പുതിയ എസ്‌യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്‍ക്കാന്‍ പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
കഴിവുറ്റ ഒരു സബ് 4 മീറ്റര്‍ എസ്‌യുവി ആയിരുന്നിട്ടും ഇന്ത്യക്കാര്‍ കാര്യമായി ഗൗനിക്കാതിരുന്ന ഒരു മോഡലായിരുന്നു മഹീന്ദ്ര XUV300. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യൂ എന്നീ ജനപ്രിയര്‍ക്കിടയില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ മോഡലിനായില്ല. എന്നാല്‍ ഈ മാസം 29-ന് എസ്‌യുവിയെ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കാന്‍ പോകുകയാണ് മഹീന്ദ്ര.
വരാന്‍ പോകുന്ന കാറിനെ കുറിച്ചുള്ള ഹൈപ്പുയര്‍ത്തുന്ന തരത്തില്‍ കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകളായി കൃത്യമായ ഇടവേളകളില്‍ മഹീന്ദ്ര ഓരോരോ ടീസറുകള്‍ പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ കാറിന്റെ ഇന്റീരിയറും സണ്‍റൂഫുമടക്കം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എസ്‌യുവിയുടെ ഇന്ധനക്ഷമത കണക്കും ആക്‌സിലറേഷനും വെളിപ്പെടുത്തുന്ന പുത്തന്‍ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ DI പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ ആയിരിക്കും മഹീന്ദ്ര 3XO എസ്‌യുവിയിലും തുടര്‍ന്നും സേവനമനുഷ്ടിക്കുക. ഇതിന്റെ പവര്‍ഔട്ട്പുട്ടുകള്‍ മാറ്റമില്ലാതെ തുടരും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടായിരിക്കും എസ്‌യുവി വരിക. അതേസമയം DI പെട്രോള്‍ എഞ്ചിനോടൊപ്പം പുതിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ടീസറില്‍ നിന്ന് പുതിയ മഹീന്ദ്ര XUV 3XO എസ്‌യുവി ലിറ്ററിന് 20.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കാണിക്കുന്നത്. എസ്‌യുവി പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാകുമെന്നതിനാല്‍ ഡീസല്‍ പതിപ്പിന്റെ മൈലേജ് ആയിരിക്കാം ഇത്. മാത്രമല്ല പുതിയ XUV3XO-യില്‍ 'സിപ്പ്-സാപ്പ്-സൂം' ഡ്രൈവിംഗ് മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സൂചനകള്‍ ടീസറില്‍ കാണാം. ഡൈനാമിക് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് നല്‍കുന്നതിനായാണ് എക്കോ (സിപ്), കംഫര്‍ട്ട് (സാപ്), സ്പോര്‍ട്ട് (സൂം) മോഡുകള്‍ അവതരിപ്പിക്കുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് കഴിയുമെന്നും ടീസര്‍ കൂട്ടിച്ചേര്‍ക്കുന്നു. മുന്‍നിര എസ്‌യുവിയായ XUV700-യിലാണ് കമ്പനി ആദ്യമായി ഡ്രൈവിംഗ് മോഡുകള്‍ കൊണ്ടുവന്നത്. ആക്‌സിലറേഷന്‍ റണ്‍ സമയത്ത് ഡാഷ്ബോര്‍ഡ് ഡിസ്‌പ്ലേയില്‍ സാപ് മോഡ് പ്രദര്‍ശിപ്പിച്ചതിനാല്‍ എസ്‌യുവിയില്‍ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് നമുക്ക് അനുമാനിക്കാം.
മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ലൈനപ്പില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള പുത്തന്‍ ഡിസൈന്‍ ഭാഷയാകും ഈ മോഡലില്‍ മഹീന്ദ്ര സ്വീകരിക്കുകയെന്ന് മുന്‍ ടീസറുകളില്‍ നിന്ന് വ്യക്തമായിരുന്നു. വ്യതിരിക്തമായ ഗ്രില്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ഇന്‍വെര്‍ട്ടഡ് 'C'ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഡ്യുവല്‍ ബാരല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍ എന്നിവയായിരിക്കും പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

മാത്രമല്ല പുതിയ എസ്‌യുവിയില്‍ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുമെന്ന് ടീസറുകളില്‍ നിന്ന് മനസ്സിലായിരുന്നു. ഔട്ട്ഗോയിംഗ് മോഡലിന്റെ ക്യാബിന്‍ കാലഹരണപ്പെട്ടതാണ് എതിരാളികളോടുള്ള പോരാട്ടത്തില്‍ XUV300 പിന്നാക്കം പോകാനുണ്ടായ ഒരു കാരണം. എന്നാല്‍ XUV 400-യുടെ ഇന്റീരിയര്‍ പരിഷ്‌കാരങ്ങളോടെ അവതരിപ്പിക്കുന്നതിനാല്‍ പരാതികള്‍ തീരും. ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡാഷ്ബോര്‍ഡ് തീം, HVAC വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് വീല്‍, സ്റ്റോറേജ് പോക്കറ്റുകള്‍, സീറ്റുകള്‍ എന്നിവ ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കും.
സെഗ്മെന്റ്-ഫസ്റ്റ് പനോരമിക് സണ്‍റൂഫിന്റെ സാന്നിധ്യമാണ് ക്യാബിനിലെ പ്രധാന ഹൈലൈറ്റ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഫ്രീസ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, 7-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ, 7 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS എന്നീ ഫീച്ചറുകള്‍ പുതിയ മോഡലില്‍ കാണാം.
മഹീന്ദ്ര XUV 3XO-യുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് മറ്റ് മോഡലുകള്‍ക്കായുള്ള അവരുടെ നിലവിലുള്ള ബുക്കിംഗുകള്‍ XUV 3XO-ലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സൗകര്യവും മഹീന്ദ്ര ഒരുക്കുന്നുണ്ട്. അപ്‌ഡേറ്റഡ് ഡിസൈനും ഫീച്ചര്‍ റിച്ച് ക്യാബിനുമായി വരുന്ന പുതിയ മഹീന്ദ്ര 3X0 എതിരാളികളുമായുള്ള മത്സരം കടുപ്പിക്കും.


Click it and Unblock the Notifications








