21 കി.മീ മൈലേജുള്ള എസ്‌യുവി വാങ്ങാൻ വരിനിന്ന് 'കുഴങ്ങും'! എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് കസ്റ്റമേഴ്‌സ്
സമീപകാലത്തായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ എസ്‌യുവികള്‍ എല്ലാം കമ്പനിയുടെ സല്‍പ്പേര് കാത്ത്‌സൂക്ഷിച്ച് പോരുന്നുണ്ട്. കഴിവുറ്റ ഒരു വാഹനമായിരുന്നിട്ടും. XUV300 എന്ന മോഡലിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതിരുന്നത് ആഭ്യന്തര വാഹന നിര്‍മാതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ അടിമുടി മാറ്റങ്ങളോടെ മോഡലിനെ XUV 3XO എന്ന് പേരുമാറ്റി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചതോടെ കഥ മാറി. പലപ്പോഴും സെഗ്‌മെന്റില്‍ ഒന്നാം സ്ഥാനക്കാരായി വിലസിയ ടാറ്റ നെക്‌സോണിനെ വരെ XUV 3XO-യുടെ വരവ് ബാധിച്ചു. വില്‍പ്പന തിരിച്ച് പിടിക്കാനായി നെക്‌സോണ്‍ ഇപ്പോള്‍ ഓഫറില്‍ വിറ്റഴിക്കുകയാണ്.
അരമണിക്കൂറിനുള്ളില്‍ 50000 ബുക്കിംഗ് നേടി മഹീന്ദ്രയെ വരെ ഞെട്ടിച്ച സബ് കോംപാക്ട് എസ്‌യുവി വില്‍പ്പന ചാര്‍ട്ടുകളും വിറപ്പിക്കുകയാണ്. അപ്‌ഡേറ്റിന് മുമ്പ് മഹീന്ദ്ര XUV300 പ്രതിമാസം നേടിക്കൊണ്ടിരുന്നത് ശരാശരി 4000 യൂണിറ്റ് വില്‍പ്പനയായിരുന്നു. എന്നാല്‍ ഡിമാന്‍ഡ് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ മഹീന്ദ്ര XUV 3XO ഓരോ മാസവും നേടുന്ന വില്‍പ്പന പ്രതിമാസം ശരാശരി 9000 മുതല്‍ 10000 യൂണിറ്റുകള്‍ വരെയാണ്.

ഡിമാന്‍ഡ് കൂടിയതോടെ മോഡലിന്റെ കാത്തിരിപ്പ് കാലയളവും കുത്തനെ കൂടിയിട്ടുണ്ട്. നിങ്ങള്‍ ഒരു മഹീന്ദ്ര XUV 3XO വാങ്ങാന്‍ പദ്ധതിയിടുന്ന ആളാണെങ്കില്‍ ഓരോ വേരിയന്റും കൈയ്യില്‍ കിട്ടാന്‍ എത്ര ദിവസം കാത്തിരിക്കണമെന്ന വിവരം ഞങ്ങളുടെ പക്കലുണ്ട്. എസ്‌യുവിയുടെ ബേസ് MX1 പെട്രോള്‍ വേരിയന്റിന് ആറ് മാസം വരെയുള്ള ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് ഉണ്ട്. എന്നിരുന്നാലും, ഈ വേരിയന്റിന്റെ ഉല്‍പ്പാദനം കുറവാണ്.
ടോപ് സ്‌പെക്ക് AX5 L, AX7, AX7 L പെട്രോള്‍ വേരിയന്റുകള്‍ ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ലഭ്യമാണ്. മിഡ്-സ്‌പെക്ക് AX5 ട്രിം ബുക്ക് ചെയ്താല്‍ ഡെലിവറിയാകാന്‍ ഏകദേശം നാല് മാസം വരെ കാത്തിരിക്കണം. MX2/ MX2 പ്രോ, MX3/MX3 പ്രോ വേരിയന്റുകള്‍ക്ക് മൂന്ന് മുതല്‍ നാല് മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. മഹീന്ദ്ര XUV 3XO-യുടെ എല്ലാ ഡീസല്‍ വേരിയന്റുകള്‍ക്കും ഒരു മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്.

നിലവില്‍ 7.49 ലക്ഷം രൂപയാണ് മഹീന്ദ്ര XUV 3XO-യുടെ പ്രാരംഭ വില. അതേ സമയം ടോപ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. പണത്തിനൊത്ത മൂല്യം നല്‍കുന്ന കാര്‍ ആയതിനാല്‍ ഓരോ മാസവും എസ്‌യുവിക്ക് 20,000 പുതിയ ബുക്കിംഗുകള്‍ ലഭിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വില്‍പ്പന, ബുക്കിംഗ് കണക്കുകള്‍ ഈ കാര്‍ എത്രത്തോളം ജനപ്രിയമാണെന്ന് കാണിക്കുന്നു.
10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെവല്‍ 2 ADAS, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഹാര്‍മോണ്‍ കാര്‍ട്ടണ്‍ ഓഡിയോ സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളോടെയാണ് മഹീന്ദ്ര XUV 3XO എത്തുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ കാര്‍ വരുന്നത്.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് കോംപാക്ട് എസ്യുവിക്ക് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്. മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത.
ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡീസല്‍ എഎംടി ആണെങ്കില്‍ 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടും. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കില്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് മഹീന്ദ്ര പറയുന്നത്.
6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, EBD സഹിതമുള്ള എബിഎസ് എന്നിവ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഉണ്ട്. അതുകൊണ്ട് സേഫ്റ്റിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ ടാറ്റ നെക്‌സോണില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നവീകരിച്ച ഡിസൈനും നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തിയ XUV 3XO ഏതായാലും എതിരാളികളായ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ എന്നിവയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.


Click it and Unblock the Notifications








