്ട് സ്‌പേസും ചെറുതായിരിക്കും. മഹീന്ദ്ര XUV 400 ഇവി 34.5 kWh, 39.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്.

ചെറിയ ബാറ്ററി പായ്ക്ക് 375 കിലോമീറ്റര്‍ വരെ റേഞ്ച് പറയുന്നു. അതേ സമയം വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 456 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. വരാനിരിക്കുന്ന XUV3XO ഇവിയുടെ പവര്‍ട്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമല്ല. നിലവില്‍ XUV400 ഇവിയുടെ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ട്വീക്ക് ചെയ്ത് പുതിയ കാറില്‍ നല്‍കാന്‍ സാധ്യതയുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകളിലായിരിക്കും ഈ കാര്‍ ഓഫര്‍ ചെയ്‌തേക്കുക. മഹീന്ദ്ര XUV3XO ഇവിക്ക് AC, DC ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ ലഭിക്കും, XUV400 ഇവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുത്തന്‍ കാറിന് രണ്ട് ലക്ഷം രൂപ വരെ കുറവായിരിക്കും. 15.49 ലക്ഷം മുതല്‍ 19.39 ലക്ഷം രൂപ വരെയാണ് നിലവില്‍ XUV400 ഇവിയുടെ വില.
മഹീന്ദ്ര XUV 3XO ഇവി ടാറ്റ നെക്‌സോണ്‍ ഇവിക്ക് ഒത്ത എതിരാളിയായിരിക്കും. ചേട്ടനായ XUV400-ക്ക് സാധിക്കാത്തത് XUV 3XO ഇവിയിലൂടെ നേടിയെടുക്കാമെന്നാണ് മഹീന്ദ്ര കരുതുന്നത്. 14.49 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.
മഹീന്ദ്ര XUV 3XO എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ മഹീന്ദ്ര സമീപകാലത്ത് പുറത്തിറക്കിയ ഹിറ്റ് കാര്‍ മോഡലാണ് ഇത്. XUV300 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിമുടി ഉടച്ച് വാര്‍ത്തതിനൊപ്പം കമ്പനി പുത്തന്‍ പേരും സമ്മാനിക്കുകയായിരുന്നു. ഈ കാറില്‍ അഞ്ച പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. 10.25 ഇഞ്ച് ഡ്യുവല്‍ ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വിവിധ ഫീച്ചറുകള്‍.
സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ പനോരമിക് സണ്‍റൂഫ് ഓഫര്‍ ചെയ്യുന്ന ആദ്യ കാറാണ് മഹീന്ദ്ര XUV 3XO. യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷയൊരുക്കുന്നതിനായി 6 എയര്‍ബാഗുകള്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), 360 ഡിഗ്രി ക്യാമറ എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ TGDI ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. വേരിയന്റുകള്‍ക്ക് അനുസരിച്ച് എസ്‌യുവി ലിറ്ററിന് 17.96 മുതല്‍ 21.2 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.7.49 ലക്ഷം മുതലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 15.49 ലക്ഷം രൂപയാണ്. എക്‌സ് ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








