ഇത് അഹങ്കാരമല്ല കോണ്‍ഫിഡന്‍സാണെന്ന് മഹീന്ദ്ര! എല്ലാരും കുറയ്ക്കുമ്പോള്‍ ഈ കാറിന്റെ വില കൂട്ടി
ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താന്‍ കാര്‍ കമ്പനികള്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്നതിനിടെ ആരെങ്കിലും കാറിന്റെ വില കൂട്ടാന്‍ തയാറാകുമോ?. എന്നാല്‍ ഇത് തങ്ങളുടെ അഹങ്കാരമല്ല കോണ്‍ഫിഡന്‍സാണെന്ന് പറഞ്ഞ് ഹിറ്റ് മോഡലുകളില്‍ ഒന്നിന്റെ വില കൂട്ടാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് മഹീന്ദ്ര. സൂപ്പര്‍ ഹിറ്റ് മോഡലായ XUV 3X0 എസ്‌യുവിക്ക് ഈ മാസം ആദ്യ വില വര്‍ധനവ് ലഭിക്കുമെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിലവര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്. സബ് 4 മീറ്റര്‍ എസ്‌യുവിക്ക് എത്ര രൂപയാണ് കൂടിയതെന്നും ഏതൊക്കെ വേരിയന്റുകളെ വില വര്‍ധനവ് ബാധിച്ചിട്ടുണ്ടെന്നും ചുവടെ വിശദമായി വായിക്കാം.
മഹീന്ദ്ര അതിന്റെ എസ്‌യുവികളുടെ നിരയില്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ജനപ്രിയ മോഡലിന്റെ വില വര്‍ധിപ്പിക്കാന്‍ മഹീന്ദ്ര ധൈര്യപ്പെട്ടത്. കഴിഞ്ഞ മാസം ടാറ്റ മോട്ടോര്‍സിനെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര മാറിയിരുന്നു. മഹീന്ദ്രയുടെ വില്‍പ്പന വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്‌വഹിച്ച മോഡലുകളില്‍ ഒന്ന് കൂടിയാണ് XUV 3XO.

സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV300-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ XUV 3XO വമ്പന്‍ അപ്‌ഡേറ്റുകളോടെ ഈ വര്‍ഷം ഏപ്രിലിലാണ് പുറത്തിറങ്ങിയത്. വിപണിയില്‍ എത്തി 5 മാസത്തിന് ശേഷം കാറിന് ആദ്യ വില വര്‍ധനവ് ലഭിച്ചിരിക്കുകയാണ്. വില വര്‍ധനവ് തെരഞ്ഞെടുത്ത വേരിയന്റുകളില്‍ ബാധകമാണ്. 30000 രൂപ വരെയാണ് കാറിന് ഇനി അധികം മുടക്കേണ്ടത്. ആദ്യം നമുക്ക് എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകളുടെ വില വര്‍ധനവ് നോക്കാം.
MX1 1.2 പെട്രോള്‍ MT, AX5 1.2 പെട്രോള്‍ AT, MX2 1.2 പെട്രോള്‍ MT, AX5 1.2 പെട്രോള്‍ MT പതിപ്പുകള്‍ക്ക് 30,000 രൂപ വരെ കൂടി. MX3 1.2 പെട്രോള്‍ AT, AX5L 1.2 പെട്രോള്‍ MT, AX5L 1.2 പെട്രോള്‍ AT, MX2 പ്രോ 1.2 പെട്രോള്‍ MT, MX3 1.2 പെട്രോള്‍ MT, MX2 പ്രോ 1.2 പെട്രോള്‍ AT എന്നിവയ്ക്ക് ഇനി മുതല്‍ 25000 രൂപ അധികം മുടക്കണം.

ഡീസല്‍ വേരിയന്റുകള്‍ക്ക് 10000 രൂപയാണ് കൂടിയിരിക്കുന്നത്. MX2 പ്രോ 1.5 ഡീസല്‍ MT, MX3 1.5 ഡീസല്‍ MT, MX3 1.5 ഡീസല്‍ AMT, AX5 1.5 ഡീസല്‍ MT, AX5 1.5 ഡീസല്‍ AMT വേരിയന്റുകളെയാണ് വില വര്‍ധനവ് ബാധിച്ചത്. മറ്റ് വേരിയന്റുകളുടെയും വിലയില്‍ മാറ്റമില്ല.
വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ MX1 1.2 പെട്രോള്‍ MT വേരിയന്റിന്റെ വില 7.79 ലക്ഷം രൂപയായി. ടോപ് എന്‍ഡ് AX7L 1.2 പെട്രോള്‍ AT വേരിയന്റിന് 15.49 ലക്ഷം രൂപയാണ് ഇനി മുതല്‍ മുടക്കേണ്ടി വരിക. വില പരിഷ്‌കരിച്ചതല്ലാതെ മഹീന്ദ്ര XUV3XO എസ്‌യുവിയില്‍ മറ്റ് മാറ്റങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. ഒമ്പത് വേരിയന്റുകളിലും എട്ട് കളര്‍ ഓപ്ഷനുകളിലുമാണ് ഈ കാര്‍ ഓഫര്‍ ചെയ്യുന്നത്.
XUV300-യില്‍ ഉണ്ടായിരുന്ന അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് കോംപാക്ട് എസ്യുവിക്ക് തുടിപ്പേകുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ 6 സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. എസ്‌യുവിയുടെ ഡീസല്‍ എഎംടി വേരിയന്റ് ലിറ്ററിന് 21.20 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫ്രീ-സ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംപ്ലിഫയറും സബ്വൂഫറും ഉള്ള പ്രീമിയം 7 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, തുടങ്ങി നിരവധി സൗകര്യങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്.

സെഗ്മെന്റിൽ ആദ്യമായി പനോരാമിക് സൺറൂഫ് കൊണ്ടുവന്നത് ഈ മോഡലിലാണ് 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, 4 ഡിസ്‌ക് ബ്രേക്കുകള്‍, ലെവല്‍ 2 ADAS എന്നിവയാണ് സേഫ്റ്റി കിറ്റിലുള്ളത്. മാരുതി ബ്രെസ (8.34 ലക്ഷം രൂപ), ടാറ്റ നെക്‌സോണ്‍ (8 ലക്ഷം രൂപ), ഹ്യുണ്ടായി വെന്യു (7.49 ലക്ഷം രൂപ മുതല്‍), കിയ സോനെറ്റ് (7.99 ലക്ഷം രൂപ മുതല്‍) തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് പോരടിക്കുന്നത്.


Click it and Unblock the Notifications








