7 പേര്‍ക്ക് സുഖയാത്ര, അഡാര്‍ സേഫ്റ്റിയുള്ള എസ്‌യുവി 1.5 ലക്ഷം രൂപ കുറവില്‍ വിറ്റഴിച്ച് മഹീന്ദ്ര
ഇന്ത്യന്‍ കാര്‍ വിപണിയിലെ ജനപ്രിയ മോഡലായിരുന്ന XUV500-യുടെ പിന്‍ഗാമിയായി എത്തിയ മോഡലായിരുന്നു മഹീന്ദ്ര XUV700. ട്രെന്‍ഡിംഗ് ഫീച്ചറുകളും മികച്ച യാത്രസുഖത്തിനും പേരുകേട്ട ഈ എസ്‌യുവി ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കാര്‍ മോഡലുകളില്‍ ഒന്നാണ് ADAS ഫീച്ചര്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗാക്കിയ ഈ എസ്‌യുവി വാങ്ങാന്‍ ഒരു സമയത്ത് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായിരുന്നു. പുതുവര്‍ഷം ആരംഭിച്ച് ആറ് മാസത്തിന് ശേഷവും മഹീന്ദ്രയ്ക്ക് MY2023 സ്‌റ്റോക്കുകള്‍ ഇനിയും വിറ്റുതീര്‍ക്കാനുണ്ട്. നിങ്ങള്‍ ഓഫറില്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ മഹീന്ദ്ര XUV700 ഇപ്പോള്‍ മികച്ച ഡീലില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
മഹീന്ദ്ര ഇപ്പോള്‍ തങ്ങളുടെ യാര്‍ഡില്‍ അവശേഷിക്കുന്ന MY23 സ്റ്റോക്കിന് വന്‍ കിഴിവുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 2023-ല്‍ XUV700 എസ്‌യുവിക്ക് പുറമേ 2023-ല്‍ നിര്‍മ്മിച്ച XUV400 ഇവി, സ്‌കോര്‍പിയോ N തുടങ്ങിയ മോഡലുകള്‍ക്കും ഈ മാസം ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് മഹീന്ദ്ര. MY2023 മഹീന്ദ്ര XUV700 എസ്‌യുവി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എത്ര രൂപ ലാഭിക്കാം എന്ന് പറഞ്ഞുതരാം.

മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700-ക്ക് മെയ് മാസത്തില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന അതേ കിഴിവുകള്‍ ലഭിക്കുന്നു. XUV700-ന്റെ എല്ലാ വേരിയന്റുകള്‍ക്കും 1.5 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഡീസല്‍-എംടി, ഡീസല്‍-എടി, പെട്രോള്‍-എംടി രൂപത്തിലുള്ള AX5 7-സീറ്റര്‍ വേരിയന്റിന് 1.3 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. കിഴിവുകള്‍ ഓരോ നഗരത്തിനും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.
അതുകൊണ്ട് XUV700 എസ്‌യുവിയുടെ കൃത്യമായ ഡിസ്‌കൗണ്ട് കണക്കുകള്‍ അറിയാന്‍ നിങ്ങളുടെ തൊട്ടടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. മഹീന്ദ്ര XUV700-ന്റെ വില 13.99 ലക്ഷം മുതല്‍ 27.14 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. തുടക്കത്തില്‍ പറഞ്ഞത് പോലെ 12 മാസത്തിലധികം നീണ്ടുനിന്നിരുന്ന എസ്യുവിയുടെ കാത്തിരിപ്പ് കാലാവധി ഒരു പാദത്തില്‍ പകുതിയായി കുറയ്ക്കാന്‍ മഹീന്ദ്ര കഠിനമായി പരിശ്രമിച്ചിരുന്നു.

തങ്ങള്‍ XUV700 എസ്‌യുവിയുടെ ഏകദേശം 16,000 ഓര്‍ഡറുകള്‍ മാത്രമാണ് കൊടുത്തു തീര്‍ക്കാനുള്ളതെന്ന് കഴിഞ്ഞ മാസം മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. ഒരു പാദം കൊണ്ട് പെന്‍ഡിംഗ് ഓര്‍ഡറുകള്‍ പകുതിയായി കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. നിലവില്‍ XUV700 എസ്‌യുവിക്ക് പ്രതിമാസം ശരാശരി 8,000 ബുക്കിംഗുകള്‍ കമ്പനിക്ക് ലഭിക്കുന്നു. മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഏതാണ്ട് എല്ലാ വേരിയന്റുകളും ഇപ്പോള്‍ വെറും ഒരു മാസത്തിനുള്ളില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനിക്ക് സാധിക്കുന്നു.
എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് AX7 L ട്രിമ്മിന് ഒന്നര മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. എസ്‌യുവിയുടെ വില്‍പ്പന ഇനിയും ഉയര്‍ത്തുന്നതിനായി ബ്രാന്‍ഡ് അടുത്തിടെ മിഡ്-സ്‌പെക്ക് AX5 സെലക്ട് 7-സീറ്റര്‍ വേരിയന്റ്, ഒരു പുതിയ എന്‍ട്രി ലെവല്‍ MX 7-സീറ്റര്‍ ട്രിം എന്നിവ അവതരിപ്പിച്ചിരുന്നു. MX എന്നറിയപ്പെടുന്ന വേരിയന്റ് പുറത്തിറക്കിക്കൊണ്ട് മഹീന്ദ്ര XUV700 എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പിനെ കൂടുതല്‍ താങ്ങാനാവുന്നതാക്കുകയായിരുന്നു.

15 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില മുടക്കിയാല്‍ ഡീസല്‍ എഞ്ചിനിനൊപ്പം പുതിയ XUV700 7 സീറ്റര്‍ പോര്‍ച്ചിലെത്തിക്കാന്‍ സാധിക്കും. എസ്‌യുവിയുടെ നിലവിലുണ്ടായിരുന്ന 7 സീറ്റര്‍ ബേസ് AX3 മോഡലിനേക്കാള്‍ 3 ലക്ഷം രൂപയോളമാണ് കുറച്ച് മുടക്കിയാല്‍ മതി ഇതിന്. താരതമ്യേന താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന A5 വേരിയന്റും കഴിഞ്ഞ മാസം മഹീന്ദ്ര XUV700 എസ്‌യുവിക്ക് സമ്മാനിച്ചിരുന്നു.
16.89 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. AX5 സെവന്‍ സീറ്റര്‍ ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള ഡീസല്‍, പെട്രോള്‍ എഞ്ചിനുകളില്‍ ഈ പുതിയ വേരിയന്റ് ലഭ്യമാകും. മാനുവല്‍ പതിപ്പുകളേക്കാള്‍ 1.60 ലക്ഷം രൂപ മാത്രമാണ് ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് വില അധികം വരുന്നത്.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സൗണ്ട് സ്റ്റേജിംഗ് ഉള്ള ആറ് സ്പീക്കറുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ ആന്‍ഡ്രിനോക്‌സ് സിസ്റ്റം, ആമസോണ്‍ അലക്സ ബില്‍റ്റ് ഇന്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഫുള്‍ സൈസ് വീല്‍ കവര്‍ എന്നീ ഫീച്ചറുകളാണ് A5 സെലക്ട് വേരിയന്റില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.
സ്‌കൈറൂഫ് എന്ന് മഹീന്ദ്ര വിളിക്കുന്ന ഡ്യുവല്‍ പാനല്‍ പനോരമിക് സണ്‍റൂഫാണ് XUV700 എസ്‌യുവിയുടെ അകത്തളത്തിലെ പ്രധാന ആകര്‍ഷണം. മഹീന്ദ്ര XUV700 ടോപ്പ് എന്‍ഡ് ഫീച്ചറുകളില്‍ ആഗ്രഹിക്കുകയും എന്നാല്‍ അത്രയും പണം മുടക്കാന്‍ ഇല്ലാത്തവരെയും വിടാതെ പിടിക്കാനാണ് ഈ വേരിയന്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








